കൊച്ചി: ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനായി മാലി ദ്വീപിലെത്തിയ ഐഎന്‍എസ് ജലാശ്വയിലേക്ക് പ്രവാസികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ന് രാവിലെ ആരംഭിച്ചു. യാത്രക്കാരുടെ ആരോഗ്യ നിലയും യാത്രാരേഖകളും പരിശോധിക്കാനും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും മാലി വിമാനത്താവള പരിസരം ഉപയോഗിച്ചു. നിലവില്‍ 752 പേര് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പെടുന്നു.
അതേസമയം, സമുദ്രസേതു പദ്ധതിയുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും കപ്പല്‍ ഉപയോഗിച്ച് ഒഴിപ്പിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖം ഒരുങ്ങി. ജലാശ്വയാണ് ആദ്യം കൊച്ചിയിലെത്തുക.

2000-ത്തോളം ഇന്ത്യാക്കാരെയാണ് മാലി ദ്വീപില്‍ നിന്നും ഒഴിപ്പിക്കാനുള്ളതെന്ന് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി സഞ്ജയ് സുധീര്‍ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായിട്ടാണ് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ കപ്പല്‍ കൊച്ചിയിലേക്കും രണ്ടാമത്തെ ഘട്ടത്തില്‍ കപ്പല്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്കുമാണ് എത്തുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍എസ് മഗര്‍ ആണ് മാലിയിലെ രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് വൈകുന്നേരത്തോടുകൂടി ജല്വാശ്വ കൊച്ചിയിലേക്ക് യാത്ര തിരിച്ചേക്കും. ഇന്ത്യയുടെ നാവികസേന സമുദ്ര സേതു പദ്ധതി പ്രകാരം പ്രവാസികളെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമാണ് മാലി ദ്വീപുകള്‍. യാത്രക്കാര്‍ കപ്പലില്‍ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും വോളന്റിയര്‍മാരും കോവിഡ്-19 പ്രതിരോധിക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.
ജലാശ്വയെ കൂടാതെ ദക്ഷിണ നാവിക കമാന്റിന്റെ മഗര്‍, ശാര്‍ദൂല്‍ എന്നീ കപ്പലുകളും പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2011-ല്‍ ലിബിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കുന്ന ദൗത്യത്തിലും ജലാശ്വ പങ്കെടുത്തിരുന്നു.
#WATCH Preparations begin on INS Jalashwa to receive Indian nationals who will be evacuated from Maldives under operation. Passengers to board the ship shortly. #SamudraSetu. pic.twitter.com/BmQqmol05E
— ANI (@ANI) May 8, 2020
വ്യാഴാഴ്ചയാണ് ജലാശ്വ മാലി ദ്വീപിലെത്തിയത്. ഈ മാസം 10-ാം തിയതി തിരികെ കൊച്ചിയിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങളിലും കപ്പലുകളെത്തുമെന്ന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചു.
#WATCH Preparations begin on INS Jalashwa to receive Indian nationals who will be evacuated from Maldives under operation #SamudraSetu. pic.twitter.com/7Z7omOZDhP
— ANI (@ANI) May 8, 2020
അതേസമയം, ഐഎന്‍സ് ജലാശ്വയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ 600 മാലിദ്വീപ് രൂപയോ തുല്യമായ 40 അമേരിക്കന്‍ ഡോളറോ ഒഴിപ്പിക്കന്‍ സേവന നിരക്കായി നല്‍കണമെന്ന് മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഓഫീസ് അറിയിച്ചു. ഇമിഗ്രേഷന്‍ നടപടി ക്രമം പൂര്‍ത്തിയായശേഷം വെലാന അന്താഷ്ട്ര വിമാനത്താവളത്തില്‍ വച്ച് നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

മെഡിക്കല്‍, മറ്റു അവശ്യ സൗകര്യങ്ങള്‍ കപ്പലിലുണ്ടെന്ന് നാവിക സേന അറിയിച്ചു. കോവിഡ്-19 സുരക്ഷാ, ദുരിതാശ്വാസ വസ്തുക്കളേയും മെഡിക്കല്‍ ജീവനക്കാരേയും നാവിക സേന കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. 750 പേരെയാണ് മാലി ദ്വീപില്‍ നിന്നും നാവിക സേന രക്ഷപ്പെടുത്തുന്നത്.
കപ്പല്‍ കൊച്ചില്‍ എത്തുംമുമ്പ് തന്നെ കോവിഡ്-19 ലക്ഷണങ്ങളുള്ള യാത്രക്കാരെ കണ്ടെത്തും. നാവിക സേന യാത്രക്കാരില്‍ നിന്നും ഇ-ഡിക്ലറേഷന്‍ ശേഖരിക്കുകയും കൊച്ചിയിലെ അധികൃതര്‍ക്ക് കൈമാറുകയും ചെയ്യും.

കപ്പലില്‍ നിന്നും ടെര്‍മിനലിലേക്ക് യാത്രക്കാരെ എത്തിക്കുന്നത് ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ചെത്തുന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമുള്ള മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാകും.
Read Also: രണ്ടാം വിമാനത്തില്‍ 19 ഗര്‍ഭിണികള്‍; 85 പേര്‍ക്കു വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി
രോഗലക്ഷണങ്ങളുള്ള യാത്രക്കാരെയാണ് ആദ്യം കപ്പലില്‍ നിന്നും തുറമുഖത്തേക്ക് ഇറക്കുക. ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഏര്‍പ്പെടുത്തിയ ആംബുലന്‍സുകളില്‍ രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. കപ്പലില്‍ ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് പ്രത്യേക മേഖല തിരിച്ചിട്ടുണ്ട്.

പിന്നാലെ ജില്ല തിരിച്ച് 50 പേരടങ്ങിയ സംഘങ്ങളായി ബാക്കിയുള്ളവരെയും ഇറക്കും. സാമുദ്രിക ക്രൂസ് ടെര്‍മിനലില്‍ വച്ച് തുറമുഖ ഹെല്‍ത്ത് ഓര്ഗനൈസേഷന് യാത്രക്കാര്‍ വിധേയരാകേണ്ട പരിശോധനകള്‍ നടത്തും. തുടര്‍ന്ന് ബി എസ് എന്‍ എല്‍ യാത്രക്കാര്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കും. യാത്രക്കാര്‍ ടെര്‍മിനലില്‍ വച്ച് ആരോഗ്യസേതു ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ജില്ലാ ഭറണകൂടവും പൊലീസും യാത്രക്കാര്‍ക്കുള്ള പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇമിഗ്രേഷന്‍, കസ്റ്റംസ്, ബാഗേജ് സ്കാനിങ്ങിനുശേഷമാകും ഇത്.
Read Also: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ ആർക്കും കോവിഡ്-19 ബാധയില്ല; അഞ്ച് പേർക്ക് രോഗം ഭേദമായി
പുറത്തെത്തുന്ന യാത്രക്കാരെ കെ എസ് ആര് ടി സി ബസുകളില്‍ വിവിധ ജില്ലകളിലേക്ക് അയക്കും. 30 പേരാകും ഒരു ബസിലുണ്ടാകുക. ചില കാറ്റഗറികളിലെ യാത്രക്കാര്‍ക്ക് പ്രത്യേക സംവിധാനങ്ങളൊരുക്കിയ സ്വകാര്യ വാഹനങ്ങള്‍ ലഭ്യമാക്കും. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കാണ് ബസുകള്‍ എത്തിക്കേണ്ട ചുമതല.
സന്ദര്‍ശകര്‍, യാത്രക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും എന്നിവരെ സാമുദ്രിക ടെര്‍മിനലില്‍ മേഖലയില്‍ പ്രവേശിപ്പിക്കുകയില്ല. ടെര്‍മിനലിലെ ക്രമസമാധന ചുമതല പൊലീസിനാണ്.