തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ പ്രത്യേക മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഐടി കമ്പനികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്.

രണ്ടാഴ്ചയ്ക്കിടെ റാന്നി, കോട്ടയം താലൂക്കുകളില്‍ സന്ദര്‍ശനം നടത്തിയ ജീവനക്കാരെ കണ്ടെത്തി വൈദ്യപരിശോധന നടത്തണമെന്നും പനിയോ മറ്റുരോഗ ലക്ഷണമോ ഉണ്ടെങ്കില്‍ ഐസൊലേറ്റ് ചെയ്യണെമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട റാന്നി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള ഐടി ജീവനക്കാരില്‍ വാരാന്ത്യ അവധിക്ക് നാട്ടിലേക്കു പോയവര്‍ക്ക് രണ്ടാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കാന്‍ ഐടി പാര്‍ക്കുകളിലെ എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ഐടി പാര്‍ക്കുകളില്‍ എല്ലാ കമ്പനികള്‍ക്കും പ്രത്യേക പ്രവര്‍ത്തന പ്രോട്ടോകോളും ഏര്‍പ്പെടുത്തി.

Read Also: കോവിഡ്-19: ശ്രദ്ധിക്കുക, മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെ?

കൊറോണ വൈറസ് പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉപകരണങ്ങളും ഹാന്‍ഡ് സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളും ജീവനക്കാര്‍ക്കായി ഒരുക്കണമെന്നും കമ്പനികളോട് നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കമ്പനികള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗത്തില്‍ കേരള ഐടി പാര്‍ക്സ് സിഇഒ ശശി പി.എം, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒയും ഐഐഐടിഎംകെ ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ്, ഐടി കമ്പനികളുടെ സംഘടനയായ ജിടെക് ചെയര്‍മാന്‍ അലക്സാണ്ടര്‍ വര്‍ഗീസ്, ജിടെക് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.