തിരുവനന്തപുരം: കൊറോണവൈറസ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരും തുരങ്കം വയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ഇന്നത്തെ കോവിഡ്-19 സാഹചര്യം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ക്രമീകരണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്.

എല്ലാവരും ചേര്‍ന്ന് ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിരുത്തരവാദം പുലര്‍ത്തിയതിന്റെ ഉദാഹരണമാണ് കാസര്‍ഗോഡ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കാസര്‍ഗോഡ് രോഗം ബാധിച്ചയാള്‍ ക്വാറന്റൈനില്‍ കഴിയാതെ വിവാഹവും ഫുട്‌ബോള്‍ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. രണ്ട് എംഎല്‍എമാര്‍ ഇയാളുമായി സമ്പര്‍ക്കം വന്നതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ ആകുകയും ചെയ്തിരുന്നു.

“ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവര്‍ക്കും കൂടിയാണ് ഈ ക്രമീകരണം എന്നോര്‍ക്കണം. തങ്ങള്‍ക്ക് രോഗം വരില്ലെന്ന നിലപാടിലാണ് ചിലര്‍,” നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.

എസ് പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കുമെന്നും രോഗ വ്യാപനം തടയുന്നതിന് വേറൊരു മാര്‍ഗവും മുന്നിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. “നിര്‍ദ്ദേശങ്ങള്‍ ഇനിയും ലംഘിച്ചാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. നാടിന്റെ നന്മയ്ക്കായി സര്‍ക്കാരിന് നിലപാട് കടുപ്പിക്കേണ്ടി വരും,”മുഖ്യമന്ത്രി പറഞ്ഞു.

Read Also: സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊറോണ; രോഗികളെല്ലാം ഗൾഫിൽ നിന്നെത്തിയവർ

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ആരാധനാലയങ്ങള്‍ക്കുള്‍പ്പെടെ ബാധകമാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതി-മത രാഷ്ട്രീയ ഭേദമെന്യേ മനുഷ്യനെന്ന ഒറ്റച്ചിന്തയില്‍ ഒരുമയോടെ നാം മുന്നേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ആറുപേര്‍ക്കും എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ്‌ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഇതില്‍ നേരത്തെ രോഗം ഭേദമായ മൂന്നുപേരുമുണ്ട്.

അതേസമയം, സംസ്ഥാനത്ത് അരലക്ഷം പേരാണ് നിരീക്ഷണത്തിലുള്ളത്. 53,013 പേര്‍. ഇതില്‍, 52,702 പേര്‍ വീടുകളിലും 232 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: എട്ട് ദിവസം, മൂന്ന് ജില്ലകള്‍; കാസർഗോഡ് കൊറോണ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.