തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഇവരിൽനിന്നും കനത്ത പിഴ ഈടാക്കുമെന്നും 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന് ആരോടും ഒരു വിവേചനവുമില്ല. നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. സമൂഹ വ്യാപനത്തിലേക്കാണ് അത് ചെന്നെത്തുക. അതിനാണ് സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നു പറയുന്നത്. എവിടെ നിന്ന് വന്നാലും രജിസ്റ്റർ ചെയ്ത് വരണം. നാട്ടിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണമെന്നാണ് ആഗ്രഹം. എന്നാൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചിലയിടങ്ങളിൽ ബസുകളിൽ അനിയന്ത്രിതമായ തിരക്ക് കാണുന്നു. ഓട്ടോയിലും പരിധിയിലധികം ആളുകളെ കയറ്റുന്നു. നിയന്ത്രണം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also: ഗാംഗുലി-ദ്രാവിഡ് കൂട്ടുകെട്ടിലെ റെക്കോഡ് റൺ നേട്ടത്തിന് 21 വയസ്സ്

സംസ്ഥാനത്ത് ഇന്ന് 67 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയർന്ന തോതാണിത്. അതേസമയം പത്ത് പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, 29.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ 9 പേർക്കും പുറമെ ഗുജറാത്തിൽ നിന്നു വന്ന അഞ്ച് പേർക്കും കർണാടകയിൽ നിന്നുള്ള ഒരാൾക്കും പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെത്തിയ ഓരോരുത്തർക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.