തിരുവനന്തപുരം: കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന അവലോകനയോഗം ഇതുസംബന്ധിച്ച നിർണായക തീരുമാനമെടുക്കും. സ്കൂളുകൾ അടയ്ക്കുന്നതും വാരാന്ത്യ – രാത്രി നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യവും ചർച്ചയാവും.
കേരളത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി പതിനായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ കേസുകളുടെ എണ്ണം 13,000 കടന്നു. രോഗവ്യാപന നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. സ്കൂളുകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണമാകും പ്രധാനമായും ചർച്ചയാവുക. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിൽ നിയന്ത്രണങ്ങൾ വരാൻ സാധ്യതയുണ്ട്. എന്നാൽ മാർച്ചിൽ പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടായേക്കില്ല.
ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനുള്ള കർശന നടപടികളും ഉണ്ടായേക്കും. കഴിഞ്ഞ അവലോകന യോഗത്തിൽ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിരുന്നു.
Also Read: ഒമിക്രോൺ: പ്രാദേശിക നിയന്ത്രണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. രോഗലക്ഷണങ്ങളുള്ളവര്‍ പൊതിയിടങ്ങളിലിറങ്ങരുത്. നിലവില്‍ രോഗവ്യാപനം 20-40 വയസിനിടയിലുള്ളവരിലാണ്. അതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു.