തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനാക്കും. സര്‍ക്കാര്‍ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്കു വര്‍ക് ഫ്രം ഹോം അനുവദിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണു തീരുമാനം.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി നടത്തണം.
ടിപിആര്‍ 20നു മുകളിലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തും. വിവാഹ, മരണാനന്തര ചടങ്ങുകളിലും 50 പേര്‍ക്കു മാത്രമേ അനുവാദമുണ്ടാകൂ. കൂടുതല്‍ പേര് പങ്കെടുക്കേണ്ടിവരുന്ന നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദം വാങ്ങണം. ടിപിആര്‍ 30നു മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല. കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി.
വ്യാപാര സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കണം. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാന്‍ പാടില്ല. 25 ചതുരശ്ര അടിയ്ക്ക് ഒരാളെന്ന നിലയിലായിരിക്കണം സാന്നിധ്യം. ഇക്കാര്യം ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം.
ശബരിമല ദര്‍ശനത്തിനു നേരത്തെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ അഭ്യര്‍ഥിച്ച് സന്ദേശം അയയ്ക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പിനു നിര്‍ദേശം നല്കി. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചര്‍ച്ചയിലൂടെ നിശ്ചയിക്കും.
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂള്‍ 21 മുതല്‍ വീണ്ടും അടച്ചിടാന്‍ ഇന്നു തീരുമാനമെടുത്തിരുന്നു. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് അടയ്ക്കുന്നത്. ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ പഠനം മാത്രം മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.
Read More: സ്കൂളുകൾ വീണ്ടും അടച്ചിടാൻ തീരുമാനം, ഒൻപതാം ക്ലാസ് വരെ ഓൺലൈൻ പഠനം മാത്രം
പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരേയുള്ള ക്ലാസ്സുകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. സ്കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതല്‍ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അടച്ചിടാന്‍ മേലധികാരികള്‍ക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.
സ്കൂളുകള്‍ വാക്സിനേഷന് കേന്ദ്രങ്ങളാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിശദമായ മാര്‍ഗരേഖ തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷമുണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്കൂള്‍ പ്രവര്‍ത്തിക്കുന്നതില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും ആശങ്കയുണ്ടന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.
10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.