കൊച്ചി: കഴിഞ്ഞ വര്‍ഷം ജനുവരി 29 വരെയും ചൈന ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ മാത്രമുള്ള ഒരു പകര്‍ച്ചവ്യാധി മാത്രമായിരുന്നു കോവിഡ്-19 എന്നാൽ മലയാളിക്ക്. ജനുവരി 30നാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്, രാജ്യത്ത് ആദ്യ കോവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു!
കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍നിന്നു തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ആദ്യ രോഗി. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയത്. ആദ്യ കേസ് ആയിരുന്നിട്ടു കൂടി രോഗം മറ്റുള്ളവരിലേക്കു പടരാെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത് നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ തയാറെടുപ്പ് കൊണ്ടായിരുന്നു. ചൈനയില്‍നിന്നു മറ്റു രാജ്യങ്ങളിലേക്കു രോഗം പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ നേരിടാന്‍ രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ സജ്ജമായിരുന്നു, പ്രത്യേകിച്ച് കേരളത്തില്‍. ആരോഗ്യമന്ത്രി കെകെ ശൈലജ തൃശൂരിലെത്തി ചികിത്സയ്ക്കു മേല്‍നോട്ടം വഹിച്ചു.
തൃശൂരിലെ വിദ്യാര്‍ഥിനിക്കു രോഗം സ്ഥിരികരിച്ചതിനുപിന്നാലെ ആലപ്പുഴയിലും കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടും ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കേരളം അക്ഷരാര്‍ഥത്തില്‍ ഭയത്തിന്റെ പിടിയിലമര്‍ന്നു. തൃശൂരിലെ വിദ്യാര്‍ഥിനിക്കൊപ്പം വുഹാനില്‍നിന്ന് എത്തിയവരായിരുന്നു പിന്നീട് രോഗം സ്ഥിരീകരിച്ച ഇരുവരും.
കടുത്ത ആശങ്കയും ഭീതിയുമാണു തൃശൂരില്‍ നിലനിന്നിരുന്നത്. വിദ്യാര്‍ഥിനിയെ പ്രവേശിപ്പിച്ചിരുന്ന ജനറല്‍ ആശുപത്രി പരിസരത്തുപോലും ജനം വരാത്ത സാഹചര്യമുണ്ടായി. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ആശങ്കയ്ക്കു വിരാമമുണ്ടായിരുന്നില്ല. ഇതിനിടെ കൊറോണയെ സംസ്ഥാന ദുരന്തമായി ഫെബ്രുവരി രണ്ടിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സ്ഥിതി നിയന്ത്രണവിധേയമായതോടെ ഏഴിന് അത് പിന്‍വലിച്ചു. എന്നാല്‍ അതീവ ജാഗ്രത തുടര്‍ന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നു പഠനയാത്രകള്‍ പോകുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു.
മൂന്നുപേരും അധികം വൈകാതെ രോഗമുക്തരായതും ഇവരില്‍നിന്നു മറ്റാര്‍ക്കും രോഗം പടരാതിരുന്നതും ആരോഗ്യ സംവിധാനത്തിനും പൊതുജനങ്ങള്‍ക്കും ആശ്വാസം നല്കി. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് ആയിരത്തിലേറെ പേര് നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും ഇവര്‍ക്കാര്‍ക്കും രോഗബാധയുണ്ടായില്ല. കൊറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കാനായതാണ് രോഗം പടരാതിരിക്കുന്നതില്‍ നിര്‍ണായകമായത്.
മാര്‍ച്ച് എട്ടിനു സംസ്ഥാനത്ത് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട റാന്നിയില്‍ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ രൂക്ഷമായ ഇറ്റലിയില്‍നിന്ന് എത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും രണ്ടു ബന്ധുക്കള്‍ക്കുമാണു രോഗം ബാധിച്ചത്. ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന കൊല്ലം സ്വദേശികളായ അഞ്ചുപേരെ നിരീക്ഷണത്തിലേക്കും മാറ്റി. മാര്‍ച്ച് പത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 14 ആയി ഉയര്‍ന്നു.
രോഗബാധിതരുടെ എണ്ണം ഉയരാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ മാര്‍ച്ച് പകുതിയോടെ അടച്ചിട്ടു. സ്പെഷല്‍ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കാനും മദ്രസകളും അങ്കണവാടികളും അടച്ചിടാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. മതപരമായ ചടങ്ങുകളും ക്ഷോത്രോത്സവങ്ങളും പളളി പരിപാടികളും ചടങ്ങ് മാത്രമാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിവാഹങ്ങളും സിനിമാ ശാലകളുടെ പ്രവര്‍ത്തനവും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
മാര്‍ച്ച് പന്ത്രണ്ടോടെ രോഗബാധിതരുടെ എണ്ണം 20 ആയി. ഇതോടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പിറ്റേദിവസം രണ്ടുപേര്‍ക്കു കൂടി രോഗം സ്ഥീകരിച്ചു. 15നു രോഗികളുടെ എണ്ണം 24 ആയി ഉയര്‍ന്നു. പിന്നീട് ഒരാഴ്ചയ്ക്കുള്ളില്‍ നാലുപേര്‍ക്കു കൂടി രോഗം പിടിപെട്ടു. ഇതിനിടെ സംസ്ഥാനത്തുടനീളം ആളുകള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങാത്ത സ്ഥിതിയിലേക്കു കാര്യങ്ങളെത്തി. സ്വകാര്യമേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറി.
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പയായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ പൊതുവിതരണ സംവിധാനം വഴി ഒരുമാസത്തെ ഭക്ഷ്യധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏപ്രിലില്‍ കിട്ടേണ്ട സാമൂഹ്യ ക്ഷേമ പെന്ഷന് മാര്‍ച്ചില്‍ നല്‍കുമെന്നും പെന്‍ഷനില്ലാത്ത പാവങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. ഏപ്രിലോടെ സംസ്ഥാനത്ത് 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന 100 ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവര്ക്കും ഭക്ഷണം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചന് ആരംഭിക്കുകയും ചെയതു.
മാര്‍ച്ച് 20നു സംസ്ഥാനത്ത് അഞ്ചു പേര്‍ക്കും പിറ്റേദിവസം 12 പേര്‍ക്കും സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി ജനത കര്‍ഫ്യൂ നിലവില്‍ വന്ന 22നു 15 പേര്‍ക്കും പിറ്റേദിവസം 28 പേര്‍ക്കുമാണ് രോഗം സ്ഥികരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 95 ആയി ഉയര്‍ന്നു. മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ നിലവില്‍വന്ന മാര്‍ച്ച് 25നു തലേദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 100 കടന്നത്. 14 പേര്‍ക്കു വൈറസ ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 105 ആയി. ഇരുപത്തിയാറോടെ രോഗബാധിതരുടെ എണ്ണം 137 ആയി ഉയര്‍ന്നു. മാര്‍ച്ച് 27നാണു പ്രതിദിന കണക്കുകളിലെ ആദ്യത്തെ ഉയര്‍ന്ന സംഖ്യയുണ്ടായത്, 39 പേര്. ഇതില്‍ 34 പേരും കാസര്‍ഗോഡ് ജില്ലക്കാരായിരുന്നു. ഇതോടെ രോഗബാധിതരുടെ എണ്ണം 164 ആയി ഉയര്‍ന്നു.
Read Also: ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് 66 ശതമാനം ഫലപ്രദം
28നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ദുബായില്‍നിന്നെത്തിയ അറുപത്തി ഒന്പതുകാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണു മരിച്ചത്. മാര്‍ച്ച് 30 കേരളത്തിന്റെ കോവിഡ് ചികിത്സാ ചരിത്രത്തില്‍ നിര്‍ണായകമായൊരു ദിനമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തോമസ് (93)- മറിയാമ്മ (88) ദമ്പതികള്‍ രോഗമുക്തി നേടി. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു. 60 വയസിന് മുകളിലുള്ള കോവിഡ് ബാധിതരെ വലിയ വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിലാണ് ലോകത്ത് തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗവിമുക്തയായ ആള് പ്രസവിച്ചത് ഏപ്രില്‍ 11നായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശിയായ യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
മേയ് രണ്ടിനു മൊത്തം രോഗികളുടെ എണ്ണം അഞ്ഞൂറോളമായും ചികിത്സയിലുള്ളവരുടെ എണ്ണം നൂറില്‍ താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. ആദ്യ കോവിഡ് സ്ഥിരീകരിച്ച് 100 ദിവസമായതോടെയാണു സംസ്ഥാനത്ത് രോഗത്തിന്റെ കര്‍വ് നേരെയായത്. നൂറാം ദിനമായ മേയ് എട്ടിനു ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി ചുരുങ്ങി.
ഇതിനു പിന്നാലെ മേയ് ഗള്‍ഫില്‍നിന്നു പ്രവാസികള്‍ എത്തിത്തുടങ്ങിയതോടെ രോഗികളുടെ എണ്ണം അല്പ്പതോതില് വര്‍ധിക്കാന്‍ തുടങ്ങി. പ്രതിദിന രോഗികളുടെ കണക്കില്‍ രണ്ടാമത്തെ വലിയ വര്‍ധനയുണ്ടായത് മേയ് 23നായിരുന്നു-62 പേര്. പിന്നീടങ്ങോട്ട് രോഗികളുടെ എണ്ണം ഏറെക്കുറെ ദിവസങ്ങളിലും ഉയര്‍ന്നു. ജൂണ്‍ 11നു പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി 100 കടന്നു-111 പേര്.
മേയ് ഒന്പതിനു മൊത്തം രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടു. കേവലം 12 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഇരട്ടിയായത്. ജൂണ്‍ 27ന് ആകെ രോഗികളുടെ എണ്ണം നാലായിരവും ജൂലൈ 16നു പതിനായിരവും പിന്നിട്ടു. ജൂലൈ അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം സ്ഥിരമായി ആയിരത്തിനും ആയിരത്തി നാനൂറിനും ഇടയിലായിരുന്നു. ഈ ദിവസങ്ങളിലെല്ലാം സമ്പര്‍ക്ക രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചു. ഓഗസ്റ്റ് ആറിനു മൊത്തം രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു.അതേസമയം രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു. 11,983 പേര് ചികിത്സയിലുണ്ടായിരുന്നപ്പോള്‍ 18,337 പേര് രോഗമുക്തി നേടി. ഇരുന്നൂറാം ദിവസമായ ഓഗസ്റ്റ് 16നു 15,310 പേരാണു ചികിത്സയിലുണ്ടായിരുന്നത്. 28,878 പേര് രോഗമുക്തരായി.
ഓഗസ്റ്റ് 19 മുതലാണ് പ്രതിദിനരോഗികളുടെ എണ്ണം രണ്ടായിരം പിന്നിടാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ ആറോടെ മൂവായിരത്തിനും പതിനേഴോടെ നാലായിരത്തിനും ഇരുപത്തി നാലോടെ വീണ്ടും വര്‍ധിച്ച് ആറായിരത്തിനും മുകളിലെത്തി പ്രതിദിന കണക്ക്. ഒകടോബര് ഏഴിനു പതിനായിരത്തിനു മുകളിലെത്തിയ പ്രതിദിന കണക്ക് പിറ്റേദിവസം മുതല്‍ താഴാന്‍ തുടങ്ങിയെങ്കിലും കഴിഞ്ഞ മൂന്നുമാസമായി കൂടിയും കുറഞ്ഞും അയ്യായിരം-ആറായിരം നിലവാരത്തില്‍ തുടരുകയാണ്.
ഏറ്റവും ഒടുവില്‍ ഇന്നലെ 6268 പേര്‍ക്കാണു സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 6398 പേര് രോഗമുക്തരായി. ഇതോടെ 72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,41,444 പേര് ഇതുവരെ രോഗമമുക്തി നേടി. ഈ മാസം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകള്‍ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകള്‍ ഒഴിവാക്കണം. വിവാഹ ചടങ്ങുകള്‍ തുറസായ സ്ഥലങ്ങളില്‍ നടത്താന്‍ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും മുഖ്യമന്ത്രി. ബസ് സ്റ്റാന്‍ഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലംചെയ്യുമെന്നാണ് ഇനി അറിയാനുള്ളത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്.