തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങളുള്ള പൂന്തുറയിൽ ജനങ്ങൾ തെരുവിലിറങ്ങി. പൂന്തുറയിൽ ഏർപ്പെടുത്തിയിരിക്കുന്നത് അനാവശ്യ നിയന്ത്രണങ്ങളാണെന്നും രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. നാട്ടുകാർ പൊലീസ് ജീപ്പ് തടഞ്ഞുവച്ചു. സ്‌ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേർ തെരുവിൽ പ്രതിഷേധിക്കുകയാണ്. ഇത് രോഗവ്യാപന സാധ്യത വർധിപ്പിക്കും.

പൊലീസും സാമൂഹ്യപ്രവർത്തകരും ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ട്രിപ്പിൾ ലോക്ക്‌ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലമാണ് പൂന്തുറ. ഇവിടെ സൂപ്പർ സ്‌പ്രെഡ് നടന്നതായി ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങൾക്ക് ഭക്ഷണ സൗകര്യമടക്കം ഇല്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പൂന്തുറയെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് പുറത്തുള്ളവർക്കെന്നും ഇവർ ആരോപിച്ചു.

പ്രതിഷേധിക്കുന്നവര്‍ പറയുന്നത്

ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ല. പൂന്തുറയില്‍ നിന്നുള്ളവരെ പല കടകളിലും പ്രവേശിപ്പിക്കാത്ത സാഹചര്യം. പൂന്തുറ വാര്‍ഡില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്നില്ല. പൂന്തുറയിലെ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് ഭയപ്പെടുത്തുന്നു. സമീപപ്രദേശങ്ങളില്‍ നടക്കുന്ന കോവിഡ് പരിശോധനയുടെ ഫലം പൂന്തുറയുടെ പേരില്‍ എഴുതി ചേര്‍ക്കുന്നു. പൂന്തുറയില്‍ നിന്നുള്ളവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്നു. പൂന്തുറയില്‍ നിന്നുള്ള ഒരു ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. ക്വാറന്റെെനിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ല. ബാത്‌റൂം സൗകര്യമടക്കം ലഭിക്കാത്ത സാഹചര്യം. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ ക്വാറന്റെെൻ കേന്ദ്രത്തിൽ പാർപ്പിക്കുന്നു.

അതേസമയം, രോഗവ്യാപനം രൂക്ഷമായ പൂന്തുറയിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ മുന്നറിയിപ്പ് നൽകി. പൂന്തുറയിൽ ഇതരസംസ്ഥാനക്കാരിൽ നിന്നാണു രോഗവ്യാപനമെന്നും മന്ത്രി പറഞ്ഞു.

വ്യാപാര ആവശ്യത്തിനായി നിരവധിപേർ തമിഴ്‌നാട്ടിൽനിന്ന് എത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് രോഗവ്യാപനമുണ്ടായിട്ടുണ്ട്. രോഗം പടര്‍ന്നുപിടിച്ച മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരോട് ഇടപെടുന്നതില്‍ കൂടുതൽ ശ്രദ്ധ വേണം. കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകുന്നു.

 

പൂന്തുറയിൽ ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസ്

കുമരിചന്ത, പൂന്തുറ എന്നിവിടങ്ങളിലെ കോവിഡ് ക്ലസ്റ്ററുകളാണ് തലസ്ഥാനത്ത് സ്ഥിതി വഷളാക്കിയത്. ഇവിടങ്ങളിൽ ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. 28 ദിവസങ്ങൾക്കുള്ളിലാണ് തിരുവനന്തപുരത്തെ 251 കേസുകളും ഉണ്ടായിട്ടുള്ളത്.

Read Also: ആശങ്ക ഉയരുന്നു; രാജ്യത്ത് കോവിഡ് കേസുകൾ എട്ട് ലക്ഷത്തിലേക്ക്

സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അതിലേക്ക് വലിയതോതിൽ അടുക്കുന്നുവെന്ന് സംശയിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒപ്പം നഗരങ്ങൾ കേന്ദ്രീകരിച്ച് രോഗബാധ രൂക്ഷമായ ക്ലസ്റ്ററുകൾ രൂപപ്പെടാമെന്നും കോവിഡ് സൂപ്പർ സ്പ്രെഡിലേക്ക് പോവാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.