എടപ്പാൾ: പ്രവാസി യുവാവിനെ വീട്ടിൽ കയറ്റാതെ ബന്ധുക്കളുടെ ക്രൂരത. കോവിഡ് പേടിയെ തുടർന്നാണ് പ്രവാസി യുവാവിനു വീട്ടിൽ നിന്നു തന്നെ ഇങ്ങനെയൊരു ദുരനുഭവം. വീട്ടിൽ കയറാൻ സാധിക്കാതെ വന്ന യുവാവിനെ പിന്നീട് ആരോഗ്യപ്രവർത്തകരെത്തി ക്വാറന്റെെൻ കേന്ദ്രത്തിലാക്കുകയായിരുന്നു. യുവാവ് വീടിനു മുന്നിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു.

എടപ്പാൾ സ്വദേശിയായ യുവാവാണ് പുലർച്ചെ നാലിനു വിദേശത്തു നിന്ന് വീട്ടിലെത്തിയത്. തിരിച്ചെത്തുന്ന വിവരം നേരത്തെ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. യുവാവിന്റെ സഹോദരങ്ങൾ ഉൾപ്പെടെ ഇയാളെ വീട്ടിൽ കയറ്റാൻ മടിച്ചു. കോവിഡ് ഭീതിയെ തുടർന്ന് വീട്ടിൽ കയറേണ്ട എന്നു ശാഠ്യം പിടിക്കുകയായിരുന്നു യുവാവിന്റെ സഹോദരങ്ങൾ. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ അതുപോലും വീട്ടുകാർ നിഷേധിച്ചതായി യുവാവ് ആരോപിച്ചു.

Read Also: പൂർണ രോഗമുക്‌തനെന്ന് കോടിയേരി; വീണ്ടും സജീവ രാഷ്‌ട്രീയത്തിലേക്ക്

തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നൽകി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ ഇതു നിരസിച്ചു. ഒടുവിൽ എടപ്പാൾ സിഎച്ച്‌സിയിലെ ഹെൽത് ഇൻസ്‌പെക്‌ടർ എൻ.അബ്‌ദുൾ ജലീൽ ഇടപെട്ട് ആംബുലൻസ് എത്തിക്കുകയായിരുന്നു. പിന്നീട് ഇയാളെ നടുവട്ടത്തെ ക്വാറന്റെെൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരോട് ഇത്തരത്തിൽ മോശമായി പെരുമാറുന്ന സംഭവങ്ങൾ നേരത്തെയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിരുന്നു. പ്രവാസികളോട് മോശമായി പെരുമാറുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നും അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയടക്കം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.