തിരുവനന്തപുരം: പ്രവാസികളുടെ ആശങ്ക പരിഹരിച്ച് സംസ്ഥാന സർക്കാർ. നാട്ടിലേക്ക് മടങ്ങിവരാൻ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നിലപാട് സർക്കാർ മയപ്പെടുത്തി. കോവിഡ് പരിശോധന നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ നിലപാട് മാറ്റിയത്. കോവിഡ് പരിശോധന സംവിധാനമില്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് പിപിഇ കിറ്റുകൾ മതി. കോവിഡ് പരിശോധന നടത്താത്ത രാജ്യങ്ങളിൽ നിന്നു വരുന്ന പ്രവാസികൾ പേഴ്‌സണൽ പ്രൊട്ടക്ഷൻ ഇക്വിപ്‌മെന്റ് ധരിച്ച് യാത്ര ചെയ്യാം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങൾ കേന്ദ്രം തള്ളുകയായിരുന്നു. പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ട്രൂ നാറ്റ് കോവിഡ് പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ട്രൂ നാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ അത് സാധ്യമല്ലെന്നും കേന്ദ്രം അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം മറുപടി നൽകിയത്. കോവിഡ് പോസിറ്റീവ് ആയവരെ മറ്റൊരു വിമാനത്തിൽ കൊണ്ടുവരാൻ സജ്ജീകരണമൊരുക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യവും കേന്ദ്രം തള്ളി.

Read Also: ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ യുഎസിൽ മരിച്ച നിലയിൽ; മൃതദേഹം നീന്തൽക്കുളത്തിൽ

അതേസമയം, നാട്ടിലേക്കു വരുന്നവരിൽ ഏതെങ്കിലും ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ ആ വിമാനത്തിലുള്ള എല്ലാവർക്കും രോഗം പകരാൻ സാധ്യതയുണ്ട്. ഇത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിപ്പിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കോവിഡ് നെഗറ്റീവ് ആയവരെയും പോസിറ്റീവ് ആയവരെയും വെവ്വേറെ വിമാനത്തിൽ കൊണ്ടുവരണമെന്ന നിർദേശം സംസ്ഥാനം മുന്നോട്ടുവച്ചത്.

സംസ്ഥാനത്തെത്തുന്ന പ്രവാസികൾക്കു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള തീരുമാനം 25 മുതൽ (നാളെ) പ്രാബല്യത്തിൽ കൊണ്ടുവരാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. ഈ മാസം 20 മുതല്‍ നിര്‍ബന്ധമാക്കാനായിരുന്നു സർക്കാരിന്റെ നേരത്തെയുള്ള തീരുമാനം. പരിശോധന കിറ്റുകളും മറ്റു ക്രമീകരണങ്ങളും ഇരുപത്തിയഞ്ചിനകം സജ്ജമാക്കാന്‍ കഴിയുമെന്നാണു സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: രോഗികളുടെ എണ്ണത്തിൽ വൻകുതിപ്പ്; രാജ്യത്ത് ആശങ്ക

അതേസമയം,ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പരിശോധന നല്ലതല്ലേയെന്നു ചോദിച്ച കോടതി സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കി. പരാതിയുള്ളവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാമെന്നും കാലതാമസമില്ലാതെ തീരുമാനമെടുക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും കെഎസ്ആർ മേനോൻ നൽകിയ ഹർജിയിൽ കോടതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.