scorecardresearch

Latest News

തൃശൂരിലെ കോവിഡ്-19 പ്രതിരോധ ടണല്‍ ആരോഗ്യത്തിന്‌ സുരക്ഷിതമാണോ?

സ്വിമ്മിങ് പൂളും കഠിനമായ പ്രതലങ്ങളും അണുനാശിനിയായി ഉപയോഗിക്കുന്നതാണ് സോഡിയം ഹൈപ്പോ ക്ലോറെറ്റ്

thrissur sanitizer tonnel covid 19

തൃശൂര്‍: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ജില്ലാ ഭരണകൂടം അണുനാശക തുരങ്ക കവാടങ്ങള്‍ സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ ശക്തന്‍ മാര്‍ക്കറ്റ്, ജില്ലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ തുരങ്കങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. സോഡിയം ഹൈപ്പോ ക്ലോറേറ്റ് മിശിത്രം പുകമഞ്ഞ് പോലെ ഈ ടണലില്‍ കടത്തിവിടുന്നു. അതിലൂടെ പോകുന്ന ആളിനെ ഈ പുകമഞ്ഞ് മൂടി അണുവിമുക്തമാക്കുമെന്നതാണ് അണുനാശക തുരങ്കത്തിന്റെ പ്രവര്‍ത്തനമെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയില്‍ പറയുന്നു. മാര്‍ക്കറ്റിലേക്കും ആശുപത്രിയിലേക്കും പ്രവേശിക്കുന്നവര്‍ ഈ കവാടത്തിലൂടെ കടന്നു വേണം പോകാന്‍. ചാവക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും മുളങ്കുന്നത്തുകാവ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലും ഈതരത്തില്‍ തുരങ്കമൊരുക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രസ്താവന പറയുന്നു.

Read Also: ലോക്ക്ഡൗൺ നീട്ടണമെന്ന് സംസ്ഥാനങ്ങൾ; അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് കേന്ദ്രം

നടപ്പിലാക്കിയത് ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്

ഈ കവാടങ്ങളിലെ പുകമഞ്ഞിലെ സോഡിയം ഹൈപ്പോ ക്ലോറൈറ്റിന്റെ ഗാഢത 0.25 ശതമാനമാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. ഈ ടണലുകളില്‍ ഈ മിശ്രിതം ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് വെളിപ്പെടുത്തി. ജില്ലാ കളക്ടറോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഈ രാസവസ്തു ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആരോഗ്യവകുപ്പ് ഈ പദ്ധതിയെ എതിര്‍ത്തതെന്ന് അധികൃതര്‍ പറയുന്നു. ഈ ടണലുകളിലൂടെ കടന്നു പോകുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കി കൈകഴുകിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ ടണല്‍ കോവിഡ്-19-നെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

അതേസമയം, 0.01 ശതമാനമാണ് തൃശൂരില്‍ ഉപയോഗിക്കുന്നതെന്ന് കളക്ടര്‍ എസ് ഷാനവാസ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. “മറ്റു ജില്ലകളില്‍ ഇത്തരം ടണല്‍ സ്ഥാപിച്ചതിനെ മാതൃകയാക്കിയാണ് ജില്ലയിലും സ്ഥാപിച്ചത്. ആരോഗ്യ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ആസ്തമ പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് ഇത് പ്രശ്‌നമാകുമെന്ന് വകുപ്പ് അഭിപ്രായപ്പെട്ടുവെങ്കിലും രേഖാമൂലമായ മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഈ ലായനി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പരിശോധിക്കും,” അദ്ദേഹം പറഞ്ഞു.

Read Also: വ്യാജ പാസ്പോർട്ട് കേസ്: സൂപ്പർ താരം റൊണാൾഡീഞ്ഞോ ജയിൽ മോചിതനായി

പരിശോധിക്കുമെന്ന് കളക്ടര്‍

“ലോകത്ത് ചൈനയിലടക്കം പല സ്ഥലത്തും ഇത്തരം ടണലുകള്‍ സ്ഥാപിച്ചതായി കണ്ടിട്ടുണ്ട്. തൃശൂരില്‍ ശക്തന്‍ മാര്‍ക്കറ്റിലാണ് ആദ്യം ഈ ടണല്‍ സ്ഥാപിച്ചത്. പക്ഷേ, അതിന്റെ ഫലപ്രാപ്തിയെ കുറിച്ച് വ്യക്തതയില്ലെന്നും നാലു ദിവസമായി ശക്തന്‍മാര്‍ക്കറ്റില്‍ ഈ ടണലിലൂടെ കടന്നു പോയവരില്‍ ഉണ്ടാക്കിയ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും മറ്റും പഠിക്കുന്നുണ്ട്,” ആരോഗ്യ വകുപ്പ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്ന് പോകുന്ന സ്ഥലങ്ങളില്‍ കോവിഡ് പ്രതിരോധത്തിന് ഇത്തരമൊരു സംവിധാനം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ശതമാനം തീവ്രതയുള്ള ലായനിക്ക് ത്വക്കില്‍ പൊള്ളലേല്‍പ്പിക്കാന്‍ കഴിയുമെന്നും ഇതിനെ മനുഷ്യരുടെ മേല്‍ പ്രയോഗിക്കാന്‍ നിര്‍ദ്ദേശമില്ലെന്നും ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കീടനാശിനി ഓഫീസറായ രാജന്‍ നരിന്‍ഗ്രേക്കര്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് തളിക്കാനോ കുളിക്കാനോ. 0.05 ശതമാനം തീവ്രതയുള്ള ലായനി പോലും കണ്ണുകള്‍ക്ക് ഹാനികരമാണെന്ന് അദ്ദേഹം പറയുന്നു.

Read Also: അമേരിക്കയിൽ കോവിഡ്-19 ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു; രാജ്യത്ത് ഇന്നലെ മാത്രം മരിച്ചത് 1919 പേർ

സോഡിയം ഹൈപ്പോക്ലോറൈറ്റിന്റെ സാധാരണ ഉപയോഗമെന്താണ്?

മനുഷ്യരിലെ ശരീരത്തിലും വസ്ത്രങ്ങളിലും ഉണ്ടായേക്കാവുന്ന കൊറോണ വൈറസിനെയും മറ്റും നശിപ്പിക്കുന്നതിന് രാജ്യത്ത് പലഭാഗങ്ങളിലും സോഡിയം ഹൈപ്പോ ക്ലോറേറ്റ് ഉപയോഗിക്കുന്നുവെന്നതിന്റെ വാര്‍ത്തകള്‍ ഏതാനും ദിവസങ്ങളായി പുറത്തുവരുന്നുണ്ട്. കൂടുതലും അന്യസംസ്ഥാന തൊഴിലാളികളുടെ ശരീരത്തിലാണ് ഈ പ്രയോഗം നടത്തുന്നത്. ഡല്‍ഹിയിലെ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും യുപിയിലേക്ക് മടങ്ങിയെത്തിയവരുടെ മേലാണ് സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി സ്‌പ്രേ ചെയ്യുകയായിരുന്നു.

ഡല്‍ഹിയില്‍ തൊഴിലാളികളുടെ വസ്തുക്കളിലും ഇത് പ്രയോഗിച്ചു. മഹാരാഷ്ട്രയില്‍ ആളുകള്‍ വസിക്കുന്ന കെട്ടിടങ്ങളുടെ മുകളിലും ഇത് പ്രയോഗിച്ചു. ഡല്‍ഹിയില്‍ ഒരു ശതമാനം തീവ്രതയുള്ള ലായനി ഉപയോഗിച്ചുവെന്ന് അധികൃതര്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വിമ്മിങ് പൂളും കഠിനമായ പ്രതലങ്ങളും അണുനാശിനിയായി ഉപയോഗിക്കുന്നതാണ് സോഡിയം ഹൈപ്പോ ക്ലോറെറ്റ്.

2-10 ശതമാനം വരെ തീവ്രതയുള്ള ഈ രാസവസ്തു ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലീച്ചിങ് മിശ്രിതം ഉപയോഗിച്ച് കഠിനമായ പ്രതലങ്ങളും മറ്റും ശുചീകരിക്കുന്നത് മൂലം കോവിഡ്-19-ന്റെ സാന്നിദ്ധ്യം ഇല്ലാതാക്കാമെന്ന് ലോകരോഗ്യ സംഘടന പറയുന്നുണ്ട്.

ഈ രാസവസ്തു ഒരിക്കലും മനുഷ്യരുടെ മേല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് രാജന്‍ നരിന്‍ഗ്രേക്കര്‍ പറയുന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: Explained: യുപിയില്‍ കുടിയേറ്റ തൊഴിലാളികളുടെ ശരീരത്തില്‍ തളിച്ച രാസവസ്തു ഹാനികരമാകുന്നതെങ്ങനെ?

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 sanitise tonnel thrissur kerala

Best of Express