തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ നാലു മാസത്തേക്ക് പലിശനിരക്ക് 3 ശതമാനവും തുടര്‍ന്ന് സാധാരണ നിരക്കിലുമായിരിക്കും പലിശ. നോര്‍ക്ക ഐഡിയുള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് വന്ന പ്രവാസി കേരളീയര്‍ക്കും ഇതേ വായ്പ ലഭിക്കും.
പ്രവാസി ചിട്ടിയിലെ അംഗങ്ങള്‍ക്ക് 3 ശതമാനം പലിശനിരക്കില്‍ 1.5 ലക്ഷം രൂപ വരെ വായ്പ നല്‍കും. 10,000 രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പ, നിലവിലുള്ള പലിശ നിരക്കില്‍ നിന്നും ഒരു ശതമാനം കുറച്ച് 8.5 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും.
ചെറുകിട വ്യാപാരികള്‍ക്ക് 1 ലക്ഷം രൂപ വരെ വായ്പ നല്‍കും. കാലാവധി 24 മാസമാണ്. ഡെയിലി ഡിമിനിഷിങ് രീതിയില്‍ 11.50 ശതമാനമാണ് പലിശ നിരക്ക്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ 11 ശതമാനം. എഫ്ഡി, ബാങ്ക് ഗ്യാരന്റി, സ്വര്‍ണം എന്നിവ ജാമ്യം നല്‍കുന്നവര്‍ക്ക് 10.5 ശതമാനം പലിശ.
വ്യാപാരികള്‍ക്ക് രണ്ടു വര്‍ഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പാ പദ്ധതി. ഓരോ ഗ്രൂപ്പിലും 20 പേര് വീതമാണ് ഉണ്ടാകുക. എല്ലാ മാസവും നിശ്ചിത തുക വെച്ച് എല്ലാവരും അടക്കണം. 4 മാസങ്ങള്‍ക്കു ശേഷം ആവശ്യക്കാര്‍ക്ക് ചിട്ടി / വായ്പ പദ്ധതി തുക മുന്‍കൂറായി നല്‍കും. 4 മാസങ്ങള്‍ക്കുശേഷം തുക കൈപ്പറ്റുന്ന അംഗങ്ങള്‍ക്ക് നേരത്തേ എടുക്കുന്ന അംഗങ്ങളേക്കാള്‍ കൂടുതല്‍ തുക ലഭിക്കും.
കുടിശ്ശികക്കാര്‍ക്ക് ആശ്വാസമായി എല്ലാ റവന്യു റിക്കവറി നടപടികളും ജൂണ്‍ 30 വരെ നിര്‍ത്തിവെക്കും. 2019-20ല്‍ പ്രഖ്യാപിച്ച കുടിശിക നിവാരണ ഇളവ് പദ്ധതികള്‍ ജൂണ്‍ 30 വരെ നീട്ടി.
Read Also: എനിക്ക് ആ ശീലമുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല: മുഖ്യമന്ത്രി
ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി പിഴപ്പലിശ ബാധകമായ എല്ലാ വായ്പാ പദ്ധതികളുടെയും 2020 മാര്‍ച്ച് 21 മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള കാലയളവിലെ തവണകള്‍ക്കു പിഴപ്പലിശ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി കോവിഡ്-19 വിവരങ്ങള്‍ വിശദീകരിച്ചു കൊണ്ട് പറഞ്ഞു.
12 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടില്ല. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇന്ന് പോസിറ്റീവായ എല്ലാ കേസുകളും പുറത്തുനിന്ന് വന്നതാണ്. വിദേശത്തുനിന്ന് നാലുപേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന എട്ടുപേരില്‍ ആറുപേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍നിന്ന് ഒരാളും തമിഴ്നാട്ടില്‍നിന്ന് ഒരാളുമുണ്ട്.
ഇതുവരെ 642 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 142 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 72,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 71,545 പേര് വീടുകളിലും 455 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 45,527 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
33 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍ എന്നിവയും കോട്ടയത്ത് കോരിത്തോട് പഞ്ചായത്തും പുതുതായി ഹോട്ട്സ്പോട്ടുകളായി. കണ്ടെയിന്മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും.
ഇന്ന് ആകെ 1297 സാമ്പിളുകളാണ് പരിശോധിച്ചത്. നമ്മുടെ ബ്രേക്ക് ദി ചെയിന്‍, ക്വാറന്റൈന്, റിവേഴ്സ് ക്വാറന്റൈന് എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതിന്റെ സൂചനയാണിത്. കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചുനിന്നിരുന്നു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചത് പോലെ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിച്ചു. അതിന്റെ അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമാണ്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം പരിമിതമാണ്. എന്നാല്‍, ഇനി നാം സമ്പര്‍ക്കത്തെ തന്നെയാണ് ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.