Latest News

ലോക്ക് ഡൗണ്‍: വടക്ക് കര്‍ണാടകത്തിന്റെ ക്രൂരത; തെക്ക് തമിഴരായ രോഗികളെ കടത്തിവിട്ട് കേരളത്തിന്റെ മനുഷ്യത്വം

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളായ കന്യാകുമാരി, നാഗര്‍കോവില്‍, തിരുനെല്‍വേലി തുടങ്ങിയ ജില്ലകളില്‍നിന്നുള്ളവരാണ്‌ ചികിത്സ തേടി തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് വരുന്നത്‌

തിരുവനന്തപുരം: കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിന്നുള്ള രോഗികള്‍ക്ക് മംഗലാപുരത്തേക്കുള്ള പ്രവേശനം കര്‍ണാടകം നിഷേധിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളായ കന്യാകുമാരി, നാഗര്‍കോവില്‍, തിരുനെല്‍വേലി തുടങ്ങിയ ജില്ലകളില്‍നിന്നും ചികിത്സതേടി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലേക്ക് വരുന്നവരെ സഹായിച്ച് കേരളം.

രോഗികളുമായി വരുന്ന വാഹനങ്ങളെ സഹായിക്കാന്‍ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോക് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

പാറശാല താലൂക്ക് ആശുപത്രി, കാരണക്കോണം സി എസ് ഐ മെഡിക്കല്‍ കോളെജ്, നെയ്യാറ്റിന്‍കരയിലെ നിംസ്, തിരുവനന്തപുരത്തെ കിംസ്, പി ആര്‍ എസ്, മെഡിക്കല്‍ കോളെജ് തുടങ്ങിയ ആശുപത്രികളെയാണ് വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങള്‍ ആശ്രയിക്കാറുള്ളത്. “രോഗികളുമായി വരുന്ന വാഹനങ്ങളെ തടയാറില്ല. അവരുടെ രേഖകള്‍ പരിശോധിച്ചശേഷം കടത്തിവിടും. ആശുപത്രികളിലേക്ക് പോകാനുള്ള വാഹനങ്ങള്‍ ഇപ്പോള്‍ ദിവസവും 25- 30 എണ്ണം പാറശാല ചെക്ക് പോസ്റ്റ് കടന്ന് വരാറുണ്ട്‌,’ സ്ഥലം എസ് ഐയായ ശ്രീലാല്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

ലോക്ക് ഡൗണിനുമുമ്പ് ബസിലും സ്വന്തം വാഹനങ്ങളിലും ട്രെയിനിലും ദിവസവും നൂറുകണക്കിന് രോഗികള്‍ ഈ രണ്ടു ജില്ലകളില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്താറുണ്ടായിരുന്നു.

Read Also: കാസർഗോഡ് നിന്നുള്ള രോഗികളെ അതിർത്തി കടക്കാൻ അനുവദിക്കില്ല; നിലപാടിലുറച്ച് കർണാടകം

കോവിഡ്-19 പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നതെന്ന് റൂറല്‍ എസ് പി പറഞ്ഞു. വാഹനത്തില്‍ ഇരുത്തി അവരെ പരിശോധിക്കുകയും കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആംബുലന്‍സിലേക്ക് മാറ്റി സമീപത്തെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളത്തില്‍ നിന്നും അങ്ങോട്ടെക്ക് ആളുകളെ കടത്തി വിടാന്‍ തമിഴ്‌നാട് അധികൃതര്‍ മടിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ചരക്കുകള്‍ ഇറക്കിയശേഷം തിരിച്ചു പോകുന്ന വാഹനങ്ങളേയും അവര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി തിരുവനന്തപുരം കളക്ടറും റൂറല്‍ എസ് പിയും കന്യാകുമാരിയെ ജില്ലാ കളക്ടറും എസ് പിയും മാര്‍ച്ച് 26-ന് വിഴിഞ്ഞത്ത് വച്ച് യോഗം ചേര്‍ന്നിരുന്നു. രണ്ട് ഭാഗത്തേക്കും ചരക്കു ലോറികള്‍ കടത്തിവിടാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ആദ്യ വാരം വരെ ദിവസം മുന്നൂറോളം ലോറികള്‍ ഇങ്ങോട്ടേക്ക് വന്നിരുന്നു. അത് ദിവസം അമ്പതോളം വാഹനങ്ങളായി കുറഞ്ഞിരുന്നു. എസ് പിമാരുടേയും കളക്ടര്‍മാരുടേയും യോഗത്തിനുശേഷം ലോറികളുടെ വരവ് കൂടിയിരുന്നു. മാര്‍ച്ച് 31-ന് 167 ലോറികളാണ് വന്നതെന്നും എസ് പി പറഞ്ഞു.

യോഗത്തിലെ തീരുമാനപ്രകാരം ചരക്കിറക്കി തിരിച്ചു പോകുന്ന ലോറികളെ ശുചീകരിച്ച് രോഗാണുമുക്തമാക്കിയതിനുശേഷമാണ് തിരികെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വിടുന്നത്. കേരളത്തിലേക്ക് പച്ചക്കറി കയറ്റിയ ലോറികളാണ് കൂടുതലായും വരുന്നത്. പൊലീസിന് എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എസ് പി പറഞ്ഞു.

Read Also: ‘കൊറോണ’യെന്ന് മിണ്ടരുത്; വാക്ക് നിരോധിച്ച് ഒരു രാജ്യം

കാസര്‍ഗോഡ് ജില്ലയില്‍ അനവധി കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കര്‍ണാടക അധികൃതര്‍ മംഗലാപുരത്തെ റോഡുകളില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ മാര്‍ച്ച് 31 വരെ 99 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പതിറ്റാണ്ടുകളായി ജില്ലക്കാര്‍ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇവര്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ നിഷേധിക്കപ്പെടുന്നത്. മംഗലാപുരത്തേക്ക് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് രോഗികള്‍ മരിച്ചിരുന്നു.

കര്‍ണാടകം രോഗികളെ പ്രവേശിപ്പിക്കാത്ത വിഷയത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് വാദം തുടരുകയാണ്. രോഗികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന നിലപാടാണ് കര്‍ണാടകം തുടരുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും മറ്റും സംസാരിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് തുടരുന്നത്. കര്‍ണാടക അധികൃതരുമായി സംസാരിച്ചശേഷം തിരികെ വിളിക്കാമെന്ന് ഷാ രണ്ട് ദിവസം മുമ്പ് പിണറായി വിജയന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read Also: മന്ത്രിമാർ ഒരു ലക്ഷം വീതം, സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം; സാലറി ചലഞ്ചിന് മന്ത്രിസഭാ അംഗീകാരം

മറ്റ് രോഗങ്ങളുള്ളവരെ പ്രവേശിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് കര്‍ണാടകം പറയുന്നു. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് വാദിക്കുന്ന കര്‍ണാടകം കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയാല്‍ പാലിക്കാമെന്നും പറഞ്ഞു.

അതേസമയം, കന്യാകുമാരി ജില്ലയില്‍ കോവിഡ്-19 മൂലം മൂന്ന് പേര്‍ മരിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ മരണശേഷമാണ് പരിശോധന ഫലം ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഒരാളും മരിച്ചിട്ടുണ്ട്. ഒമ്പത് പേരാണ് ചികിത്സയിലുള്ളത്. ഡല്‍ഹിയിലെ നിസ്സാമുദ്ദീനിലെ മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്ത 22 പേരെ രോഗബാധിതരായി തിരുനെല്‍വേലിയിലേയും കന്യാകുമാരിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് ട്വീറ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ 124 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കേരളത്തില്‍ മാര്‍ച്ച് 31 വരെ 215 പേര്‍ക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 lockdown kerala helps patients from tamilnadu to seek treatment in the state

Next Story
‘ആടുജീവിതം’ സംഘത്തിന് വിസ കാലാവധി നീട്ടിക്കൊടുക്കും: എ.കെ.ബാലൻprithviraj, prithviraj aadujeevitham,ആടുജീവിതം, പൃഥ്വിരാജ്, ak balan, മന്ത്രി എ.കെ ബാലൻ, minister ak balan, എ.കെ ബാലൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express