Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

ഓണ്‍ലൈന്‍ പഠനം: കുടുംബ  ബജറ്റിനെ താളം തെറ്റിക്കുന്ന ഹൈടെക്ക് ചെലവുകള്‍

ലോക്ക്ഡൗണ്‍ ആയതുകാരണം സ്‌കൂളുകള്‍ ഓണ്‍ലൈന്‍ അധ്യാപനത്തിലേക്ക് മാറുന്നതോടെ വിപണിയിലെ ട്രെന്‍ഡ് ലാപ്‌ടോപ്പും, കംപ്യൂട്ടറും, സ്മാര്‍ട്ട്‌ഫോണും പുതിയ മൊബൈല്‍ കണക്ഷനും ഇന്റര്‍നെറ്റുമൊക്കെയാണ്

covid-19, കോവിഡ്-19, lockdown, ലോക്ക്ഡൗണ്‍, online education, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, online teaching, ഓണ്‍ലൈന്‍ പഠനം,online learning, issues, family budget, trends, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: സാധാരണ മേയ് മാസത്തെ അവസാന ആഴ്ചകളില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് ഉപയോഗിക്കുന്നതിനായി കുട്ടികള്‍ക്ക് പുസ്തകങ്ങളും നോട്ടുബുക്കുകളും യൂണിഫോമും ബാഗുമൊക്കെ വാങ്ങുന്ന തിരക്കിലായിരിക്കും മാതാപിതാക്കൾ. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിപണിയില്‍ എത്തുന്നത് കോടികളും. എന്നാല്‍ ഇത്തവണ, കോവിഡ്-19 വ്യാപന ഭീതി മൂലം ലോക്ക്ഡൗണ്‍ ആയതുകാരണം സ്‌കൂളുകള്‍ ഓണ്‍ലൈന്‍ അധ്യാപനത്തിലേക്ക് മാറുന്നതോടെ വിപണിയിലെ ട്രെന്‍ഡ് ലാപ്‌ടോപ്പും, കംപ്യൂട്ടറും, സ്മാര്‍ട്ട്‌ഫോണും പുതിയ മൊബൈല്‍ കണക്ഷനും ഇന്റര്‍നെറ്റുമൊക്കെയാണ്. അച്ഛനമ്മമാരുടെ ബജറ്റിന്റെ താളം തെറ്റിക്കുന്നത് കൂടിയാണ് ഈ ഹൈടെക്ക് ചെലവുകള്‍.

അടൂര്‍ സ്വദേശിയായ സുമ നരേന്ദ്രയ്ക്ക് രണ്ടു കുട്ടികളാണുള്ളത്. പുതിയൊരു ലാപ്‌ടോപ്പും കേടായ സ്മാര്‍ട്ട്‌ഫോണ്‍ മാറ്റി മറ്റൊന്നും വാങ്ങി സ്വകാര്യ സ്‌കൂളില്‍ ഏഴിലും അഞ്ചിലും പഠിക്കുന്ന മകനും മകള്‍ക്കും പഠിക്കാനായി നല്‍കാനാണ് സുമയുടെ പദ്ധതി.

“ഞങ്ങള്‍ സ്‌കൂളിന് അടുത്ത ഒരു കംപ്യൂട്ടര്‍ ഷോപ്പില്‍ നിന്നും അവ വാങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഴുവന്‍ തുകയും നല്‍കി ഗാഡ്‌ജെറ്റ്‌സ് വാങ്ങാന്‍ സാധിക്കുകയില്ല. അവിടെ ഇന്‍സ്റ്റാള്‍മെന്റായി പണം നല്‍കിയാല്‍ മതിയാകും,” സുമ പറഞ്ഞു.

Read Also: നിങ്ങളുടെ ആൺഡ്രോയ്ഡ് ഫോണിന്റെ ബാറ്ററി ലൈഫ് വർധിപ്പിക്കാൻ ചില വഴികൾ

അതേസമയം, സുമയുടെ ആശങ്ക മറ്റൊന്നാണ്. നര്‍ത്തകി കൂടിയായ സുമ തഞ്ചാവൂരിലെ തമിഴ് യൂണിവേഴ്‌സിറ്റിയില്‍ ഭരതനാട്യം എംഫില്‍ ചെയ്യുകയാണ്. കോവിഡ് പടര്‍ന്ന് തുടങ്ങിയപ്പോള്‍ ചെന്നൈയിലെ ക്യാമ്പസില്‍ നിന്നും നാട്ടിലെത്തിയ അവര്‍ക്കും മാര്‍ച്ച് മാസം മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുണ്ട്. “മൂന്നുപേര്‍ക്കും ഒരേ സമയം തത്സമയ ക്ലാസുകള്‍ വന്നാല്‍ കുടുങ്ങും. കോണ്‍ഫറന്‍സിങ് ആപ്പായ സൂം ഉപയോഗിച്ചാണ് ക്ലാസുകള്‍ നടത്തുന്നത്,” സുമ പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിനുവേണ്ടി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രത്യേകിച്ച് നിർദേശങ്ങളൊന്നും സ്‌കൂള്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് സുമ പറഞ്ഞു.

“കുട്ടികളെ അംഗങ്ങളാക്കി സ്‌കൂള്‍ അധികൃതര്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. പുതിയ പുസ്തകങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് പഴയ പുസ്തകങ്ങള്‍ വാങ്ങി വായിക്കണമെന്നുള്ള നിർദേശം നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ സ്പീഡ് ചില സമയങ്ങളില്‍ പ്രശ്‌നമുണ്ട്.”

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി അധ്യയനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഒന്ന് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികള്‍ക്കുള്ള പാഠഭാഗങ്ങള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യും. സര്‍വ ശിക്ഷാ അഭിയാന്റെ സര്‍വേ പ്രകാരം കേരളത്തില്‍ കംപ്യൂട്ടറോ ഇന്റര്‍നെറ്റോ സ്മാര്‍ട്ട്‌ഫോണോ ടിവിയോ ഇല്ലാത്ത 2.61 ലക്ഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

അവശ്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സ്‌കൂളില്‍ നിന്നും സൗജന്യമായി നല്‍കും

ഐടി@സ്‌കൂളിന്റെ മേധാവിയായ അന്‍വര്‍ സാദത്ത് പറയുന്നത് വിക്ടേഴ്‌സ് ചാനല്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നാണ്.

“വിക്ടേഴ്‌സ് ചാനല്‍ ഡിടിഎച്ചില്‍ ലഭ്യമാക്കും. കൂടാതെ, പാഠഭാഗങ്ങള്‍ യൂട്യൂബ് ചാനലിലും അപ്ലോഡ് ചെയ്യും. ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവുള്ളവര്‍ക്ക് ചാനല്‍ കാണാം. എല്ലാ ദിവസവും നെറ്റിന്റെ വേഗത ഒരുപോലെയായിരിക്കില്ല. വേഗത വർധിക്കുന്ന സമയത്ത് യൂട്യൂബിലെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“ഓണ്‍ലൈന്‍ പഠനത്തിനായി ഗാഡ്‌ജെറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച് എന്തെങ്കിലും നിർദേശങ്ങളോ സ്‌പെസിഫിക്കേഷൻസോ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. എങ്കിലും ലാപ്‌ടോപ്പും കംപ്യൂട്ടറും വാങ്ങുന്നവര്‍ക്ക് അവയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സ്‌കൂളില്‍ നിന്നും പകര്‍ത്തി ഉപയോഗിക്കാവുന്നതാണ്,” അന്‍വര്‍ സാദത്ത് പറഞ്ഞു.

Read Also: കാലിക്കറ്റ് സർവകലാശാല പിജി പ്രവേശനം: 30 വരെ അപേക്ഷിക്കാം

നെയ്യാറ്റിന്‍കര സ്വദേശിനിയായ ജി നിഷയ്ക്ക്‌ ഇരട്ടക്കുട്ടികള്‍ അടക്കം മൂന്ന് മക്കളാണുള്ളത്.

“ഇരട്ടക്കുട്ടികള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അവര്‍ക്കായി ഞാന്‍ ഒരു ഡെസ്‌ക് ടോപ്പ് തയ്യാറാക്കിവച്ചു. കഴിഞ്ഞ മേയ് 20 മുതലാണ് അവര്‍ക്ക് ക്ലാസുകള്‍ തുടങ്ങിയത്. രാവിലെ ഒമ്പത് മണി മുതല്‍ 12.45 വരെയാണ് അവര്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂളിലെ ഓണ്‍ലൈന്‍ അധ്യാപന സമയം. 15 മിനിറ്റിന്റെ ഇടവേളയുമുണ്ട്. ഈ സമയത്ത് ഞാന്‍ മക്കളെ നിര്‍ബന്ധിച്ച് പിടിച്ച് ഇരുത്തണം. കുട്ടികള്‍ അടങ്ങിയിരിക്കാന്‍ സാധ്യത കുറവായതിനാല്‍ ഉച്ചയ്ക്കുശേഷം ക്ലാസുണ്ടാകാന്‍ സാധ്യതയില്ല. ഇവരുടെ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ നാല് ഡിവിഷനുകളിലായി 160 ഓളം കുട്ടികളുണ്ട്,” പക്ഷേ,  ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ ക്ലാസില്‍ 28 കുട്ടികള്‍ മാത്രമാണ് പങ്കെടുത്തതെന്ന് നിഷ പറഞ്ഞു.

ഇന്റര്‍നെറ്റ് ലഭ്യതയാണ് നിഷ ഒരു പ്രശ്‌നമായി പറയുന്നത്. ഇപ്പോള്‍ ദിവസം രണ്ട് ജിബി ലഭിക്കുന്ന ജിയോയുടെ പ്ലാനാണ് ഉപയോഗിക്കുന്നത്. ക്ലാസ് തീരുമ്പോഴേക്കും ഒന്നര ജിബിയോളം ചെവലാകും.

ലൈവ് ക്ലാസുകള്‍ നല്‍കുന്നതിന്‌ സൂം ഉപയോഗിക്കുന്ന സ്‌കൂള്‍ പ്രത്യേക ആപ്പും തയ്യാറാക്കിയിട്ടുണ്ട്.

“മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ഈ ആപ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യണം. ടൈംടേബിളും ലോഗിന്‍ ഐഡിയും പാസ്‌വേഡും ഈ ആപ്പില്‍ വരും. നിലവിലെ ഫീസുകള്‍ക്കൊപ്പം തത്സമയ ക്ലാസ് നല്‍കുന്നതിനുള്ള ചെലവ് കൂടെ ഫീസായി വരാന്‍ സാധ്യതയുണ്ട്. സ്‌കൂള്‍ എസ്എംഎസ് എന്ന പേരിലൊരു ഫീസ് ഇനമുണ്ട്. അതിന്റെ കൂടെ ഓണ്‍ലൈന്‍ ഫീസും വന്നേക്കും. ആപ്പിനുവേണ്ടി പണമൊന്നും ഇതുവരെ വാങ്ങിയിട്ടില്ല.”

Read Also: 999 രൂപയുടെ പുതിയ പ്ലാനുമായി റിലയൻസ് ജിയോ; അറിയാം ജിയോയുടെ മറ്റ് ക്വാർട്ടർലി പ്ലാനുകളും

മറ്റൊരു പ്രശ്‌നം, “കുട്ടികള്‍ക്ക് മൊബൈല്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ രക്ഷിതാക്കളുടെ നമ്പരാണ് കൊടുത്തിട്ടുള്ളത്. പഠനത്തിനായി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ജോലി ചെയ്യുന്നവര്‍ എന്തുചെയ്യും. പുതിയ സിം കാര്‍ഡ്, മൊബൈല്‍, ഇന്റര്‍നെറ്റ് നിരക്കുകള്‍ എന്നിങ്ങനെയുള്ള അധിക ചെലവിന് ഇത് കാരണമാകും. നോട്ടുകള്‍ പാരന്റ് ആപ്പിലാണ് വരുന്നത്. അതിനാല്‍ പഠന സമയത്ത്‌ ഡെസ്‌ക് ടോപ്പിനൊപ്പം മൊബൈലും കുട്ടികള്‍ക്ക് നല്‍കണം,” നിഷ പറഞ്ഞു.

പുതിയ പുസ്തകം എത്തിയില്ല, പഴയ പുസ്തകം ശരണം

സ്‌കൂള്‍ തുറക്കുമ്പോഴുള്ള പതിവ് ചെലവുകള്‍ ഇല്ലാതായെന്ന് നിഷ പറയുന്നു. “30,000-ത്തോളം രൂപയാണ് ഫീസും ബുക്കുകളും പുസ്തകങ്ങളും യൂണിഫോമുമൊക്കെയായി ചെലവ് വരാറുള്ളത്. നിഷയുടെ മക്കള്‍ പഠിക്കുന്ന സ്‌കൂള്‍ അഡ്വാന്‍സായി 1000 രൂപ കൊറോണ കാലത്തിനുമുമ്പ് വാങ്ങിയിരുന്നു. എന്നാല്‍ ഇതുവരെ ഫീസ് ഇനത്തില്‍ ഒന്നും വാങ്ങിയിട്ടില്ല. എങ്കിലും അവരുടെ പരിചിത വലയത്തിലുള്ളവരുടെ കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരം നഗരത്തിലെ സ്‌കൂള്‍ ഫീസിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ഓണ്‍ലൈന്‍ ആയി വാങ്ങിച്ചു.”

പുതിയ പുസ്തകങ്ങള്‍ ലഭിക്കാത്തതിനാല്‍ നിഷയും പഴയ പുസ്തകങ്ങള്‍ വാങ്ങിക്കുകയാണ് ചെയ്തത്.

“ടീച്ചര്‍ ഓണ്‍ലൈനായി പഠിപ്പിക്കുമ്പോള്‍ കുട്ടികളുടെ കൈയില്‍ നോട്ടും പുസ്തകങ്ങളും ഇല്ലെങ്കില്‍ ക്ലാസ് പിന്തുടരാന്‍ സാധിക്കുകയില്ല. അതിനാല്‍ കൈയില്‍ നോട്ടിന്റെ പ്രിന്റ് ഔട്ട് ഉണ്ടാകണം. അപ്പോള്‍ ഒരു പ്രിന്ററും വീട്ടില്‍ വേണ്ടിവരും.” ഏഴാം ക്ലാസിന് മുകളിലുള്ള കുട്ടികള്‍ക്കേ ഈ പഠനം സാധ്യമാകുകയുള്ളൂവെന്ന് മുന്‍ കോളേജ് അധ്യാപിക കൂടിയായ നിഷ പറയുന്നു. ഓണ്‍ലൈന്‍ പഠന ശേഷം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പാഠ ഭാഗങ്ങള്‍ പറഞ്ഞു നല്‍കേണ്ടിവരും,” അവര്‍ പറഞ്ഞു.

“കുട്ടികള്‍ക്ക് ഹോംവര്‍ക്ക് സ്‌കൂളില്‍ നിന്ന് നല്‍കുന്നുണ്ട്. അത് ചെയ്തുവോയെന്ന് അധ്യാപകര്‍ ചോദിക്കും. ക്ലാസില്‍ ചോദ്യങ്ങള്‍ ചോദിച്ച് പഠിപ്പിക്കുന്ന അധ്യാപകരാണെങ്കില്‍ ക്ലാസിന്റെ ഏറെനേരം അതുമൂലം നഷ്ടമാകുന്നുണ്ട്. സാധാരണയുള്ള ക്ലാസിലേതുപോലെ ഓണ്‍ലൈനില്‍ പഠിപ്പിക്കാന്‍ നിന്നാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുകയില്ല,” നിഷ പറഞ്ഞു.

Read Also: ജൂൺ, ജൂലൈ മാസങ്ങളിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും: വിശദാംശങ്ങൾ അറിയാം

കോഴിക്കോടുള്ള ഡോക്ടറായ ഷാനു ഷൈജല്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം തുടങ്ങിയശേഷം പലപ്പോഴും അവധിയെടുക്കുകയാണ്. “കുട്ടികളെ ലാപ്‌ടോപ്പിനും മൊബൈല്‍ ഫോണിനും മുന്നില്‍ പഠിക്കുന്നതിനായി പിടിച്ചിരുത്തുകയാണ് ലക്ഷ്യം.”

ലാപ്‌ടോപ്പിന്റേയും മറ്റും വില്‍പന വർധിച്ചു

കഴിഞ്ഞ പത്തു ദിവസങ്ങളായി ഓണ്‍ലൈന്‍ പഠനത്തിനായുള്ള സാധനങ്ങളുടെ ആവശ്യകത കൂടിയിട്ടുണ്ടെന്ന് കണ്ണൂരിലെ കംപ്യൂട്ടര്‍ കെയര്‍ എന്ന സ്ഥാപനത്തിലെ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. “ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഫോണ്‍ വിളികള്‍ ലഭിച്ചിരുന്നു. നേരത്തെ ദിവസവും 10-12 ലാപ്ടോപ്പുകള്‍ വിറ്റു പോയിരുന്ന ഇടത്ത് ഇപ്പോഴത് 25-ന് മുകളില്‍ പോകുന്നുണ്ട്. പക്ഷേ, സാധനങ്ങളുടെ ലഭ്യതക്കുറവുണ്ട്. ലോക്ക്ഡൗണ്‍ മൂലമുള്ള ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളാണ് ഇതിന് ഇടയാക്കിയത്. ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, ക്യാമറ, മൈക്ക് എന്നിവയ്ക്കാണ് ആവശ്യകത കൂടുതല്‍,” മന്‍സൂര്‍ പറഞ്ഞു.

വാങ്ങാനെത്തുന്നവരുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള ഉല്‍പന്നങ്ങളാണ് അവര്‍ എടുക്കുന്നതെന്നും ആറാം ക്ലാസുകാരന് എൻജിനീയറിങ് വിദ്യാര്‍ത്ഥി ഉപയോഗിക്കുന്ന കംപ്യൂട്ടറിന്റെ സ്‌പെസിഫിക്കേഷനുകള്‍ ആവശ്യമില്ലെന്നും മന്‍സൂര്‍ പറഞ്ഞു.

“ഇഎംഐ വിവിധ സാമ്പത്തിക സേവന കമ്പനികള്‍ നല്‍കുന്നുണ്ട്. പക്ഷേ, പുതിയ സാഹചര്യത്തില്‍ നിബന്ധനകള്‍ കര്‍ശനമായി നോക്കുന്നുണ്ട്,” ക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്കും ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്കുമാണ് ഇഎംഐ ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 online classes upsets family budget

Next Story
പനിയുണ്ടെങ്കിൽ മദ്യമില്ല; ബെവ് ക്യൂവിൽ ബുക്കിങ് നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾbev q, ബെവ് ക്യൂ, beverages corporation, ബിവറേജസ് കോര്‍പറേഷന്‍, bev queue, beverages corporation app, ബിവറേജസ് കോര്‍പറേഷന്‍ ആപ്പ്‌,updates and features, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com