തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗനിര്‍ദേശത്തിന് അനുസരിച്ചാണിത്.

ആഭ്യന്തര യാത്രികര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വീടുകളില്‍ ക്വാറന്റൈന്‍ സംവിധാനമൊരുക്കന്നതിന്റെ മാനദണ്ഡങ്ങള്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

രാജ്യാന്തര യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

 • വിദേശത്തുനിന്ന് എത്തുന്നവർ പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്കു വിധേയരാവണം
 • രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷം കോവിഡ് ജാഗ്രതപരിശോധന കൗണ്ടറുകളിലെത്തണം
 • സ്വന്തം വീടുകളിലോ താമസസ്ഥലത്തോ നിരീക്ഷണത്തില്‍ കഴിയാനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാണെന്ന സത്യവാങ്മൂലം നല്‍കണം. അത്തരത്തിലുള്ള സംവിധാനം ലഭ്യമല്ലെങ്കില്‍ അറിയിക്കണം. ഡെസ്‌കിന്റെ ചുമതലയിലുള്ളവര്‍ യാത്ര വിവരവും വിലാസവുമുള്‍പ്പടെ ജാഗ്രതാ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കണം
 • തെറ്റായ സത്യവാങ്മൂലം നല്‍കിയാലുണ്ടാവുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഡെസ്‌കിന്റെ ചുമതലയുള്ളയാള്‍ യാത്രക്കാരനെ പറഞ്ഞ് മനസിലാക്കണം.
 • തെറ്റായ വിവരങ്ങള്‍ നല്‍കിയാലുണ്ടാവുന്ന നിയമനടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാരനെ അറിയിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും സംസ്ഥാന പകര്‍ച്ചവ്യാധി (ഭേദഗതി) ഓര്‍ഡിനന്‍സ് പ്രകാരവും ശിക്ഷയ്ക്കു വിധേയരാവേണ്ടിവരുമെന്നും പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്നും അറിയിക്കണം.
 • യാത്രക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഡെസ്‌കിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരിശോധിക്കണം
 • ക്വാറന്റൈൻ

 • നിരീക്ഷണസംവിധാനം വീടുകളിലുണ്ടെങ്കില്‍, ഓണ്‍ലൈന്‍ സംവിധാനം വഴി റസിഡന്‍ഷ്യല്‍ ക്വാറന്റൈന്‍ സംവിധാനം സാക്ഷ്യപ്പെടുത്തണം
 • വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാവശ്യമായ സംവിധാനമില്ലെന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സംവിധാനം ക്രമീകരിക്കണം
 • സ്വന്തം താമസസ്ഥലം, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെന്‍, പെയ്ഡ് ക്വാറന്റൈന്‍ സംവിധാനങ്ങളിലേക്കു പോകുന്നവര്‍ സ്വന്തമായി ഏര്‍പ്പെടുത്തിയ വാഹനത്തില്‍ വേണം പോകാന്‍
 • തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പൊലീസിനും അതത് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തുനിന്ന് എത്തിയ ആളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം
 • വീടുകളിലേക്കു പോകുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ തന്നെയാണ് എത്തുന്നതെന്ന് പൊലീസ് ഉറപ്പാക്കണം

ആഭ്യന്തര യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

 • യാത്രയ്ക്കു മുന്‍പ് കോവിഡ് 19 ജാഗ്രത വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം
 • ഓണ്‍ലൈന്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാവശ്യമായ സൗകര്യമുണ്ടെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തണം
 • വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാവശ്യമായ സൗകര്യങ്ങളില്ലെങ്കിലും മറ്റു സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ വിവരം ഓണ്‍ലൈനില്‍ സാക്ഷ്യപ്പെടുത്തണം
 • റജിസ്‌ട്രേഷനു വേണ്ടി ക്രമീകരിച്ച പേജില്‍ ക്വാറന്റൈന്‍ ലംഘിച്ചാലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തണം
 • ക്വാറന്റൈന്‍ ലംഘിച്ചാലുള്ള നിയമ നടപടികള്‍  യാത്രക്കാരനെ അറിയിക്കണം
 • ജില്ലയിലെ കോവിഡ് -19 കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥര്‍ സത്യവാങ്മൂലം പരിശോധിക്കണം
 • വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യമുണ്ടെങ്കില്‍, റസിഡന്‍ഷ്യല്‍ ക്വാറന്റൈന്‍ സംവിധാനം സാക്ഷ്യപ്പെടുത്തണം
 • വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാവശ്യമായ സൗകര്യമില്ലെങ്കില്‍ ഇന്‍സ്റ്റിറ്റിറ്റ്യൂഷണൽ അല്ലെങ്കില്‍ പെയ്ഡ് ക്വാറന്റൈന്‍ സംവിധാനം കണ്ടെത്തണം
 • വീടുകളില്‍ ക്വാറന്റൈന്‍ ഒരുക്കാന്‍ സാധ്യമല്ലെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തിയവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒരുക്കുന്നത്.
 • dubai airport, ie malayalam

  വീടുകളില്‍ എത്തിയ ശേഷം (തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്)

 • യാത്രക്കാർ വീടുകളില്‍ എത്തിയശേഷം സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമാണെന്നും ക്വാറന്റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം
 • സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുകയോ ക്വാറന്റൈന്‍ കൃത്യമായി പാലിക്കാതിരിക്കുകയോ ചെയ്താല്‍ പൊലീസില്‍ വിവരമറിയിക്കുകയും ആളെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലേക്കു മാറ്റുകയും വേണം
 • സുരക്ഷിതമായ ക്വാന്റൈന്‍ ഉറപ്പാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ കുടുംബാഗങ്ങള്‍ക്കു നല്‍കണം
 • നിരീക്ഷണത്തില്‍ കഴിയുന്ന വീട്ടില്‍ ഗുരുതര രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളുണ്ടെങ്കില്‍ അവരെ ബോധവത്കരിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം
 • പൊലീസ് പാലിക്കേണ്ട മുന്‍കരുതലുകള്‍

 • ക്വാറന്റൈന്‍ ലംഘനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും പകര്‍ച്ച വ്യാധി(ഭേദഗതി) നിയമ പ്രകാരവും നിയമ നടപടി സ്വീകരിക്കണം
 • പെയ്ഡ് അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സ്ഥലങ്ങളില്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശഭരണ വകുപ്പും പൊലീസും റവന്യു ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.