തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് മത്സ്യമേഖലയിലുണ്ടായ ദൗര്‍ലഭ്യത കാരണം അഴുകിയ മത്സ്യം വില്‍പനയ്ക്കിറക്കുന്നത് പതിവാകുന്നു. ഈസ്റ്ററിനോടനുബന്ധിച്ചുള്ള മത്സ്യ, മാംസ വിപണിയിലെ കച്ചവടവും ഇവര്‍ ലക്ഷ്യമിടുന്നു. രാസവസ്തുക്കള്‍ ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ടണ്‍ കണക്കിന് മീനുകളാണ് വിപണിയിലേക്കുന്നത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ഇതുവരെ പിടികൂടിയത് 43,081 കിലോഗ്രാം അഴുകിയ മീനാണ്.

കഴിഞ്ഞ ദിവസം മാത്രം പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. “സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് ബുധനാഴ്ച്ച പരിശോധന നടത്തിയത്. 15 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഭക്ഷണ വസ്തുക്കളില്‍ മായം കലര്‍ത്തുന്നത് ഗുരുതരമായ കുറ്റമാണ്‌. ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണിത്. ഈ ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമ്പോള്‍ ഇത്തരത്തില്‍ മായം കലര്‍ത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും,” മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ ആര്‍ അജയകുമാര്‍ പറഞ്ഞു.

Read Also: ലോക്ക്ഡൗണ്‍ കാലത്ത് മൂന്ന് ലക്ഷം അതിഥി തൊഴിലാളികൾക്ക് തണലൊരുക്കി കേരളം

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 165 പരിശോധനകളിലൂടെ 2865 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 43,081 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം 25, കൊല്ലം 8, പത്തനംതിട്ട 4, ആലപ്പുഴ 12, കോട്ടയം 21, ഇടുക്കി 16, എറണാകുളം 12, തൃശൂര്‍ 23, പാലക്കാട് 12, മലപ്പുറം 18, കോഴിക്കോട് 21, വയനാട് 03, കണ്ണൂര്‍ 8 കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തിയത്.
കോട്ടയം പാല, കടുംന്തുരുത്തി, പുതപ്പള്ളി, ഈരാട്ടുപേട്ട എന്നിവിടങ്ങളില്‍ നിന്നും 196 കിലോഗ്രാം, ഇടുക്കിയില്‍ നിന്നും 194.5 കിലോഗ്രാം, എറണാകുളത്തു നിന്നും 4030 കിലോഗ്രാം, കണ്ണൂരില്‍ നിന്നും 1300 കിലോഗ്രാം എന്നിങ്ങനെയാണ് കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ആലപ്പുഴ, ചേര്‍ത്തല മാര്‍ക്കറ്റില്‍ നിന്നും 25 കിലോഗ്രാം കേടായ കൊഞ്ചും തൃശൂരില്‍ നിന്നും 1700 കിലോ ഗ്രാം കേടായ ചൂര, കൊഞ്ച് എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു.

“മത്സ്യം കയറ്റിവരുന്ന വാഹനങ്ങള്‍ക്കു ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ വില്‍പ്പനയ്ക്കു കൊണ്ടുവരുന്ന മത്സ്യം ഏതു സ്ഥലത്തുനിന്നാണു കൊണ്ടുവരുന്നത്, ഏതു മാര്‍ക്കറ്റിലേക്കാണു കൊണ്ടുപോകുന്നത് അല്ലെങ്കില്‍ ഏതു വ്യക്തികള്‍ക്കായാണു കൊണ്ടുപോകുന്നത് എന്നിവ തെളിയിക്കുന്ന ഇന്‍വോയ്സ്, എഫ്എസ്എസ്എഐ ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയവ വാഹനത്തില്‍ സൂക്ഷിക്കണം,” കമ്മീഷണര്‍ പറഞ്ഞു.

Read Also: കോഹ്‌ലി സെഞ്ചുറി നേടിയാൽ ഞങ്ങൾ സന്തോഷിക്കും; ഇന്ത്യ-പാക് പരമ്പര നടത്തണമെന്ന് അക്‌തർ

കോവിഡ് 19 നെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് അടച്ച കുന്നംകുളം നഗരസഭയിലെ തുറക്കുളം മത്സ്യമാര്‍ക്കറ്റില്‍ നിന്ന് വില്‍പ്പനക്ക് കൊണ്ടുവന്ന 1500 കിലോ പഴകിയ മത്സ്യങ്ങള്‍ പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഫിഷറീസ് വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്ത പരിശോധനയിലാണ് 1500 കിലോ ചൂര മീന്‍ പിടികൂടിയത്. തുടര്‍ന്ന് ഇവയെല്ലാം നശിപ്പിച്ചു.

ഏപ്രില്‍ 8 പുലര്‍ച്ചെ 5 മണിക്ക് നടത്തിയ പരിശോധനയിലാണ് അഴുകിയ മീന്‍ കണ്ടെത്തിയത്. വലിയ കണ്ടെയ്‌നറുകളിലായി എത്തിയ എറണാകുളത്തെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീനുകളാണ് ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചതെന്ന് കുന്നംകുളം നഗരസഭ അധികൃതര്‍ പറയുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കുന്നംകുളം മത്സ്യമാര്‍ക്കറ്റില്‍ ഇത്രയധികം മീന്‍ എത്തുന്നത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് തൃശൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി എ ജനാര്‍ദ്ദനന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണന്‍ ലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു കുന്നംകുളത്ത് പരിശോധന നടത്തിയത്. മാര്‍ക്കറ്റ് അടച്ചിട്ടും ദിവസങ്ങളായി കുന്നംകുളം മാര്‍ക്കറ്റില്‍ ചെറിയതോതില്‍ മത്സ്യകച്ചവടം നടത്തുന്നുണ്ട്.

Read Also: കോവിഡ്-19: പ്രവാസികൾക്കായി ഹെൽപ് ഡെസ്ക്, ഡോക്ടർമാരുടെ സേവനം ഓൺലെെനിൽ

ഈ മീനുകളെല്ലാം ദൂരസ്ഥലങ്ങളില്‍ നിന്നാണ് വരുന്നത്. മത്സ്യബന്ധനം നിര്‍ത്തിവെച്ചതോടെ ദിവസങ്ങളോളം പഴക്കമുള്ള മീനാണ് കുന്നംകുളം മേഖലയില്‍ എത്തുന്നതെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം രണ്ടു പെട്ടി പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചിരുന്നു.

“മത്സ്യം വാഹനത്തില്‍ കയറ്റുന്നതിനു മുന്‍പ് കണ്ടെയ്നറും പെട്ടികളും അണുവിമുക്തമാക്കണം. മത്സ്യ വിതരണക്കാരും വ്യാപാരികളും മത്സ്യം കൊണ്ടുവരുന്ന ട്രക്ക് ഉടമകളും ഹൈജിന്‍ വ്യവസ്ഥകള്‍ പാലിക്കണം. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് വൃത്തിയുള്ളതും കുടിക്കാന്‍ യോഗ്യവുമായ വെള്ളത്തില്‍ നിര്‍മിച്ചതായിരിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ പറഞ്ഞു. ഇവ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്,” അദ്ദേഹം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.