scorecardresearch
Latest News

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതല്‍

ഇന്ന് മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതല്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കോവിഡ്-19 രോഗ വ്യാപനം സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോവിഡ്-19 തലസ്ഥാനത്ത് വലിയ രീതിയില്‍ പടര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“രാജ്യത്ത് 12 പേരില്‍ പരിശോധന നടത്തുമ്പോഴാണ് ഒരാള്‍ക്ക് രോഗം ബാധിക്കുന്നത്. സംസ്ഥാനത്ത് ഇത് 36-ല്‍ ഒന്ന് എന്ന കണക്കാണ്. എന്നാല്‍ തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. രോഗബാധിതരെ കണ്ടെത്താനുള്ള സര്‍വെയ്‌ലന്‍സ് മെക്കാനിസം നടപ്പിലാക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

“ക്ലസ്റ്റര്‍ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത് ജൂലൈ അഞ്ചിന് പൂന്തുറയിലാണ്. ബീമാപ്പള്ളി, പുല്ലുവിള മേഖലകളില്‍ 15-ാം തിയതിയോടെയാണ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്.”

“ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കുളത്തൂര്‍, പനവൂര്‍, കടയ്ക്കാവൂര്‍, പെരുമാതുറ, കുന്നത്തുകാല്‍, പുതുക്കുറിച്ചി തുടങ്ങിയ തീരദേശ മേഖലകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു.”

Read Also: വീണ്ടും ആയിരം കടന്ന് പ്രതിദിന കണക്ക്; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്, നാല് മരണം

“പൂന്തുറയിലും പുല്ലുവിളയിലും അനുവര്‍ത്തിച്ച പ്രതിരോധ നടപടികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രദേശത്തിന് യോജിച്ച രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ നടപ്പിലാക്കുകയാണ്.”

“തീരദേശത്തിന് പുറമേ പാറശാല, കുന്നത്തുകാല്‍, പട്ടം, കാട്ടാക്കട, ബാലരാമപുരം, പെരുങ്കടവിള തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധിതര്‍ കൂടുതലാണ്. ഈ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നു.”

“ഇതുവരെ 39,829 റൂട്ടീന്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ തിരുവനന്തപുരം ജില്ലയില്‍ ചെയ്തു. ഇതിന് പുറമേ, സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ 6983 പൂള്‍ഡ് സെന്റിനല്‍ സാമ്പിളുകളും പരിശോധിച്ചിട്ടുണ്ട്. ഇന്നലെ 789 റൂട്ടീന്‍ സാമ്പിളുകളും നൂറോളം പൂള്‍ഡ് സാമ്പിളുകളും പരിശോധിച്ചു.”

“ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഈമാസം നാല് മുതല്‍ ജില്ലയില്‍ ചെയ്തു തുടങ്ങി. ഇതുവരെ 24,823 ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. 1882 സാമ്പിളുകള്‍ തിങ്കളാഴ്ച പരിശോധിച്ചു.”

പുല്ലുവിള ഉള്‍പ്പെടുന്ന കടലോര മേഖലയില്‍ ചൊവ്വാഴ്ച 1150 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ജില്ലയില്‍ 227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം, തിരുവനന്തപുരം നഗരസഭയുടെ മെയിന്‍ ഓഫീസില്‍ കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നടത്തിയ കോവിഡ്-19 പരിശോധനയില്‍ പങ്കെടുത്ത 100 പേരുടേയും ഫലം നെഗറ്റീവായി. മേയര്‍ കെ ശ്രീകുമാറാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക്ഡൗണ്‍, കോവിഡ് രോഗവ്യാപന സാധ്യത കുറച്ചു; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് കോവിഡ് 19 രോഗവ്യാപന സാധ്യത കുറയ്ക്കാന്‍ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നത് ഗുണകരമാകില്ല. എന്നാല്‍ ലോക്ക്ഡൗണിനുള്ളില്‍ നിന്നുകൊണ്ടുതന്നെ പരമാവധി ഇളവുകള്‍ നല്‍കുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം നിരവധിപേര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവരെക്കൂടി മുന്നില്‍ക്കണ്ടാണ് ഇളവുകള്‍ പ്രഖ്യാപിക്കുക. ജില്ലയുടെ നിലവിലെ സാഹചര്യവും ഏര്‍പ്പെടുത്തേണ്ട ഇളവുകളെപ്പറ്റിയും ജില്ലാ ഭരണകൂടം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാകും പുതിയ പ്രഖ്യാപനമുണ്ടാവുക. ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നു എന്നത് വ്യാജപ്രചരണമാണ്. പരിശോധനകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രേക്ക് ദ ചെയിന്‍, എസ്.എം.എസ് (സോപ്പ്, മാസ്‌ക്ക്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്) പോലുള്ള ക്യാമ്പയിനുകള്‍ പൊതുജനങ്ങള്‍ക്ക് മികച്ച അവബോധം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കാന്‍ തയ്യാറാകണം. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല അതീവ ജാഗ്രത തന്നെയാണ് ഇനിയും വേണ്ടതെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗം ചേര്‍ന്നു

ജില്ലയിലെ കോവിഡ്19 സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ യു.വി ജോസ്, ബിജു പ്രഭാകര്‍, വെങ്കിടേശപതി, എം.ജി രാജമാണിക്യം, ഹരികിഷോര്‍, ബാലകിരണ്‍, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അനു.എസ് നായര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. മൂന്നു തീരദേശ സോണുകളിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പാറശ്ശാലയില്‍ ഒന്‍പത് സി.എഫ്.എല്‍.റ്റി.സികള്‍ ഒരുങ്ങുന്നു

പാറശ്ശാല മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലും പുതിയ സി.എഫ്.എല്‍.റ്റി.സികള്‍ ആരംഭിക്കുമെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അധികം വൈകാതെതന്നെ ഇവ പ്രവര്‍ത്തനസജ്ജമാകും.

ഇവിടെഡോക്ടര്‍മാര്‍, സറ്റാഫ് നഴ്സ്, നഴസിങ്ങ് അസിസ്റ്റ്ന്റമാര്‍,ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, ക്ലീനിംഗ് സ്റ്റാഫ്, ആംബുലന്‍സ്, ഡ്രൈവര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. ഇവര്‍ക്ക് പുറമേ സന്നദ്ധപ്രവര്‍ത്തകരുമുാകും. സി.എഫ്.എല്‍.റ്റി.സികളുടെ നടത്തിപ്പിനും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി നോഡല്‍ ഓഫീസറെ നിയമിക്കും. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെള്ളം,വൈദ്യുതി, ഭക്ഷണം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ മുടങ്ങാതെ ലഭ്യമാക്കും.

പാറശ്ശാലയിലും കുന്നത്തുകാലിലും രോഗബാധ കൂടുതലുള്ളവര്‍ക്കു വേണ്ടി ഓക്സിജന്‍ സൗകര്യങ്ങളോടു കൂടിയ ഒബ്സര്‍വേഷന്‍ മുറി ഗ്രീന്‍ സോണിന് സമീപം ക്രമീകരിച്ചിട്ടുണ്ട്.കൂടാതെ എല്ലായിടത്തും ലാബ് സൗകര്യവുംഒരുക്കി.

സി.എഫ്.എല്‍.റ്റി.സിയിലുള്ളവരുടെ സ്രവ പരിശോധനയോടൊപ്പം തന്നെ പ്രമേഹം പോലെയുള്ള മറ്റ് അസുഖങ്ങളുടെ ടെസ്റ്റുകള്‍ നടത്തുന്നതിന് ലാബ് സൗകര്യം ഉപയോഗിക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 rate of positivity in thiruvananthapuram above national average