തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ശരീരത്തില്‍ പൊലീസിന്റെ ലാത്തിയടിയേറ്റുള്ള പാടുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. അമ്പുകൊള്ളാത്തവരില്ല കരുക്കളില്‍ എന്ന് പറഞ്ഞതു പോലെ പ്രായ, രാഷ്ട്രീയ, മത ഭേദമെന്യേ അടി കിട്ടിയവരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെയാണ് പൊലീസ് ലാത്തി കൊണ്ട് അടിച്ചത്. ഇത് പൊലീസിന് ഏറെ വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു.

രോഗവ്യാപനം തടയുന്നതിനാണ് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നതെന്ന് പൊലീസ് വിശദീകരിച്ചെങ്കിലും അടിയേറ്റവരുടെ ചിത്രങ്ങള്‍ സമൂഹത്തിന്റെ മനസ്സില്‍ വിങ്ങലായി. പക്ഷേ, പിന്നീട് പൊലീസ് കൈയടി വാങ്ങുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ഡ്രോണ്‍ നിരീക്ഷണം മുതല്‍ അവശ്യക്കാര്‍ക്ക് മരുന്ന് വാങ്ങി നല്‍കിയും ആഹാരം എത്തിച്ചുമൊക്കെ പൊലീസ് കളംപിടിച്ചു. ജനമൈത്രി പൊലീസ് രണ്ടരലക്ഷം വീടുകളില്‍ സന്ദര്‍ശനം നടത്തിയെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Read Also: കേരളത്തിലെ വവ്വാലുകളിൽ കൊറോണ വെെറസ് കണ്ടെത്തി; മനുഷ്യരിലേക്ക് പകരാം

ഡൗണ്‍കാലമായതിനാല്‍ വിഷുവിന് ശോഭ കുറവാണെങ്കിലും കണിവെയ്ക്കാന്‍ വെള്ളരിയും, വിഷുക്കൈനീട്ടവുമായി പോലീസ് വീട്ടിലെത്തിയത് തൃശൂര്‍ അന്തിക്കാട് മേഖലയില്‍ പല നിര്‍ധന വീടുകളിലും സന്തോഷത്തിന്റെയും കരുതലിന്റെയും മാലപ്പടക്കം കൊളുത്തി. തൃശൂര്‍ അന്തിക്കാട് സ്റ്റേഷനിലെ എസ്.ഐ മണികണ്ഠന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് തെരഞ്ഞെടുക്കപ്പെട്ട 20 നിര്‍ധന കുടുംബങ്ങള്‍ക്ക് കൈനിറയെ പലചരക്കും പച്ചക്കറിയും വിഷു കൈനീട്ടവുമായെത്തിയത്. വലപ്പാട് സി പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പോലീസ് വിഷു കിറ്റുകള്‍ നല്‍കിയത്.

കണിവെള്ളരി, അഞ്ച് കിലോ അരി, ചായില,പഞ്ചസാര, പയറ്, മുളക്, മഞ്ഞള്‍, മല്ലി, മുതിര, ഉപ്പ്, റസ്‌ക്ക്, കുമ്പളം, മത്തങ്ങ, ചേന, തക്കാളി, ഉരുളന്‍ കിഴങ്ങ്, പച്ചക്കായ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയാണ് മൂന്ന് കിറ്റുകളിലാക്കി വീടുകളിലെത്തിച്ചത്. അന്തിക്കാട്, താന്ന്യം, ചാഴൂര്‍, മണലൂര്‍, ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 20 കുടുംബങ്ങള്‍ക്കാണ് വിഷു കിറ്റുകള്‍ എത്തിച്ചത്. കിറ്റുകള്‍ക്കു പുറമെ പോലീസ് സ്വന്തം കീശയില്‍ നിന്നും പണമെടുത്ത് കണിവെള്ളരിക്കൊപ്പം വിഷുക്കൈനീട്ടമായി നല്‍കി.

Read Also: കോവിഡ്-19: സൗജന്യ ഭക്ഷണ വിതരണവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികൾ; ക്രൗഡ് ഫണ്ടിങ് വഴി സംഭാവന നൽകാം

പാലീസിന്റെ സ്നേഹവായ്പ് കണ്ടതോടെ ചില കുടുംബങ്ങള്‍ മരുന്നു വാങ്ങാന്‍ തുകയില്ലാതെ ബുദ്ധിമുട്ടുന്നതായും അറിയിച്ചു. അവര്‍ക്കു വേണ്ട മരുന്നിനുള്ള തുകയും എസ്.ഐ മണികണ്ഠന്‍ നല്‍കി. താഴെ തട്ടില്‍ നിന്നും പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചു വന്ന തനിക്ക് വിഷമം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് എസ്.ഐ മണികണ്ഠന്‍ പറഞ്ഞു. കടുത്ത വെയിലിനെ വക വെക്കാതെ വീട് വീടാന്തരം കയറിയിറങ്ങിയ പോലീസ് സംഘം വിഷുവിന് സമ്മാനങ്ങള്‍ എത്തിക്കുന്നത് ഞായറാഴ്ച രാത്രിയോടെ തന്നെ തുടങ്ങിയിരുന്നു. ഓരോ കുടുംബത്തിനുമുള്ള മൂന്ന് കിറ്റുകള്‍ വീതം ചുമന്ന് ഉള്‍ഭാഗത്തുള്ള വീടുകളിലേക്ക് കാല്‍നടയായും എത്തിച്ചിരുന്നു.

Read Also: ‘കെണി’യാകരുത്; വിഷുത്തലേന്ന് തിക്കും തിരക്കും, മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കഴിഞ്ഞ 21 ദിവസമായി പൊലീസ് ഇത്തരത്തില്‍ ജനങ്ങളെ സഹായിച്ച നിരവധി സംഭവങ്ങളുണ്ട്. മലപ്പുറം പുലാമന്തോളില്‍ നിന്നും തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കീമോതെറാപ്പി ചികിത്സക്കുവേണ്ടി യാത്ര ചെയ്ത രോഗിക്കും കുടുംബത്തിനും വേണ്ടിയാണ് പോലീസ് രക്ഷകരായി എത്തിയത്. രാവിലെ യാത്രതിരിച്ച ഇവരുടെ വാഹനം തൃശ്ശൂര്‍ ടൗണ്‍ ഹാളിന് സമീപം ആളൊഴിഞ്ഞ റോഡില്‍ എത്തിയപ്പോള്‍ ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു. വാഹനം റിപ്പയര്‍ ചെയ്യാനാകാതേയും സഹായത്തിന് ആരെയും ലഭിക്കാതെയും ഏറെ ബുദ്ധിമുട്ടിലാവുകയും തുടര്‍ന്ന് അവര്‍ പോലീസിന്റെ കണ്‍ട്രോള്‍ റൂം നമ്പറായ 112 ലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. റോഡില്‍ നിസ്സഹായരായി നിന്നിരുന്ന രോഗിയേയും കുടുംബാംഗങ്ങളേയും കണ്ട്രോള്‍ റൂമിലെ എ.എസ്.ഐ. ബിനു ഡേവിസിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, ജിതേഷ് എന്നിവരുടെ സഹകരണത്തോടെ വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ക്യാന്‍സര്‍ രോഗിയായ കരീമിന് ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നു വടക്കേക്കാട് പോലീസ്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന വടക്കേക്കാട് മണികണ്ഠേശ്വരം സ്വദേശി ചാകുണ്ടയില്‍ കരീമിനാണ് (65) മരുന്ന് എത്തിച്ച് നല്‍കിയത്. ദിവസവും കഴിക്കാനുള്ള മരുന്ന് തീര്‍ന്നുപോയതിനെ തുടര്‍ന്ന് വിഷമത്തിലായ കരീം സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളിലും തിരയുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Read Also: എല്ലാ ക്രെഡിറ്റും ജനങ്ങൾക്ക്: പിണറായി വിജയൻ

എന്നിട്ടും യാതൊരു പ്രയോജനവും ഇല്ലാതായപ്പോള്‍ കരീം വടക്കേക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ എം സുരേന്ദ്രന്‍ ഇക്കാര്യം ഏറ്റെടുക്കുകയുമായിരുന്നു. മരുന്ന് കോഴിക്കോട് മുക്കം എംവിആര്‍ ക്യാന്‍സര്‍ ആശുപത്രി മെഡിക്കല്‍ സ്റ്റോറില്‍ ലഭ്യമാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയത് പ്രകാരം കോഴിക്കോട് പ്രദേശത്തെ ഹൈവേ പോലീസ് മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് കോവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് ജീവന്‍രക്ഷാ മരുന്ന് ലഭ്യമാക്കുന്നതിന് കേരളാ പോലീസ് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ കോഴിക്കോട് ഹൈവേ പോലീസില്‍ നിന്നും ഏറ്റുവാങ്ങി വിവിധ പോലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഈ സമയം വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ കാത്തിരുന്ന കരീമിന്റെ ബന്ധു നിസാറിന് വടക്കേക്കാട് എസ്.എച്ച്.ഓ സുരേന്ദ്രന്‍ മരുന്നുകള്‍ കൈമാറുകയായിരുന്നു.

Read Also: അതിജീവനത്തിലേക്ക് കണികണ്ടുണരാൻ; വിഷു ആഘോഷിച്ച് മലയാളികൾ

കുന്ദംകുളംകാരിയായ 75 വയസ്സുള്ള തങ്കു മുത്തശ്ശിക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്ററോളം അകലയെുള്ള കിണറ്റില്‍ നിന്നുമാണ് മുത്തശ്ശിയും അയല്‍ക്കാരും വെള്ളംശേഖരിക്കുന്നത്. നാലഞ്ച് ദിവസം മുമ്പ് മുത്തശ്ശി വെള്ളവും ചുമന്ന് വരുന്നത് കണ്ട കുന്ദംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാരുടെ ഇടപെടല്‍ മൂലം എല്ലാവര്‍ക്കും പൊലീസ് വീട്ടില്‍ എത്തിച്ചു. വര്‍ഷങ്ങളായുള്ള അവരുടെ നരകയാതന കാര്യങ്ങള്‍ തിരക്കിയ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരോട് തങ്കു പറയുകയായിരുന്നു.

ആനായ്ക്കല്‍ കോളനിയിലെത്തിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ സീനിയര്‍ സിപിഒ ജാന്‍സിയും, സിപിഓ സുമേഷും കാണാനിടയായ കാഴ്ചയാണ് കുടിവെള്ള ക്ഷാമം നികത്താനായി കുന്ദംകുളം പൊലീസിനെ പ്രേരിച്ചത്. 45 ലേറെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് പൊലീസ് പരിഹാരം കണ്ടെത്തിയത്. പൊലീസ് ടാങ്കര്‍ ലോറിയും ഡ്രൈവറെയും സജ്ജമാക്കി കോളനിയിലെ ടാങ്കില്‍ വെള്ളമെത്തിച്ചു നല്‍കുകയുയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.