കോഴിക്കോട്: നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും കണ്ണൂരും അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി. കോഴിക്കോട് കുറ്റ്യാടിക്ക് സമീപം പാറക്കടവില്‍ നൂറോളം അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി. അതേസമയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഉത്തര്‍പ്രദേശിലേക്ക് പോകാന്‍ ബസോ ട്രെയിനോ ഉടന്‍ എത്തിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് വളപട്ടണത്ത് നിന്നെത്തിയ അതിഥി തൊഴിലാളികള്‍ പ്രതിഷേധം നടത്തി.

ബിഹാറില്‍നിന്നുള്ള തൊഴിലാളികളാണ് പാറക്കടവില്‍ തെരുവിലിറങ്ങിയത്. പൊലീസ് തൊഴിലാളികളെ വിരട്ടിയോടിച്ചു. ബിഹാറിലേക്ക് 20 ന് ശേഷം മാത്രമേ ട്രെയിനുളളൂ എന്നറിയിച്ചിട്ടും പിരിഞ്ഞുപോകാന്‍ തൊഴിലാളികള്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു.

കണ്ണൂരില്‍ ബഹളം വച്ചത് യുപി, ബീഹാര്‍ സ്വദേശികള്‍ റെയില്‍വേ പാളത്തിലൂടെ നടന്നാണ് റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിവൈഎസ് പി തലത്തിലെ ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ തിരക്കുകയും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതിനെ വിശദീരിക്കുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് തുടങ്ങുമ്പോള്‍ അവരെ യാത്ര അയക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈക്കിളില്‍ ഒഡീഷയിലേക്ക് പോകാനൊരുങ്ങിയ 17 പേരെ പൊലീസ് തിരികെ ക്യാമ്പിലേക്ക് അയച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also: ഔരയ്യ അപകടം: മൃതദേഹങ്ങളേയും പരിക്കേറ്റവരേയും ഒരേ ലോറിയില്‍ അയച്ച് ഉത്തര്‍പ്രദേശ്‌

ഇവിടെ തൊഴിലാളികളും നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. 12 മണിയോടെയാണ് നാട്ടില്‍ പോകണമെന്ന ആവശ്യവുമായി നൂറോളം ബിഹാർ സ്വദേശികൾ പ്രതിഷേധവുമായി എത്തിയത്. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ബിഹാറിലേക്ക് 20-ാം തീയതി കഴിഞ്ഞേ ട്രെയിന്‍ ഉള്ളൂവെന്നും കാത്തിരിക്കണമെന്നും പറഞ്ഞിട്ടും തൊഴിലാളികള്‍ തൃപ്തരായില്ല. ജാര്‍ഖണ്ഡില്‍ നിന്നും ഒഡീഷയില്‍ നിന്നുമുള്ള തൊഴിലാളികളെല്ലാം പോയെന്നും തങ്ങള്‍ക്കും പോകണം എന്നായിരുന്നു അവരുടെ ആവശ്യം.

ബസ് വാടകയ്‌ക്കെടുത്ത് നല്‍കാമെന്നും 40 പേര്‍ക്ക് അതില്‍ യാത്ര ചെയ്യാമെന്നും ഓരോരുത്തര്‍ 7000 രൂപ വീതം നല്‍കണമെന്നും പൊലീസ് പറഞ്ഞപ്പോള്‍ തങ്ങളുടെ കൈയില്‍ പണമില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പണമില്ലെങ്കില്‍ കാത്തിരിക്കണമെന്ന് പൊലീസ് പറഞ്ഞുവെങ്കിലും തങ്ങള്‍ നടന്നു പോകുമെന്നും തൊഴിലാളികള്‍ പറഞ്ഞു. ഈ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

Read Also: കോൺഗ്രസ് നൽകിയ ബസുകളുടെ ലിസ്റ്റിൽ കൂടുതലും ബൈക്കുകളും ഓട്ടോകളുമെന്ന് യുപി മന്ത്രി

പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ നിന്ന തൊഴിലാളികളില്‍ ഒരാളെ പൊലീസ് തല്ലി. അതുകണ്ട ചില തൊഴിലാളികള്‍ എസ്‌ഐയുടെ ലാത്തിക്കു പിടിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരില്‍ ചിലര്‍ തൊഴിലാളികളെ കൈയേറ്റം ചെയ്തുവെന്നും പൊലീസും നാട്ടുകാരും ചേര്‍ന്ന് തൊഴിലാളികളെ വിരട്ടിയോടിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അതേസമയം, പണിയില്ലെന്നും കൈയില്‍ പണമില്ലെന്നും കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും കണ്ണൂരില്‍ പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ പരാതിപ്പെടുന്നു. വണ്ടി കിട്ടിയില്ലെങ്കില്‍ തീവണ്ടിപ്പാളം വഴി നടന്നുപോകുമെന്ന് അവര്‍ പറഞ്ഞു. പല തവണ ചര്‍ച്ച നടത്തിയിട്ടും ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസെത്തി ഇവരെ വിരട്ടിയോടിച്ച് ബസില്‍ കയറ്റി തിരികെ താമസ സ്ഥലത്ത് കൊണ്ടുപോയി വിട്ടു.

അതേസമയം, അതിഥി തൊഴിലാളികളുടെ ഗതാഗതത്തിനായി ഇന്ത്യന്‍ റെയില്‍വേയുമായി ഏകോപിപ്പിച്ച് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രാലയം പറഞ്ഞു. കോവിഡ് -19 വ്യാപനത്തെ സംബന്ധിച്ച ഭയവും ഉപജീവനമാര്‍ഗം നഷ്ടപ്പെടുമോ എന്ന ആശങ്കയുമാണ് തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കയച്ച ഔദ്യോഗിക കത്തില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.