തൃശൂര്‍: ലോക്ക് ഡൗണ്‍ ക്യാമ്പുകള്‍ അതിജീവനത്തിന്റെ കഥകളാണ് പറയുന്നത്. ഗുരുവായൂരില്‍ നിന്ന് റോജയ്ക്ക് പറയാനുളളതും അത്തരമൊരു കഥയാണ്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജീവിച്ച റോജ (70) കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങി. തെരുവില്‍ അലഞ്ഞു നടക്കുന്നവര്‍ക്കായി ഗുരുവായൂര്‍ നഗരസഭ ഒരുക്കിയ ജിയുപി സ്കൂള്‍ ക്യാമ്പിലെ ജീവിതമാണ് റോജയ്ക്ക് വീട്ടിലേക്ക് മടങ്ങാനുളള വഴിയൊരുക്കിയത്.
പാലക്കാട് ആലത്തൂര്‍ സ്വദേശിയായ റോജ ഭര്‍ത്താവിന്റെ മരണത്തിന് ശേഷമാണ് തന്റെ നാലു മക്കളില്‍ മൂന്ന് ആണ്‍കുഞ്ഞുങ്ങളുമായി വീട് വിട്ടിറങ്ങുന്നത്. മൂത്ത മകള്‍ ശാന്തിയെ കോയമ്പത്തൂരിലെ ഒരു വീട്ടില്‍ ജോലിക്ക് നിര്‍ത്തുകയും പിന്നീട് വിവാഹം ചെയ്ത് അയക്കുകയും ചെയ്തിരുന്നു. മണികണ്ഠന്, സെല്വന്, കാര്‍ത്തി എന്നീ മൂന്ന് മക്കളുമായി ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വര്‍ഷങ്ങളോളം റോജ ജീവിച്ചു.
നാട് വിടുമ്പോള്‍ മൂത്ത മകന് അഞ്ച് വയസ്സായിരുന്നു. ഇളയവന് ഒന്നും. ഗുരുവായൂര്‍ മഞ്ജുളാലിന് കീഴെയായിരുന്നു റോജയുടെയും മൂന്ന് മക്കളുടെയും താമസം. ഇടയ്ക്ക് കോയമ്പത്തൂരില്‍ നിന്നെത്തിയ മക്കളില്ലാത്ത ഒരു കുടുംബം മക്കളെ ഓരോരുത്തരെയായി കൊണ്ട് പോയി വളര്‍ത്തി സ്വര്‍ണ്ണപണി പഠിപ്പിച്ചുവെന്ന് റോജ ഓര്‍ക്കുന്നു. മക്കള്‍ വലുതായി കുടുംബമായി വന്നപ്പോള്‍ റോജ അവര്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ല. അമ്പലനടയില്‍ ആര്‍ക്കും ശല്യമാകാതെ ജീവിച്ചു മരിക്കണമെന്നായിരുന്നു അവരുടെ ചിന്ത.
Read Also: തെലുങ്ക് ഗാനത്തിന് ചുവട്വച്ച് വാർണറും ഭാര്യയും; ഈ കുരുപ്പ് എവിടെനിന്ന് വന്നെന്ന് ആരാധകർ
റോജയെന്നാല് ഗുരുവായൂര്‍ക്കാര്‍ക്ക് മുടി മുകളിലേക്ക് കെട്ടി വെച്ചു അസഭ്യം വിളിച്ചു നടന്നിരുന്ന ഒരു മനോരോഗിയെന്നാണ് ഓര്മ. എന്നാല്‍ ഈ മുപ്പത് വര്‍ഷത്തിനിടെ താനനുഭവിച്ച യാതനകള്‍ ഒളിപ്പിക്കാന്‍ ഭ്രാന്ത് ഒരു മറയാക്കുകയായിരുന്നെന്ന് റോജ പറഞ്ഞു. ഗുരുവായൂര്‍ വന്നതിന് ശേഷം ഒരു വാഹനാപകടത്തെ തുടര്‍ന്ന് കാലിലും കൈയ്യിലും സ്റ്റീല്‍ കമ്പികളുമായിട്ടാണ് റോജ ജീവിച്ചത്. “പകല്‍ ഭിക്ഷാടനം കൊണ്ട് ഉപജീവനം നടന്നിരുന്നുവെങ്കിലും രാത്രി ആളുകള്‍ ശല്യപ്പെടുത്താന്‍ വരുമായിരുന്നു.
അത്തരത്തിലുള്ളവരെ അകറ്റാന്‍ വേണ്ടിയാണ് കുറേ കാലം ഭ്രാന്തിയായി അഭിനയിച്ചത്,”
റോജ പറഞ്ഞു. “വഴിയില്‍ കാണുന്ന പൂവെല്ലാം മുടിയില്‍ തിരുകി, അടുത്ത് വരുന്ന ആളുകള്‍ക്ക് നേരെ അസഭ്യം പറഞ്ഞ് നടന്നത് പിന്നീട് ശീലമാക്കി,” തന്റെ ദൈന്യം നിറഞ്ഞ ജീവിതകഥ ഉറക്കെ ചിരിച്ചു കൊണ്ട് റോജ ഓര്‍ത്തെടുത്തു.
ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും ബസ്സ്റ്റാന്‍ഡിലും അലഞ്ഞ് തിരിഞ്ഞ് കഴിഞ്ഞിരുന്ന റോജയെ കോവിഡ് 19 സുരക്ഷയുടെ ഭാഗമായിട്ടാണ് ഗുരുവായൂര്‍ നഗരസഭ ജിയുപി സ്കൂളില്‍ ക്യാമ്പില്‍ എത്തിച്ചത്. ക്യാമ്പിലെ അന്തേവാസികള്‍ക്ക് കൗണ്‍സലിംഗ് നടത്തുന്നതിനിടെയാണ് മക്കളുടെ അടുത്തേക്ക് പോകണമെന്ന ആവശ്യം റോജ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജിത് കുമാറിനോട് ഉന്നയിച്ചത്. തുടര്‍ന്ന് ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എം. രതി, വൈസ് ചെയര്മാന് അഭിലാഷ് വി. ചന്ദ്രന് എന്നിവര്‍ മുന്‍കൈ എടുത്തതാണ് പാലക്കാടുള്ള പോലീസിനെ വിവരമറിയിച്ചു റോജയുടെ മക്കളെ കണ്ടെത്തിയത്. കൗണ്‍സലിംഗിനിടെ അന്തേവാസികളില്‍ പലര്‍ക്കും വീടുകളിലേക്ക് തിരിച്ച് പോകണമെന്ന തോന്നലുണ്ടാവുകയും ഇതിനകം അഞ്ച് പേരെ വീട്ടുകാര്‍ വന്ന് കൂട്ടികൊണ്ട് പോകുകയും ചെയ്തു.
Read Also: സ്റ്റേജിൽ നൃത്തം ചെയ്യുമ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടാൽ എന്തു ചോദിക്കും? ശോഭനയുടെ മാസ് മറുപടി
മകന് സെല്‍വനും ബന്ധുവും വന്നതാണ് റോജയെ ഏറ്റെടുത്തു കൊണ്ട് പോയത്. മുപ്പത് വര്‍ഷം കൊണ്ട് വലിയൊരു സൗഹൃദ വലയം റോജ ഗുരുവായൂരില്‍ നേടിയെടുത്തിരുന്നു. ഇവരില്‍ പലരും റോജയെ യാത്രയാക്കാന്‍ ജിയുപി സ്കൂള്‍ ക്യാമ്പില്‍ വന്നിരുന്നു. നിങ്ങളെയൊക്കെ കാണാന്‍ ഇനിയും വരുമെന്ന വാക്ക് നല്കി നിറകണ്ണുകളോടെയാണ് റോജ മകനൊപ്പം പോയത്. ക്യാമ്പിലെ അന്തേവാസികളും നഗരസഭ അധികൃതരും ചേര്‍ന്ന് വൈകാരികമായ യാത്രയപ്പാണ് റോജയ്ക്ക് നല്‍കിയത്. വാര്‍ധക്യത്തിലെങ്കിലും അവര്‍ക്ക് സന്തോഷമായിരിക്കാന്‍ കഴിയട്ടെ എന്ന് ക്യാമ്പിലെ റോജയുടെ സുഹൃത്തായ ലക്ഷ്മിയമ്മ പറയുന്നു.