തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച വായ്പകൾക്കുളള അപേക്ഷ അടുത്തയാഴ്ച മുതൽ ബാങ്കുകൾ സ്വീകരിച്ച് തുടങ്ങും. രണ്ടു ലക്ഷത്തോളം പേരെങ്കിലും അപേക്ഷ നൽകിയേക്കുമെന്നാണ് പ്രാഥമിക കണക്ക്.

വായ്പ ആവശ്യമുളളവരുടെ വിവരശേഖരം ഫോൺവഴി അയൽക്കൂട്ടങ്ങൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയില്‍ അംഗങ്ങളായ ഭൂരിഭാഗം ബാങ്കുകളുടെയും ഭരണസമിതി പദ്ധതിക്ക് ഈയാഴ്ച തന്നെ അംഗീകാരം നൽകിയേക്കും.

Read Also: കോവിഡ് വ്യാപനത്തിന്റെ അടുത്ത ഘട്ടം തടയാൻ ഡിജിറ്റൽ പ്രതിരോധം

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയെന്ന പേരിലാണ് അയൽക്കൂട്ടങ്ങൾ വഴി പദ്ധതി നടപ്പാക്കുന്നത്. 2000 കോടി രൂപയാണ് കുടുംബശ്രീ വഴി വായ്പ അനുവദിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് 5000 രൂപ മുതൽ 20000 രൂപവരെയാണ് പദ്ധതി വഴി ഈടില്ലാതെ വായ്പ ലഭിക്കുക. വായ്പ ആവശ്യമുളളവരെ അയല്‍ക്കൂട്ടമാണ് നിർദേശിക്കുക.

ഒരു അയല്‍ക്കൂട്ടത്തിന് അതിലെ അംഗങ്ങള്‍ക്കായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹതയുണ്ട്. 8.5 മുതൽ 9 ശതമാനമാണ് പലിശ. ആറ് മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. മൊറട്ടോറിയം കാലാവധിക്ക് ശേഷം അയൽക്കൂട്ടങ്ങൾ പലിശ സഹിതമുള്ള മാസതവണ തിരിച്ചടച്ചു തുടങ്ങണം. പലിശ തുക മൂന്ന് വാർഷിക ഗഡുക്കളായി സർക്കാരിൽ നിന്ന് അയൽക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. എന്നാൽ പ്രതിമാസം 10000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് വായ്പ ലഭിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.