തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ഇന്നലെ അർധ രാത്രിയോടെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാര്‍ച്ച് 23-നാണ് ഇയാളെ കൊറോണ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്ന ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മർദവും തൈറോയ്ഡിന്റെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കൂടാതെ, കൊറോണ വൈറസ് ചികിത്സയ്ക്കിടെ ഇയാളുടെ വൃക്കകള്‍ തകരാറിലായതിനാല്‍ ഡയാലിസിസ് നടത്തിയിരുന്നു.

ഇയാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യപരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നുവെങ്കിലും രണ്ടാം പരിശോധനയില്‍ കോവിഡ്-19 പോസിറ്റീവായി.

Read Also: വിവാഹവും മരണാനന്തര ചടങ്ങുമുൾപ്പടെ നിരവധി പൊതുപരിപാടികൾ; മരിച്ച കോവിഡ് രോഗിയുടെ റൂട്ട് മാപ്പ്

ഇയാള്‍ വിദേശത്ത് നിന്ന് തിരിച്ചത്തിയതല്ലെന്നും വിദേശത്തുനിന്നും തിരിച്ചെത്തിയവരുമായി സമ്പര്‍ക്കത്തില്‍ വന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇയാള്‍ പങ്കെടുത്ത രണ്ട് വിവാഹ ചടങ്ങുകളില്‍ ഒരു കാസര്‍ഗോഡ് സ്വദേശിയും ഒരു ചെന്നൈ സ്വദേശിയും പങ്കെടുത്തതായി വിവരമുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വേങ്ങോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ച് എത്തിയ ഇയാള്‍ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വച്ചാണ് കൊറോണ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തിലെ കോവിഡ് ബാധിച്ചുളള ആദ്യ മരണം കഴിഞ്ഞയാഴ്ച എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശത്തുനിന്നും തിരിച്ചെത്തിയ വയോധികനാണ് രോഗബാധ മൂലം മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.