രാജ്യത്ത് കോവിഡ്-19 വ്യാപനം തടയുന്നതിന് മുന്നറിയിപ്പില്ലാതെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ദിനം മുതല്‍ എല്ലായിടത്തുനിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകണമെന്നാവശ്യപ്പെട്ട് സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ച് തെരുവില്‍ ഇറങ്ങിയിരുന്നു. ലോക്ക്ഡൗണ്‍ വീണ്ടും രണ്ടാഴ്ച്ച കൂടി നീട്ടിയതിന് പിന്നാലെ റെയില്‍വേ ആറ് ട്രെയിനുകള്‍ അന്യസംസ്ഥാന തൊഴിലാളികളേയും തീര്‍ത്ഥാടകരേയും വിനോദ സഞ്ചാരികളേയും മറ്റും സ്വന്തം നാടുകളില്‍ എത്തിക്കുന്നതിന് സര്‍വീസ് നടത്തി.
കേരളത്തില്‍ ആലുവയില്‍ നിന്നാണ് മെയ് ഒന്നിന് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. ഇന്ന് തിരുവനന്തപുരം, കൊച്ചി, ആലുവ, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളില്‍ നിന്നും ഓരോ ട്രെയിനുകള്‍ വീതം അതിഥി തൊഴിലാളികളേയും വഹിച്ചു കൊണ്ട് പുറപ്പെടും. 1,200 പേരെ വീതമാണ് യാത്രയാക്കുന്നത്.

മെയ് ഒന്നിന് തെലങ്കാനയിലെ ലിങ്കംപള്ളിയില് നിന്നും ജാര്‍ഖണ്ഡിലെ ഹാതിയയിലേക്കും ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കും നാസിക്കില്‍ നിന്നും ലഖ്നൗവിലേക്കും നാസിക്കില്‍ നിന്നും ഭോപാലിലേക്കും ജയ്പൂരില്‍ നിന്നും പട്നയിലേക്കും കോട്ടയില്‍ നിന്നും ഹാതിയയിലേക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു. മറുനാടുകളില്‍ ഒറ്റപ്പെട്ടുപോയവരെ സ്വന്തംനാടുകളില് എത്തിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ റെയില്‍വേ ഓടിക്കുമെന്നാണ് കരുതുന്നത്.
ഇന്ന് തിരുവനന്തപുരത്തുനിന്നും ഹാതിയയിലേക്കാണ് ട്രെയിന്‍ പോകുന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. വൈദ്യ പരിശോധനയടക്കം നടത്തി ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ ശേഷമാകും ഇവരെ അയക്കുക. രോഗലക്ഷണമുള്ളവരെ അയക്കില്ല. പരിശോധനയ്ക്കും രജിസ്ട്രേഷനുമായി പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തുന്നുണ്ട്. ഉച്ചയോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നും കളക്ടര്‍ പറഞ്ഞു.
Read Also: ‘ഭായ്’, പോയ് വരാം; വീടണയുന്ന സന്തോഷത്തിൽ അതിഥി തൊഴിലാളികൾ
തിരൂരില്‍ നിന്നും ബീഹാറിലെ ദാനാപൂരിലേക്കാണ് ട്രെയിനെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. 1200 പേരാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. കോഴിക്കോട് നിന്നും റാഞ്ചിയിലേക്കാണ് സര്‍വീസ്. തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നും കെ എസ് ആര് ടി സി ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നത്.

മെയ് ഒന്നിന് ലിങ്കംപള്ളിയില് നിന്നും ഹാതിയയിലേക്കുള്ള ട്രെയിന്‍ ഓടിത്തുടങ്ങുന്നത് വരെ തീരുമാനം വളരെ രഹസ്യമായിട്ടായിരുന്നു നടപ്പിലാക്കിയത്. രണ്ട് ദിവസം മുമ്പ് ഒറ്റപ്പെട്ടുപോയവരെ ബസുകളില്‍ സ്വന്തംനാട്ടിലേക്ക് അയക്കാമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വിമര്‍ശിച്ചിരുന്നു. ട്രെയിന്‍ വേണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. ഇതേതുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ട്രെയിനുകള്‍ അനുവദിച്ചത്. എന്നാല്‍ ഉത്തരവ് ഇറങ്ങിയത് ആദ്യ ട്രെയിന്‍ യാത്ര തുടങ്ങിയശേഷവും.
കേരളത്തില്‍ നിന്നുമുള്ള ട്രെയിനുകളില്‍ ആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഓരോ രണ്ട് ബോഗികളിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. യാത്രക്കാര്‍ ലക്ഷ്യസ്ഥാനമെത്തുന്നതിന് മുമ്പ് ഇറങ്ങിപ്പോകാതിരിക്കുന്നതിനാണ് മുന്‍കരുതല്‍. കൂടാതെ, ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും മറ്റും കരുതിയിട്ടുണ്ട്.
ഇവരുടെ ടിക്കറ്റ് അടക്കമുള്ള യാത്രച്ചെലവ് യാത്രാ ചെലവ് യാത്ര പുറപ്പെടുന്ന സ്ഥലത്തെ സര്‍ക്കാരോ സ്വന്തം സംസ്ഥാനമോ വഹിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതേസമയം, കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ ചെലവ് കേരള സര്‍ക്കാര്‍ വഹിക്കുന്നുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ചാര്‍ജ്ജിനൊപ്പം റെയില്‍വേ 30 രൂപ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്ജായും കൂടാതെ മറ്റൊരു 20 രൂപയും ഓരോ ടിക്കറ്റിനും ഈടാക്കുന്നുണ്ട്.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ധനകാര്യമന്ത്രി തോമസ് ഐസക് വിമര്‍ശിച്ചു. അതിഥി തൊഴിലാളികളുടെ യാത്രയ്ക്കുള്ള തുക എന്തിനാണ് സംസ്ഥാനങ്ങളുടെ ചുമലില്‍ വയ്ക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്രച്ചെലവ് വഹിക്കുന്നത് കൂടാതെ, എല്ലാ തൊഴിലാളികള്‍ക്കും 7,500 രൂപ വീതം ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ നല്‍കണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
Read Also: Coronavirus Kerala Live Updates: ലോക്ക്ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസിനെതിരെ കേസ്
ജാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പാണ് യാത്രക്കാരുടെ രജിസ്ട്രേഷന് നടത്തിയത്. യാത്രക്കാരോട് ടിക്കറ്റിനായി 875 രൂപ ആവശ്യപ്പെട്ടുവെന്നും തൊഴിലാളികള്‍ പറയുന്നു. കോവിഡ്-19 അവസാനിച്ചശേഷം തിരികെ വരുമെന്ന് ഹാതിയയിലേക്കുള്ള യാത്രക്കാരനായ നൗമ യാദവ് പറഞ്ഞു.

വ്യാഴ്യാഴ്ച്ച വൈകുന്നേരം റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും തമ്മില്‍ നടത്തിയ യോഗത്തിലാണ് ട്രെയിനില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാന്‍ തീരുമാനം എടുത്തത്. ഓരോ കോച്ചിലും 54 യാത്രക്കാരാണുള്ളത്. സാമൂഹിക അകലം പാലിച്ചാണ് യാത്ര. റെയില്‍വേയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കുന്നുവെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറലായ അരുണ്‍ കുമാര്‍ പറഞ്ഞു. സ്റ്റോപ്പുകളില്ലാത്ത ട്രെയിനുകള്‍ ആണെങ്കിലും ജീവനക്കാരുടെ ഡ്യൂട്ടി മാറുന്നതിനായി നിര്‍ത്തും.