Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

പൊന്നുവിളയണ സീസണായിരുന്നു, സാമ്പത്തിക പ്രതിസന്ധി താങ്ങാൻ പറ്റുന്നില്ല; ആനയുടമകൾ

“ഉത്സവമുള്ള ഒരു പാപ്പാന് ദിവസം നാലായിരം രൂപ വരെ ലഭിക്കും. രണ്ട് പാപ്പാന്‍മാരുണ്ടെങ്കില്‍ നാലായിരം രൂപ അവര്‍ രണ്ടായി ഭാഗിക്കും. നൂറ് ദിവസം ഇങ്ങനെ ഉത്സവം ലഭിച്ചാല്‍ നല്ലൊരു തുകയാണ് പാപ്പാന്‍മാര്‍ക്കു ലഭിക്കുന്നത്. ഇതെല്ലാം ഇല്ലാതായി”

തൃശൂര്‍: ആനയെന്നാല്‍ കുന്നോളം ആവേശമാണു മലയാളിക്ക്. ആനകള്‍ക്കു ഫാന്‍സ് അസോസിയേഷന്‍ വരെയുണ്ട് കേരളത്തില്‍. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള സമ്പൂര്‍ണ അടച്ചുപൂട്ടലില്‍ ഉത്സവങ്ങള്‍ മുടങ്ങിയതോടെ തിരിച്ചടിയായത് ആനപ്രേമികള്‍ക്കു മാത്രമല്ല ഉടമകള്‍ക്കുമാണ്.

ജനുവരി മുതല്‍ മേയ് വരെയുള്ള ഓരോ ഉത്സവ സീസണും വലിയ പ്രതീക്ഷയാണ് ആനയുടമകള്‍ക്ക്. ഉത്സവങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവർ ഗജവീരന്‍മാരുടെ ഉടമകളാണ്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉത്സവങ്ങള്‍ നടക്കുന്നത്. എന്നാല്‍ സമ്പൂര്‍ണ അടച്ചലിനെത്തുടര്‍ന്ന് ഉത്സവങ്ങള്‍ ആചാരങ്ങളായി ചുരുക്കിയതോടെ ആനയുടമകളുടെ വരുമാനം പാടെ നിലച്ചു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണു പല ആനയുടമകളും.
ആനകളുടെ ഭക്ഷണത്തിനും പരിപാലനത്തിനുമായി വന്‍ തുകയാണ് ദിവസവും കണ്ടെത്തേണ്ടി വരുന്നത്.

ദേവസ്വങ്ങളുടെ നിയന്ത്രണത്തിലുള്ള ആനകളുടെ ചെലവ് കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍, ഒന്നോ രണ്ടോ ആനകള്‍ ഉള്ള ആനയുടമകള്‍ക്കു കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പൊന്നുവിളയുന്ന കാലമാണു നഷ്ടപ്പെടുന്നതെന്നാണ് എല്ലാ ആനയുടമകളും പറയുന്നത്. പ്രതിസന്ധിയിലാണെങ്കിലും പാപ്പാന്മാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് പല ആനയുടമകളും പറയുന്നു.

Read Also: ക്വാറന്റയിൻ കാലത്തെ കൂട്ടുകാരൻ; കുതിരയെ കളിപ്പിച്ചും സവാരി നടത്തിയും സൽമാൻ ഖാൻ

തൃശൂര്‍ പൂരത്തിനു നെയ്‌തലക്കാവ് ഭഗവതിയെ എഴുന്നള്ളിക്കുന്ന ചടങ്ങില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനൊപ്പം അണിനിരക്കുന്ന ആനയാണ് ഗുരുജി ശിവനാരായണന്‍. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏഴു ദിവസത്തെ ചടങ്ങുകളില്‍ സാന്നിധ്യമറിയിക്കുന്ന ഗജവീരന്‍. ദിവസം പതിനായിരത്തോളം രൂപയാണു പൂരത്തില്‍ നിന്ന് ആനയ്ക്കു ലഭിക്കുന്ന വരുമാനം. ആ ദിവസങ്ങളിലെ ചെലവ് ഈ വരുമാനത്തില്‍നിന്നാണ് കഴിഞ്ഞിരുന്നതെന്നും ഇപ്പോള്‍ അവസ്ഥ വളരെ മോശമാണെന്നും ആനയുടമ വെളപ്പായ മണിയെന്ന ശ്രീജിത്ത് പറയുന്നു.

”ജനുവരി 21 നാണ് ഇത്തവണ സീസണ്‍ ആരംഭിച്ചത്. മേയ് വരെ നല്ല രീതിയില്‍ ബുക്കിങ്ങുകള്‍ ലഭിച്ചിരുന്നു. അതെല്ലാം നഷ്ടമായി. അടുത്ത സീസണ്‍ വരാന്‍ ജനുവരിയാകണം. ഇത്രയും നാള്‍ ആനയുടെ ചെലവ് കഴിഞ്ഞുപോകുകയെന്നതു വലിയ പ്രശ്‌നമാണ്. പാപ്പാന്മാരുടെ ശമ്പളം അടക്കം ദിവസം നാലായിരം രൂപ വരെ ചെലവുണ്ട്. ഒരു ദിവസത്തെ പനംപട്ടയ്ക്ക് മാത്രം 2,000 രൂപ വേണം. 20 പട്ടയാണ് ഒരു ദിവസം വേണ്ടത്. ഒരു നല്ല മുഴുവന്‍ പട്ടയ്ക്ക് കുറഞ്ഞത് നൂറ് രൂപ വേണം. പാലക്കാട് നിന്നാണ് പട്ട വരുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ പട്ട ലഭിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്ര പ്രതിസന്ധിയില്ല,” ശ്രീജിത്ത് പറഞ്ഞു.

Read Also: കേരളത്തിനു പുറത്തും ആനയൂട്ട്, ചിത്രങ്ങൾ

”എന്റെ കൂടെയുള്ള മൂന്ന് പാപ്പാന്മാരില്‍ ഒരാള്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഉത്സവ സീസണ്‍ ആയതുകൊണ്ട് പാപ്പാന്‍ ജോലിക്കു വന്നതാണ്. അത്രയും പ്രതീക്ഷയുള്ള സീസണായിരുന്നു ഇത്. എന്നാല്‍ തൃശൂര്‍ പൂരമടക്കം നിരവധി ഉത്സവങ്ങള്‍ നഷ്ടമായി. സാധാരണഗതിയില്‍ സീസണില്‍
ചെലവ് കഴിച്ച് രണ്ട്, മൂന്ന് ലക്ഷം രൂപ കിട്ടാറുണ്ട്. ഇത്തവണ പ്രതീക്ഷിച്ച തുക നഷ്ടമായെന്നു മാത്രമല്ല, ആനയുടെ ചെലവിനായി വേറെ പണം കണ്ടെത്തേണ്ട അവസ്ഥയാണ്. സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ്. പാപ്പാന്മാരുടെ ശമ്പളം കൃത്യമായി നല്‍കിയിട്ടുണ്ട്. സ്വന്തം കാര്യങ്ങള്‍ ബുദ്ധിമുട്ടിലായാലും ആനയുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്,” ശ്രീജിത്ത് പറഞ്ഞു.

ആനയുടമ ശ്രീജിത്ത്

ആനയുടമകളുടെ ബുദ്ധിമുട്ട് മനസിലാക്കി സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തണമെന്നും ഉപജീവനമാര്‍ഗം പോലും നഷ്ടപ്പെട്ട വാദ്യകലാകാരന്മാര്‍ അടക്കമുള്ളവരുടെ കാര്യം പരിഗണിക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു.

”മേയ് പകുതി വരെ ഏറെ ബുക്കിങ്ങ് ഉണ്ടായിരുന്നു. ലോക്ക് ഡൗണ്‍ വന്നതോടെ ഒരു ആനയ്ക്ക് ഏകദേശം 50 പരിപാടിയെങ്കിലും നഷ്ടമായി. വലിയൊരു തുക ലഭിക്കുന്ന സമയമാണിത്. അങ്ങേയറ്റം പ്രതിസന്ധിയിലാണ്. പണം കടംവാങ്ങിയും മറ്റുമാണ് ആനകളുടെ കാര്യങ്ങള്‍ നടത്തുന്നത്,” ആറ് ആനകളുടെ ഉടമയായ ഊട്ടോളി കൃഷ്ണന്‍ പറഞ്ഞു. ആറ് ആനകള്‍ക്കും കൂടി ഒരു ദിവസം ഏകദേശം 25,000 രൂപ ചെലവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിറയ്‌ക്കൽ ശ്രീപദ്‌മനാഭൻ

ആനയുടമകളുടെ പ്രതിസന്ധിക്കൊപ്പം പാപ്പാന്‍മാര്‍ക്ക് ലഭിക്കുന്ന നല്ലൊരു വരുമാനമാണു നഷ്ടമായതെന്നാണ് മൂന്ന് ആനകളുടെ ഉടമയായ ചിറയ്ക്കല്‍ ശ്രീധരന് പറയാനുള്ളത്. ”മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ബുക്കിങ്ങുകള്‍ അത്രയ്ക്ക് ഭീമമാണ്. മാര്‍ച്ച് മുതല്‍ മേയ് 19 വരെയുള്ള ഉത്സവങ്ങളാണ് ഇപ്പോള്‍ നഷ്ടമായത്. ഇതിനിടയില്‍ നൂറ് ദിവസങ്ങളിലെങ്കിലും ഉത്സവങ്ങള്‍ ഉണ്ടാകും. ഉത്സവമുള്ള ഒരു ദിവസം പാപ്പാന് നാലായിരം രൂപ വരെ ലഭിക്കും. രണ്ട് പാപ്പാന്‍മാരുണ്ടെങ്കില്‍ നാലായിരം രൂപ അവര്‍ രണ്ടായി ഭാഗിക്കും. നൂറ് ദിവസം ഇങ്ങനെ ഉത്സവം ലഭിച്ചാല്‍ നല്ലൊരു തുകയാണ് പാപ്പാന്‍മാര്‍ക്കു ലഭിക്കുന്നത്. ഇതെല്ലാം ഇല്ലാതായി,” ശ്രീധരന്‍ പറഞ്ഞു.

ആനയുടമകളുടെ പ്രതിസന്ധി മനസിലാക്കി സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തണമെന്ന് ആന ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ രാമന്തറ ആവശ്യപ്പെട്ടു. ”പാപ്പാന്‍മാര്‍ക്കു ദിവസക്കൂലി കൃത്യമായി കൊടുക്കാന്‍ പറ്റാത്തവരാണ് കേരളത്തിലെ 75 ശതമാനം ആനയുടമകളും. അടിയന്തരമായി എന്തെങ്കിലും ഇടപെടല്‍ സര്‍ക്കാരില്‍ നിന്നുണ്ടാകണം. കടമെടുത്താണ് പലരും ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ നീക്കുന്നത്. അടുത്ത സീസണ്‍ ആകണമെങ്കില്‍ ഇനി മാസങ്ങള്‍ കാത്തിരിക്കണം. അതുവരെ ആനകളുടെ ചെലവ് നടത്തുകയും വേണം. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും,” ചന്ദ്രന്‍ പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

”ആനകളുടെ ഭക്ഷണ, പരിപാലന ചെലവ് പ്രതീക്ഷിക്കുന്നതിലും അധികമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദിവസം പതിനായിരം രൂപയ്ക്കടുത്ത് ചെലവ് വരുന്നുണ്ട്. മുക്കാല്‍ ടണ്‍ പനംപട്ട(ഏകദേശം 35 പട്ട)യാണ് ഒരു ദിവസം ആന കഴിക്കുന്നത്. ഭക്ഷണവും പാപ്പാന്‍മാരുടെ ശമ്പളവും എല്ലാം നല്‍കി വരുമ്പോള്‍ ദിവസച്ചെലവ് പതിനായിരം രൂപയ്ക്കടുത്താവും. മറ്റ് ആനകള്‍ക്കും ഏകദേശം ഇത്ര ചെലവ് വരും. വലിയ ആനയുടമകള്‍ക്ക് ഒരുപക്ഷേ ദിനംപ്രതിയുള്ള നഷ്ടം നികത്താന്‍ പാകത്തിനു നീക്കിയിരിപ്പ് ഉണ്ടായേക്കും. എന്നാല്‍, ഒന്നും രണ്ടും മൂന്നും ആനകളുള്ളവരുടെ സ്ഥിതി അതല്ല. ഇവരുടെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ വേണ്ടത്ര ഇടപെടല്‍ നടത്തണം,” തെച്ചിക്കോട്ടുകാവ് മുന്‍ ദേവസ്വം പ്രസിഡന്റ് കൂടിയായ ചന്ദ്രന്‍ രാമന്തറ പറഞ്ഞു.

” വലിയ പ്രതിസന്ധിയുണ്ട്. വരുമാനമില്ലെന്നു പറഞ്ഞ് കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ. എത്ര കഷ്ടപ്പെട്ടും കാര്യങ്ങള്‍ നീക്കുകയാണ്. ഒരു ഉത്സവുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന എത്രയോ പേരുണ്ട്. അവരുടെ ജീവിതവും പ്രതിസന്ധിയിലായി. ഉത്സവസീസണിലെ നീക്കിയിരിപ്പ് കൊണ്ട് ഒരു വര്‍ഷം മുന്നോട്ടുകൊണ്ടുപോകുന്നവരാണ് പലരും. അതിനെല്ലാം വലിയ തിരിച്ചടിയായി,” 11 ആനകളുടെ ഉടമയായ മംഗലാംകുന്ന് ചെട്ടിയാര്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തന്നെ കോവിഡ് -19 അണുബാധയില്‍ നിന്ന് ആനകളെയും പാപ്പാന്മാരെയും സംരക്ഷിക്കുകയെന്നത് ആനയുടമകളുടെ മനസിലെ മറ്റൊരു ആശങ്കയാണ്. പൊതുസ്ഥലങ്ങള്‍ക്കടുത്ത് ആനകളെ ദിവസം മുഴുവന്‍ കെട്ടിയിടുന്നതിനാല്‍ വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. ഇതു മനസിലാക്കിയ ആനയുടമകളുടെ കൂട്ടായ്മ ജനങ്ങള്‍ ആനകള്‍ക്കടുത്ത് വരരുതെന്ന് അഭ്യര്‍ഥിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

അടുത്തിടെ, ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയില്‍ കടുവയ്ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതു മനുഷ്യനില്‍നിന്ന് രോഗം മൃഗങ്ങളിലേക്കു പകരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കു കാരണമായി. എന്നാല്‍ ഇത്തരത്തില്‍ ആനകളില്‍ രോഗം പകരുന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

Read Also: സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ‘ആനക്കാര്യം’; ആരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ?

അതേസമയം, യുഎസില്‍ കടുവയിലേക്ക് വൈറസ് പകര്‍ന്ന സംഭവം ആരും പ്രവചിക്കാത്തതിനാല്‍ മുന്‍കരുതല്‍ എടുക്കുന്നതു നല്ലതാണെന്ന് ഏഷ്യന്‍ ആനകളുടെ സംരക്ഷണ വിദഗ്ധനായ ഡോ. പി.എസ്. ഈസ പറഞ്ഞു.

”ഉദാഹരണത്തിന്, ആനകള്‍ക്കു മനുഷ്യരില്‍നിന്ന് ക്ഷയം വരാം. അതിനാല്‍ ഒരു സാധ്യത എപ്പോഴുമുണ്ട്. എന്നാല്‍ മൃഗഡോക്ടര്‍മാര്‍ ഇത് തള്ളിക്കളഞ്ഞിരിക്കുകയാണ്. പക്ഷേ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് പാപ്പാന്മാര്‍. അവരാണ് ആനകളെ പരിപാലിക്കുന്നത്. അവര്‍ വാഹകരാകാം, അതിനാല്‍ അവരുടെ ആരോഗ്യവും ഒരുപോലെ പ്രധാനമാണ്, ”അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 lock down keralas elephant owners feel the blues

Next Story
സോഷ്യൽ മീഡിയ വഴി വധഭീഷണി; കെഎം ഷാജി ഡിജിപിക്ക് പരാതി നൽകിKM Shaji, Azhikode, MLA, NV Nikesh Kumar, P Sreeramakrishnan, Speaker P Sreeramakrishnan, Muslim League, ie malayalam,Kerala Legislative Assembly, Muslim League, State governments of India, Kerala, Indian Union Muslim League, Islam in Kerala, K. M. Shaji, T. V. Ibrahim, Kerala High Court, Election Commission, Congress, Kerala Assembly, Speaker, Nikesh, കെ എം ഷാജിയെ അയോഗ്യനാക്കി, ഷാജിയെ അയോഗന്യാക്കി ഹൈക്കോടതി വിധി, അഴീക്കോട് എം എൽ എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി, മുസ്ലിം ലീഗ് എം എൽ എ അയോഗ്യനാക്കി ഹൈക്കോടതി വിധി
The moderation of comments is automated and not cleared manually by malayalam.indianexpress.com