തിരുവനന്തപുരം: ബിസിനസുകാരനായ കെന്നി ജേക്കബിനു കഴിഞ്ഞ ദിവസം ലഭിച്ച ഓഫീസിലെ വൈദ്യുതി ബില്‍ 14,000 രൂപയുടേതാണ്. കോവിഡ്-19 പ്രതിരോധത്തിനായി ലോക്ക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 25 മുതല്‍ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. എന്നിട്ടും 1800 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചുവെന്നാണു ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ അഖില്‍ കൃഷ്ണയുടെ വീട്ടിലെ ബില്‍ തുക 300 രൂപ അധികം വന്നു. അഖിലിന്റെ വീട്ടില്‍ അച്ഛനും അമ്മയും മാത്രമാണു താമസിക്കുന്നത്. കണ്ണൂര്‍ സ്വദേശി വിപി ഷറഫുദ്ദീന്റെ വീട്ടിലെ ബില്‍ 14,000 രൂപയുടേതാണ്. സാധാരണ 9,000 രൂപ വരെയേ വരാറുള്ളൂവെന്ന് അദ്ദേഹം പറയുന്നു. ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങില്‍നിന്ന് ഇത്തരം പരാതികള്‍ ഉയരുകയാണ്.

ലോക്ക്ഡൗണും വേനലും ഒരുമിച്ച്, ഉപഭോഗം കൂടി

ലോക്ക്‌ഡൗണ്‍ മൂലം എല്ലാവരും വീട്ടില്‍ ഇരിക്കുന്ന അവസ്ഥയില്‍ വൈദ്യുതി ഉപഭോഗം കൂടിയതയാണു കെഎസ്ഇബി ജീവനക്കാര്‍ പറയുന്നത്. കൂടാതെ, വേനല്‍ക്കാലവുമാണ്.

അഖില്‍ താമസിക്കുന്നത് മറ്റൊരു ഫ്‌ളാറ്റിലാണ്. അഖില്‍ ‘വര്‍ക്ക് ഫ്രം ഹോം’ ആയതിനാല്‍ കൂടുതല്‍ സമയം മൊബൈല്‍ ഫോണും ലാപ് ടോപ്പും ഫാനും ഉപയോഗിക്കേണ്ടി വരുന്നുണ്ട്.

Read Also: ക്ഷേത്ര ഫണ്ട് ദുരിതാശ്വാസനിധിക്ക്‌; മതവിദ്വേഷം പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

അംഗങ്ങള്‍ എല്ലാം വീട്ടില്‍ ഇരിക്കുന്നതിനാല്‍ കുറഞ്ഞത് 12 മണിക്കൂറെങ്കിലും ടിവി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോട്ടയം സ്വദേശിയായ അനില്‍ ഫിലിപ്പ് പറയുന്നു. ”ഫാന്‍ അതില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. തണുത്ത വെള്ളം എടുക്കാന്‍ കൂടുതല്‍ തവണ റഫ്രിജറേറ്റര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുണ്ട്. ഓരോ തവണ തുറക്കുമ്പോഴും കുറയുന്ന തണുപ്പ് അടയ്ക്കുമ്പോള്‍ കൂട്ടാന്‍ കംപ്രസര്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. കൂടാതെ, ദിനംപ്രതി പച്ചക്കറികളും മത്സ്യവും വാങ്ങാതെ ഒരുമിച്ച് വാങ്ങി കൂടുതല്‍ ദിവസത്തേക്ക് സൂക്ഷിക്കുന്നതും റഫ്രിജറേറ്ററിന്റെ വൈദ്യുതി ഉപഭോഗം വര്‍ധിപ്പിക്കുന്നുണ്ട്. വേനലില്‍ കിണറുകളില്‍ വെള്ളം കുറവായതിനാല്‍ പല തവണ മോട്ടോര്‍ ഓണ്‍ ചെയ്യേണ്ടി വരുന്നതും വൈദ്യുതി ബില്ല് വര്‍ധിപ്പിക്കും,” അനില്‍ പറഞ്ഞു.

കഴിഞ്ഞ മാസത്തെ മീറ്റര്‍ റീഡിങ് വൈകി

വൈദ്യുതി ബില്ലില്‍ വര്‍ധനവ് വരാന്‍ മറ്റൊരു കാരണം, കഴിഞ്ഞ മാസം മീറ്റര്‍ റീഡിങ് എടുത്ത് ബില്‍ നല്‍കുന്നതില്‍ വന്ന കാലതാമസമാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എല്ലാ ഏപ്രില്‍ മാസവും ഉയരുന്ന പരാതിയാണിതെന്നു ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (ഐടി) ജെ. സത്യരാജ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

”മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പെസഹ, ദുഃഖ വെള്ളി, വിഷു കൂടാതെ പ്രാദേശികമായ അവധി ദിവസങ്ങളും വരുമ്പോള്‍ ജീവനക്കാര്‍ക്കു റീഡിങ് എടുത്ത് ബില്‍ നല്‍കാനാകില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു 60 ദിവസം കൂടുമ്പോഴാണു ബില്‍ നല്‍കുന്നത്,” സത്യരാജ് പറഞ്ഞു.

Read Also: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 60,000 ത്തിലേക്ക്

ബില്‍ തുക കണക്കാക്കുന്നതിന്റെ ഒരു ഉദാഹരണം നോക്കാം. ഫെബ്രുവരി ഒന്നിന് ഒരു വീട്ടില്‍ കെഎസ്ഇബി ജീവനക്കാരന്‍ റീഡിങ് നോക്കി ബില്‍ നല്‍കി പോയി. അടുത്ത ബില്‍ നല്‍കാന്‍ വരേണ്ടത് 60 ദിവസമാകുന്ന ഏപ്രില്‍ ആദ്യ ആഴ്ചയിലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം റീഡിങ് എടുക്കുന്നത് നിര്‍ത്തിവച്ചിരുന്ന സമയത്ത് ബില്‍ നല്‍കിയിരുന്നില്ല. വീണ്ടും ബില്‍ കൊടുത്തു തുടങ്ങിയപ്പോള്‍ ഈ വീടുകളില്‍ വീണ്ടും റീഡിങ് എടുത്ത ദിവസത്തെ വരെയുള്ള റീഡിങ് കണക്കാക്കിയാണു ബില്‍ നല്‍കുന്നത്. അതുമൂലം, 60 ദിവസത്തില്‍ കൂടുതലുള്ള ദിവസത്തെ ഉപഭോഗത്തിനുള്ള തുക ഇപ്പോള്‍ ഉപഭോക്താവ് നല്‍കേണ്ടിവരുന്നതായി മറ്റൊരു കെഎസ്ഇബി ജീവനക്കാരന്‍ പറഞ്ഞു.

കഴിഞ്ഞ മാസം ഈ പറഞ്ഞ അവധികള്‍ കൂടാതെ കോവിഡ്-19 മൂലം റീഡിങ് എടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 20നുശേഷം റീഡിങ് എടുത്തിരുന്നില്ല. ഏപ്രില്‍ 21 മുതലാണു റീഡിങ് എടുത്ത് തുടങ്ങിയതെന്നും ജീവനക്കാര്‍ പറഞ്ഞു.

ഏപ്രില്‍ 21 മുതല്‍ 27 വരെ നല്‍കിയ ബില്ലുകളിലാണു കൂടുതല്‍ തുക വന്നിട്ടുള്ളതെന്നു സത്യരാജ് പറഞ്ഞു. 60 മുതല്‍ 65 ദിവസം വരെയുള്ള ഉപഭോഗത്തിന്റെ ബില്ലാണു നല്‍കിയത്. ഏപ്രില്‍ 30-നു മുമ്പ് റീഡിങ് പൂര്‍ത്തിയാക്കണമെന്ന് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ജീവനക്കാരുടെ വീട്ടിലെയും ബില്‍ തുക കൂടുതലാണെന്നു സത്യരാജ്  പറഞ്ഞു.

അടുത്ത ബില്‍ തുക കുറയും

ഇത്തവണത്തെ ബില്ലില്‍ കൂടുതല്‍ ദിവസത്തെ ഉപഭോഗത്തിനുള്ള തുക നല്‍കേണ്ടി വരുന്നതുമൂലം ഉപഭോക്താവിനു നഷ്ടം വരുന്നില്ല. അടുത്ത ബില്‍ എടുക്കാന്‍ ജീവനക്കാരന്‍ വരുന്നത് ഏപ്രില്‍ ആദ്യ വാരം റീഡിങ് എടുക്കേണ്ടിയിരുന്ന ദിവസം മുതലുള്ള 60 ദിവസം കണക്കാക്കിയാകും. അതായത് ജൂണ്‍ ആദ്യ വാരം. എന്നാല്‍ അവസാനം റീഡിങ് എടുത്തതു മുതല്‍ ജൂണ്‍ ആദ്യ വാരം വരെയുള്ള ഉപഭോഗത്തിനുള്ള തുക കൊടുത്താല്‍ മതി. അപ്പോള്‍ 60 ദിവസം എന്നുള്ളത് കുറയും. ഇപ്പോള്‍ 65 ദിവസത്തെ തുക കൊടുത്തയാള്‍ അടുത്ത തവണ 55 ദിവസത്തെ പണം നല്‍കിയാല്‍ മതി.

ബില്ലില്‍ ഏറ്റവും അവസാനം റീഡിങ് എടുത്ത ദിവസും പുതിയ തിയതിയും ഉണ്ട്. അതുവച്ച് കണക്കുകൂട്ടിയാല്‍ എത്ര ദിവസത്തെ ബില്ലാണു ലഭിച്ചതെന്ന് ഉപഭോക്താവിനു മനസിലാക്കാനാവുമെന്ന് സത്യരാജ് പറഞ്ഞു.

ഉപഭോഗത്തിനനുസരിച്ച് വില കൂടുന്നു

ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം കൂടുന്നതിനനുസരിച്ച് വിലയും കൂടുന്ന തരത്തിലുള്ളതാണു കെഎസ്ഇബിയുടെ നയം. ഇതാണു ബില്‍ തുക കൂടാനുള്ള മൂന്നാമത്തെ കാരണമെന്നു സത്യരാജ് പറഞ്ഞു.

Read Also: കോവിഡ് ടെസ്റ്റ് ഗുരുതരാവസ്ഥയിലുളള രോഗികൾക്ക് മാത്രം; പുതിയ കേന്ദ്ര മാർഗ നിർദേശം

300 വരെയുള്ള ഓരോ യൂണിറ്റിനും 5.80 രൂപയാണു നല്‍കേണ്ടത്. 301 മുതലുള്ളതിന് 6.60 രൂപയും 400-നു മുകളില്‍ 6.90 രൂപയും 500-നു മുകളില്‍ 7.10 രൂപയുമാണു നിരക്ക്. ഒരു ഉപഭോക്താവ് 350 യൂണിറ്റ് ഉപയോഗിച്ചാല്‍ ബില്‍ തുക കണക്കാക്കുന്നത് ഇങ്ങനെ: 300 വരെയുള്ള ഓരോ യൂണിറ്റിനും 5.80 രൂപ തോതിലും ബാക്കിയുള്ള 50-ന് ഓരോ യൂണിറ്റിനും 6.60 രൂപ തോതിലും.

ബിസിനസുകാര്‍ പേടിക്കണ്ട, കെഎസ്ഇബി കുറച്ചുതരും

ഓഫീസുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും കാര്യത്തില്‍ സംഭവിച്ചതു മറ്റൊന്നാണ്. ലോക്ക് ഡൗണ്‍ മൂലം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നതിനാല്‍ മീറ്റര്‍  റീഡിങ് എടുത്ത് ബില്‍ നല്‍കാനാകുന്നില്ല. ഈ സാഹചര്യത്തെ ‘ഡോര്‍ ലോക്ക്ഡ്‌’ എന്നാണ് കെഎസ്ഇബി വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ ഉപഭോഗത്തിന്റെ ശരാശരി കണക്കാക്കിയാണു ബില്‍ നല്‍കുന്നത്.

കെഎസ്ഇബി കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ ഓരോ ഉപഭോക്താവിന്റെയും ഒരു വര്‍ഷത്തെ ഉപഭോഗത്തിന്റെയും തുകയുടെയും ശരാശരി സൂക്ഷിക്കുന്നുണ്ട്. ആ ശരാശരി ഉപയോഗിച്ചാണു കമ്പ്യൂട്ടര്‍ ജനറേറ്റഡ് ബില്‍ ലഭിച്ചത്. ഇനി സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ മീറ്റര്‍ റീഡിങ് എടുക്കും. മുന്‍പത്തെ റീഡിങ്ങുമായി താരതമ്യപ്പെടുത്തി യഥാര്‍ഥ ഉപഭോഗം എത്രയെന്നു തുക കുറച്ചുനല്‍കും. അതിനാല്‍ ഡോര്‍ലോക്ക് കാലത്ത് ലഭിച്ച ബില്ലിലെ തുക അടച്ചാലും നഷ്ടം വരില്ല.

Read Also: 100-ാം ദിനം കേരളം കര്‍വ് നിവര്‍ത്തി; നടുനിവര്‍ത്താന്‍ സമയമായില്ല

കെഎസ്ഇ ബിയ്ക്കു സൗരോര്‍ജം നല്‍കുന്നവര്‍ക്കും തുക കുറച്ച് നല്‍കിയിട്ടില്ല.
ഷറഫുദ്ദീന്റെ വീട്ടില്‍ സൗരോര്‍ജം ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബിയ്ക്ക് കൈമാറുന്നുണ്ട്. ഇതിനു തുക കണക്കാക്കി വീട്ടിലെ വൈദ്യുതോപഭോഗത്തിന്റെ ബില്ലില്‍ കുറയ്ക്കുകയായിരുന്നു പതിവ്. ഇത്തവണ അതുണ്ടായിരുന്നില്ല. ലോക്ക് ഡൗണ്‍ കഴിയുന്നതോടെ കെഎസ്ഇബി ബില്‍ തുക കുറച്ചുതരുമെന്നാണു ഷറഫുദ്ദീന്റെ പ്രതീക്ഷ.

പതിനേഴായിരത്തോളം രൂപയുടെ ബില്ലാണു ഷറഫുദ്ദീന് സാധാരണഗതിയില്‍ ലഭിക്കാറുള്ളത്. അതില്‍നിന്നു സൗരോര്‍ജത്തിന്റെ വില കുറച്ച് 8000 രൂപ മുതല്‍ 9000 രൂപ വരെ ബില്ലായി അടയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയുമായി വൈദ്യുതി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നതിനാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഷറഫുദ്ദീനു വ്യക്തമായ അറിവുണ്ട്. അതിനാല്‍, ബില്‍ തുക കൂടിയത് അദ്ദേഹത്തെ ഒട്ടും വിഷമിപ്പിക്കുന്നില്ല.

ബില്‍ ക്രമപ്പെടുത്തി നല്‍കാന്‍ നിര്‍ദേശം

പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ബില്‍ മുന്‍കാലത്തെ ഉപഭോഗക്കണക്കിന് അനുസരിച്ച് ക്രമപ്പെടുത്തി നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി സത്യരാജ് പറഞ്ഞു. അവസാനത്തെ മൂന്ന് ബില്ലുകളിലെ ഉപഭോഗത്തിന്റെ കണക്കെടുത്ത് കൗണ്ടറില്‍ വച്ച് തന്നെ ഉദ്യോഗസ്ഥര്‍ പരാതി പറയുന്ന ഉപഭോക്താവിന് തുക കുറച്ച് നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ലോക്ക്ഡൗണ്‍ മൂലം വരുമാനം നിലച്ച സമയമായതിനാല്‍ പണം അടച്ചില്ലെങ്കിലും വൈദ്യുതി വിച്ഛേദിക്കരുതെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.