കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ രാജ്യം മുഴുവൻ നിശ്ചലമാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊച്ചി മെട്രോ അടക്കം രാജ്യത്തെ മുഴുവൻ മെട്രോ സർവീസുകളും മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഇന്നു മുതൽ 31 വരെയാണ് മെട്രോ സേവനം നിലയ്ക്കുക. കോവിഡ് വ്യാപനം തടയുന്നതിനുവേണ്ടിയാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന്റെ ഭാഗമായി രാജ്യത്തെ മെട്രോ സേവനം ഇന്നു നിർത്തിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാർച്ച് 31 വരെ സേവനം നിർത്തിവയ്ക്കാനുളള തീരുമാനമെടുത്തത്.

Read Also: ട്രെയിൻ ഗതാഗതം നിലയ്ക്കും; മാർച്ച് 31 വരെ പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തില്ല

കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ട്രെയിൻ ഗതാഗതവും പൂർണമായും നിലയ്ക്കും. ഈ മാസം 31 വരെ രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകളുൾപ്പടെ സര്‍വീസുകൾ നിര്‍ത്തിവയ്ക്കും. ട്രെയിന്‍ യാത്ര രോഗവ്യാപനത്തിന് കാരണമാവുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തേ ട്രെയിന്‍ യാത്ര ഒഴിവാക്കാന്‍ യാത്രക്കാരോട് റെയില്‍വേ ആവശ്യപ്പെട്ടിരുന്നു. കോവിഡ്-19 ബാധിതരായ സഹയാത്രികരില്‍നിന്നും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Read Also: തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പെടെ 75 ജില്ലകള്‍ പൂര്‍ണമായും അടച്ചിടാന്‍ നിര്‍ദേശം

കൊങ്കണ്‍ റെയില്‍വെ, കൊല്‍ക്കത്ത മെട്രോ, ഡല്‍ഹി മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം സര്‍വീസ് നടത്തില്ല. അതേസമയം ഇതിനോടകം മാർച്ച് 22 നാലിന് മുന്നേ യാത്ര പുറപ്പെട്ട ട്രെയിനുകൾ അവസാന സ്റ്റേഷൻ വരെ സർവീസ് നടത്തും. ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.