തിരുവനന്തപുരം: നഗരത്തിൽ ലോട്ടറി വിൽപ്പനക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാനിർദേശം നൽകി മേയർ വി.ശ്രീകുമാർ. ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊതുനിരത്തുകളിലടക്കം നിയന്ത്രണം വര്‍ദ്ധിപ്പിക്കുമെന്ന്‌ മേയർ അറിയിച്ചു.

“നഗരത്തിലെ മുഴുവൻ മാര്‍ക്കറ്റുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ലോട്ടറി ജീവനക്കാരന് രോഗം പിടിപ്പെട്ടത് അപകടകരമായ സാഹചര്യമാണ്,” നിലവിലെ സാഹചര്യത്തിൽ നഗരം അടച്ചിടില്ലെന്നും മേയർ പറഞ്ഞു. ജില്ലയിൽ ഇന്ന് ഒൻപത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

Read Also: കോട്ടയത്ത് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കോവിഡ്, ആശങ്ക

പാളയത്തെ സാഫല്യം കോംപ്ലക്‌സ് ഏഴു ദിവസത്തേക്ക് അടച്ചിടും. സാഫല്യം കോംപ്ലക്‌സ് പരിസരത്തു വഴിയോര കച്ചവടം അനുവദിക്കില്ല. കോംപ്ലക്‌സിൽ വന്നുപോയവരെ നിരീക്ഷിക്കും. മുൻകരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്‌സിനു സമീപത്തുള്ള പാളയം മാർക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താൽക്കാലികമായി അവസാനിപ്പിക്കും. പ്രധാന ഗേറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. പാളയം മാർക്കറ്റിന് മുൻപിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമുണ്ടാകും.

ആൾക്കൂട്ടം കുറയ്‌ക്കുന്നതിനായി ചാല, പാളയം മാർക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി നഗരസഭ ഏർപ്പടുത്തിയിരുന്ന നിയന്ത്രണങ്ങൾ നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മർക്കറ്റുകളിലേക്കും, മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു. ആൾക്കൂട്ടമുണ്ടാകുന്ന ബസ് സ്റ്റോപ്പുകൾ, ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തും. ഇതിനായി പൊലീസിന്റെ സഹായവും പ്രയോജനപ്പെടുത്തും.

നഗരത്തിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തും. ബുധനാഴ്ച്ച പൂന്തുറയിലുള്ള മത്സ്യ തൊഴിലാളിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബീമാപള്ളി ആശുപത്രി ക്വാറന്റെെൻ സെന്ററാക്കി നഗരസഭ മാറ്റിയിട്ടുണ്ട്. തീരദേശ മേഖല കേന്ദ്രീകരിച്ച് അടിയന്തരമായി അഞ്ച് പുതിയ ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റെെൻ സെന്ററുകൾ കൂടി ആരംഭിക്കുമെന്നും മേയർ പറഞ്ഞു. തീരദേശ മേഖല കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും.

നഗരത്തിലെ സാഹചര്യം കണക്കിലെടുത്ത് നഗരത്തിൽ നടത്തുന്ന സമരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സ്വയം നിയന്ത്രണത്തിന് തയ്യാറാവണമെന്നും മേയർ അഭ്യർത്ഥിച്ചു. ഉറവിടമറിയതെ രോഗം സ്ഥിതീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിന് തയ്യാറാവണമെന്നും മേയർ പറഞ്ഞു.

ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശേരിയിലെത്തിയ പോങ്ങുംമൂട് സ്വദേശിനി 45 കാരി. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂൺ 23ന് പൂനെയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ കാട്ടാക്കട സ്വദേശി 20കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആലുവിള, ബാലരാമപുരം സ്വദേശി 47 വയസ്സുകാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

Read Also: ‘പോസിറ്റീവ് ഫലം ലഭിച്ചപ്പോൾ അവർ എന്നെ കുറ്റവാളിയെപ്പൊലെ നോക്കി’: നവ്യ തന്റെ ദുരനുഭവും പങ്കുവച്ചപ്പോൾ

നെയ്യാറ്റിൻകര വഴുതൂർ സ്വദേശി 25 വയസ്സുകാരൻ. വിഎസ്എസ്‌സിയിൽ അപ്രന്റീസ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. മണക്കാട് രോഗം സ്ഥിരീകരിച്ച വിഎസ്‌എസ്‌സി ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. മണക്കാട് സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ഇയാൾ ജീവനക്കാര്‍ ഐസോലേഷനില്‍ പ്രവേശിച്ചിരുന്നു.

അതിഥി തൊഴിലാളിയായ ആസാം സ്വദേശി 24 കാരൻ. പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലിചെയ്തുവരുന്നു. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ചാന്നാങ്കര, വെട്ടുതറ സ്വദേശിനി രണ്ടുവയസുകാരി. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തി. ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

വഞ്ചിയൂർ, കുന്നുംപുറം സ്വദേശി ലോട്ടറി വിൽപ്പനക്കാരനായ 45 വയസ്സുകാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂലൈ ഒന്നിന് അബുദാബിയിൽ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂർ, കുന്നുകുഴി സ്വദേശി 47 വയസ്സുകാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശി 65 വയസ്സുകാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.