കോവിഡ് 19: രോഗബാധിതരുമായി സമ്പർക്കത്തിലായ 150 പേരെ തിരിച്ചറിഞ്ഞു

ഇതിൽ 58 പേർ വളരെ അടുത്ത് ഇടപഴകിയവരാണെന്നും മന്ത്രി

kk shailaja, ie malayalam

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ച രോഗികളുമായി സമ്പർക്കം പുലർത്തിയ 150 പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇതിൽ 58 പേർ വളരെ അടുത്ത് ഇടപഴകിയവരാണെന്നും മന്ത്രി വ്യക്തമാക്കി. ഇവർ നിരീക്ഷണത്തിലാണെന്നും കൂടുതൽ ആളുകളെ കണ്ടെത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രെഫഷണൽ കോളെജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ജില്ലയിൽ പൊതുചടങ്ങുകൾ മാറ്റിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ മാറ്റി വെക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട സ്വദേശികളായ അഞ്ച് പേര്‍ക്കാണ് നിലവില്‍ കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും മകനും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്ന് എത്തിയത്.

സംസ്ഥാനത്ത് 732 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 729 സാമ്പിളുകള്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്ന 14 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കി. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നു മന്ത്രി കെകെ ശൈലജ ഫെയ്‌സ്‌ ബുക്ക് പേജിൽ വ്യക്തമാക്കി.

അതേസമയം, കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്റുകാൽ പൊങ്കാലയ്‌ക്ക് മാറ്റമില്ല എന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി. നാളെയാണ് തിരുവനന്തപുരത്ത് പൊങ്കാല. പൊങ്കാല നടക്കുന്നിടത്തെല്ലാം കനത്ത ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലാ കലക്‌ടർ ടി.ബി.നൂഹുമായി ആരോഗ്യമന്ത്രി ചർച്ച നടത്തി. ആരോഗ്യ വകുപ്പ് എട്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പത്തനംതിട്ടയില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 number of people who made contact with virus affected

Next Story
വനിതാ ദിനത്തിൽ വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ ക്യാബിനിൽ കൈവളകിലുക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com