എറണാകുളം: സംസ്ഥാന ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ എല്ലാ സ്ഥാപനങ്ങളും കോവിഡ് 19-നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ തയ്യാറായിരിക്കാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മോഹനന്‍ കുന്നുമ്മല്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലയ്ക്ക് കീഴില്‍ 311 അഫിലിയേറ്റഡ് കോളെജുകളിലായി ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളും 14000-ത്തോളം അധ്യാപകരുമുണ്ട്. ഇവര്‍ അതാത് ജില്ലകളിലെ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരെ സഹായിക്കുന്നതിന് തയ്യാറായിരിക്കാനാണ് വിസി ആവശ്യപ്പെട്ടത്.

കോവിഡ് 19 രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ക്വാറന്റൈന് വിധേയമാകുന്ന അവസ്ഥ സംസ്ഥാനത്ത് സംജാതമായതിന് പിന്നാലെയാണ് സര്‍വകലാശാല നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരവധിപ്പേര്‍ ക്വാറന്റൈനിലാണ്. ഇവിടെ അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെയുള്ളവ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് 19-നെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികളേയും മറ്റും റിസര്‍വ് പടയായി ഉപയോഗിക്കാമെന്ന് വിസി പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപര്‍ക്കും കോവിഡ് 19 പ്രതിരോധത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ജില്ലാ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ സഹായം നല്‍കണം. ക്ലാസ് ഇരുന്നതിന് തുല്യമായി ഈ പ്രവര്‍ത്തനം സര്‍വകലാശാല അംഗീകരിക്കും.

Read Also: ശ്രീചിത്രയിൽ അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി; 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

കൂടാതെ, വിദ്യാര്‍ത്ഥികളും ജീവനക്കാരും സ്വയം സുരക്ഷിതരായിരിക്കണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടു. രോഗബാധിത രാജ്യങ്ങളോ പ്രദേശങ്ങളോ സന്ദര്‍ശിച്ചവരും രോഗികളുമായി സമ്പര്‍ക്കം വന്നവരും കോളെജില്‍ വരരുത്.

ബ്രേക്ക് ദ ചെയ്ന്‍ പ്രചാരണത്തില്‍ പങ്കെടുക്കണം. എല്ലാ സ്ഥാപനങ്ങളുടേയും പ്രവേശന കവാടത്തില്‍ കൈ കഴുകാന്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗത്തിനായി വയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.