തിരുവനന്തപുരം: ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ വലയുന്നൊരു വിഭാഗം രോഗികളാണ്. പ്രത്യേകിച്ച് മാരക രോഗങ്ങള്‍ക്കും തുടര്‍ ചികിത്സ തേടുന്നവര്‍ക്കും മരുന്നുകള്‍ കൃത്യമായി ലഭിക്കാതെ വരുന്നതും അവര്‍ക്ക് ആശുപത്രികളില്‍ പോകാന്‍ പറ്റാതെ വരുന്നതും രോഗികളെ മാത്രമല്ല ബന്ധുക്കളേയും വിഷമത്തിലാക്കുന്നു. എന്നാല്‍ ഇവര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുകയാണ് കേരളത്തിലെ അഗ്നിരക്ഷാ സേന.

101 എന്ന നമ്പരില്‍ വിളിച്ച് പറഞ്ഞാല്‍ അത്യാവശ്യം വേണ്ടി വരുന്ന മരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ സംസ്ഥാനത്തുടനീളമുള്ള അഗ്നിരക്ഷാ നിലയങ്ങളെ ഉപയോഗിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ 13 ദിവസത്തിനിടെ സേനാംഗങ്ങള്‍ 6323 പേര്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കി.

ഈ സേവനം തുടങ്ങുന്നത് ആര്‍ സി സിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെന്ന് സേനയിലെ ടെക്‌നിക്കല്‍ ഡയറക്ടറായ ആര്‍ പ്രസാദ്‌ പറഞ്ഞു. നൂറുകണക്കിന് രോഗികള്‍ ആര്‍ സി സിയുടെ തുടര്‍ ചികിത്സാ പട്ടികയിലുണ്ട്. അവര്‍ക്ക് മരുന്ന് എത്തിച്ച് നല്‍കാനായിരുന്നു ആര്‍ സി സി അഗ്നിരക്ഷാ സേനയെ സമീപിച്ചതെന്ന് പ്രമോദ് പറയുന്നു.

ആര്‍ സി സിയില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് സെന്ററിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇഞ്ചക്ഷന്‍ ഒഴിച്ചുള്ള മരുന്നുകള്‍ അഗ്നിരക്ഷാ സേനയും സംസ്ഥാന യുവജന കമ്മീഷും ചേര്‍ന്ന് വീടുകളില്‍ എത്തിച്ചു നല്‍കുമെന്ന് ഡയറക്ടര്‍ ഡോക്ടര്‍ എ രേഖ എ നായര്‍ അറിയിച്ചിരുന്നു. ഒരു മാസത്തേക്കുള്ള മരുന്നുകളാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് ആര്‍ സി സിയുടെ നിരക്കിലുമാണ് നല്‍കുന്നതെന്ന് ഡയറക്ടര്‍ പറഞ്ഞിരുന്നു.

Read Also: മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു: കെ.കെ ശൈലജ

“എന്നാല്‍ ഒരു ആശുപത്രികളുമായും മരുന്ന് എത്തിക്കാന്‍ സേന കരാറിലെത്തിയിട്ടില്ല. 101 എന്ന നമ്പരില്‍ വിളിച്ചാല്‍ വിളിക്കുന്നയാളുടെ പരിധിയിലെ അഗ്നിരക്ഷാ നിലയത്തിലാണ് ഫോണ്‍ വിളിയെത്തുക. അവിടെ നിന്നു നിര്‍ദ്ദേശിക്കുന്ന ഫോണ്‍ നമ്പരിലേക്ക് ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ വാട്‌സ് ആപ്പ് ചെയ്തു നല്‍കിയാല്‍ മരുന്ന് ശേഖരിച്ച് ആവശ്യക്കാരുടെ അടുത്ത് എത്തിക്കും,” പൊലീസുമായും അഗ്നിരക്ഷാ സേന സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ 112 എന്ന നമ്പരിലേക്ക് മരുന്ന് ആവശ്യമുള്ളവര്‍ക്ക് വിളിക്കാം. അവിടെ നിന്നുമുള്ള നിര്‍ദ്ദേശപ്രകാരം സേനയുടെ വാഹനങ്ങള്‍ മരുന്ന് വാങ്ങി ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ടെന്ന് പ്രസാദ്‌ പറയുന്നു.

ഫോണ്‍ വിളിയെത്തുന്ന അഗ്നിശമന നിലയ പരിധിയില്‍ നിന്നും മരുന്നും ലഭിച്ചില്ലെങ്കില്‍ കിട്ടുന്നയിടം കണ്ടെത്തി അവിടെ നിന്നും മരുന്ന് ശേഖരിച്ച് ആവശ്യക്കാരന് സേനയുടെ വാഹനത്തില്‍ എത്തിച്ചു നല്‍കുകയും ചെയ്യും. സമീപത്ത് ലഭിച്ചില്ലെങ്കില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. അവിടെയും ലഭ്യമല്ലെങ്കില്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. മരുന്ന് എവിടെ നിന്ന് ലഭ്യമാകുമെന്ന് അന്വേഷിച്ച് അവിടെ നിന്നും വാങ്ങി ലക്ഷ്യ സ്ഥാനത്ത് എത്തിക്കും.

Read Also: ലോ​ക്ക്ഡൗ​ണ്‍ പെ​ട്ടെ​ന്ന് പി​ന്‍​വ​ലി​ച്ചാ​ൽ കോവിഡിന്റെ ര​ണ്ടാം വ​ര​വിന് സാധ്യത: ഡ​ബ്ല്യു​എ​ച്ച്ഒ

തിരുവനന്തപുരത്ത് നിന്ന് മരുന്ന് വാങ്ങി കാസര്‍ഗോഡ് ജില്ലയില്‍ വരെ എത്തിച്ച സംഭവങ്ങളുണ്ടെന്ന് പ്രസാദ്‌ പറഞ്ഞു. “മരുന്ന് എത്തിക്കുന്നത് റിലേ രീതിയാണ് പിന്തുടരുന്നത്. ഒരു സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും വാഹനത്തില്‍ അടുത്ത സ്റ്റേഷന്‍ പരിധിയില്‍ എത്തിക്കും. അവിടെ നിന്നും അടുത്തയിടത്തേക്ക്. തുടക്കത്തില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് ഒരു വാഹനത്തില്‍ പോയ സംഭവമുണ്ടായിരുന്നു. എന്നാല്‍ പ്രായോഗികം റിലേയാണെന്ന് തിരിച്ചറിഞ്ഞാണ് വിതരണ രീതി മാറ്റിയത്. സംസ്ഥാനത്തുടനീളം 124 നിലയങ്ങളാണ് അഗ്നിരക്ഷാ സേനയ്ക്കുള്ളത്.”

കാന്‍സര്‍, ഡയബറ്റിസ്, അമിത രക്തസമ്മര്‍ദ്ദം, കരള്‍ രോഗങ്ങള്‍ മുതല്‍ ചെറിയ പനിയുടെ മരുന്ന് വരെ വാങ്ങിയെത്തിച്ചിട്ടുണ്ടെന്ന് പ്രസാദ്‌ പറഞ്ഞു.

എന്നാല്‍ മരുന്നിന്റെ പണമിടപാടിന് തങ്ങള്‍ അധികം അവസരം നല്‍കാറില്ലെന്ന് ഡയറക്ടര്‍ പറഞ്ഞു. അത് വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മില്‍ ഡിജിറ്റല്‍ ഇടപാട് നടത്തണം. എങ്കിലും ചെറിയ തുകയ്ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനമുണ്ട്. തങ്ങളുടെ കൈയില്‍ നിന്ന് എടുക്കാവുന്ന ചെറിയ തുകയ്ക്കുള്ള മരുന്ന് വാങ്ങുമ്പോള്‍ കൈയില്‍ നിന്നും പണമെടുത്ത് വാങ്ങി ആവശ്യക്കാരില്‍ എത്തിക്കുമ്പോള്‍ പണം വാങ്ങാറുണ്ടെന്ന് പ്രസാദ്‌
വിശദീകരിച്ചു.

 

മരുന്ന് വിളിച്ചു പറഞ്ഞാല്‍ മാത്രമല്ല അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു നല്‍കുന്ന മരുന്നുകളും ആവശ്യക്കാരില്‍ എത്തിക്കുന്നുണ്ട്. അതിന് മരുന്ന് തങ്ങളുടെ മുന്നില്‍ വച്ച് പാക്ക് ചെയ്താണ് അയക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ മരുന്നായ അരിഷ്ടം പോലുള്ളവ എത്തിച്ചു നല്‍കില്ലെന്ന് പ്രസാദ്‌ പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിലുള്ളവരാണ് മരുന്ന് ലഭിക്കാതെ കഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആവശ്യക്കാര്‍ക്ക് മരുന്ന് മാത്രമല്ല അഗ്നിശമനസേന എത്തിക്കുന്നത്. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ദേശീയപാതയ്ക്കരികെ ഒന്നര സെന്റിലെ വീട്ടില്‍ താമസിക്കുന്ന 72 വയസ്സുള്ള സരോജിനി അമ്മയ്ക്ക് മരുന്നുകളും പലവ്യഞ്ജനങ്ങളും സമീപത്തെ സ്റ്റേഷനിലെ ജീവനക്കാരും സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും ചേര്‍ന്ന് വാങ്ങി നല്‍കിയിരുന്നു. ഭര്‍ത്താവും മക്കളും മരിച്ച സരോജിനി ഒറ്റയ്ക്കാണ് താമസിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.