തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. പുതിയ നാല് കണ്ടെയ്‌ൻമെന്റ് സോണുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാളയം അയ്യന്‍കാളി ഹാള്‍, ജൂബിലി ആശുപത്രി, വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി എന്നിവിടങ്ങളാണ് പുതിയ നിയന്ത്രണ മേഖലകൾ. അത്യാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. നഗരത്തിൽ ട്രിപ്പിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും മെഡിക്കല്‍ റെപ്പിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓൺലെെൻ ഭക്ഷണവിതരണക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യം ഗുരുതരമാണെന്നാണ് വിലയിരുത്തൽ. കണ്ടെയ്‌ൻമെന്റ് മേഖലകളിലെ ഓൺലെെൻ ഭക്ഷണവിതരണം അവസാനിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച ഓൺലെെൻ ഭക്ഷണവിതരണക്കാരൻ കുന്നത്തുകാൽ സ്വദേശിയാണ്. പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്‌ജിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ക്വാറന്റെെനിലുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്‌തതിലൂടെയാണ് യുവാവിനു കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സമ്പര്‍ക്ക രോഗബാധ തുടര്‍ന്നാല്‍ നഗരം ഭാഗികമായി അടച്ചിടാന്‍ ആലോചനയുണ്ട്.

Read Also: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരുവർഷത്തേക്ക്: പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്‌തു

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റും കേരള സർവകലാശാലയുമടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് ഉറവിടമറിയാത്ത രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു. നഗരത്തിലെ കോവിഡ്‌ വ്യാപനത്തെത്തുടർന്ന് കേരള സർവകലാശാലയുടെ പാളയം, കാര്യവട്ടം ക്യാംപസുകൾ അടച്ചിടാൻ തീരുമാനിച്ചു. ജൂലൈ 6 തിങ്കളാഴ്ച മുതല്‍ ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ പ്രത്യേക അനുമതിയുള്ളവര്‍ക്ക്‌ മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതായി സർവകലാശാല അറിയിച്ചു. സര്‍വകലാശാല ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കിവരുന്ന സേവനങ്ങള്‍ ജൂലൈ 10 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

കൊച്ചി നഗരത്തിലും സ്ഥിതി സങ്കീർണമാണ്. കോവിഡ് വ്യാപനഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ നടപ്പിലാക്കാൻ സാധ്യതേറി. സമ്പർക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തിൽ അതീവ ജാഗ്രത. നഗരസഭയിലെ അഞ്ച് ഡിവിഷനുകളെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 43, 44, 46, 55, 56 ഡിവിഷനുകളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, ഗിരിനഗര്‍, പനമ്പിള്ളി നഗര്‍ മേഖലകളിലാണ് നിയന്ത്രണം. ത‍ൃക്കാക്കര നഗരസഭയിലെ (28), പറവൂര്‍ നഗരസഭയിലെ (8), കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും കണ്ടെയ്‌ൻമെന്റ് സോണാണ്. കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ കർശന നടപടികൾ വേണമെന്നാണ് പൊലീസ് വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.