മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം അതീവരൂക്ഷമായി. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ജില്ലയിൽ ഇന്നുമാത്രം 47 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച ജില്ലയും മലപ്പുറമാണ്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 22 പേർക്ക് ഇന്ന്‌ രോഗമുക്തി ലഭിച്ചതാണ് ജില്ലയെ സംബന്ധിച്ചുള്ള ആശ്വാസവാർത്ത.

നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേര്‍ക്ക് സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാള്‍ കണ്ണൂരില്‍ നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്‌ടർ കെ.ഗോപാലകൃഷ്‌ണൻ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ മൂന്ന് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: കുതിച്ചുയരുന്ന കോവിഡ് വ്യാപന നിരക്ക്: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയുമായി അടുത്തിടപഴകിയ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 32 വയസുകാരന്‍, മെയ് 19 ന് രോഗബാധയുണ്ടായ ചുങ്കത്തറ സ്വദേശിയുമായി അടുത്തിടപഴകിയ ചുങ്കത്തറ ചേങ്ങാട്ടൂര്‍ സ്വദേശി 44 വയസുകാരി, മെയ് 19 ന് രോഗബാധ സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി നേരിട്ട് ഇടപഴകിയ എടക്കര പാലേമാട് സ്വദേശി 39 വയസുകാരന്‍, കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരനുമായി ഇടപഴകിയ നിലമ്പൂര്‍ സ്വദേശി 36 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ 26 വയസുകാരനും കോഴിക്കോട്ടെ വിമാനത്താവള ജീവനക്കാരനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. വട്ടംകുളം സ്വദേശികളായ 39 വയസുകാരന്‍, 50 വയസുകാരി, 33 വയസുകാരി, 23 വയസുകാരന്‍, 32 വയസുകാരി എന്നിവര്‍ക്ക് സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ നിന്ന് വടകര വഴി ജൂണ്‍ 14 ന് ജില്ലയില്‍ തിരിച്ചെത്തിയ പുല്‍പ്പറ്റ സ്വദേശി 26 വയസുകാരനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകൾ ഉപയോഗപ്പെടുത്താം.

ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.