scorecardresearch

ഒറ്റ കോളനി, 59 കോവിഡ് പോസിറ്റീവ്; 'ന്യൂട്രല്‍' ആവാതെ കെഎസ്ഇബി ജീവനക്കാര്‍

വീട്ടില്‍ കോവിഡ് രോഗികളുണ്ടെങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ച് വന്ന് കറന്റ് ശരിയാക്കിത്തരുമെന്നാണ് കെഎസ്ഇബി ജീവനക്കാരുടെ ഉറപ്പ്

വീട്ടില്‍ കോവിഡ് രോഗികളുണ്ടെങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ച് വന്ന് കറന്റ് ശരിയാക്കിത്തരുമെന്നാണ് കെഎസ്ഇബി ജീവനക്കാരുടെ ഉറപ്പ്

author-image
WebDesk
New Update
covid 19, kseb, KSEB during Covid,kseb covid precautions, covid cases among kseb employees, cyclonic storm tauktae kseb, KSEB Complaint number, KSEB Fault repair no, KSEB Complaint Cell, kseb employees, kerala state electcricity board, ie malayalam

കൊച്ചി: കോവിഡ് പോസിറ്റീവ് കേസുകള്‍ വളരെ കൂടുതലുള്ള കലൂരിലെ ഒരു ഹൗസിങ് കോളനി. 44 വീടുകളുള്ള കോളനിയില്‍ 59 കോവിഡ് രോഗികള്‍. ഇവിടുത്തെ വീടുകളില്‍ ഒന്നില്‍നിന്ന് കെഎസ്ഇബിയുടെ കലൂര്‍ സെക്ഷന്‍ ഓഫീസിലേക്ക് ഇന്നൊരു വിളിയെത്തി,''കറന്റില്ല, ഒന്നു ശരിയാക്കിത്തരണം.''

Advertisment

ആരും കടന്നുചെല്ലാന്‍ മടിക്കുന്ന സാഹചര്യമുള്ള 'പോസിറ്റീവ് കോളനി'യില്‍നിന്നുള്ള കോളിനോട് കെഎസ്ഇബി ജീവനക്കാര്‍ ന്യൂട്രലായില്ല. അവര്‍ 'പോസിറ്റീവ്' ആയി തന്നെ പ്രതികരിച്ചു. പിപിഇ കിറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളുമണിഞ്ഞ് കറന്റില്ലാത്ത വീട്ടിലെത്തി പ്രശ്‌നം പരിഹരിച്ചു.

അവിടേക്കു പോകുന്നതിനു മുന്‍പ് വീട്ടുകാരോട് ജീവനക്കാര്‍ ഒന്നേ ചോദിച്ചുള്ളൂ, 'ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടോ?' ചുറ്റുപാടുമുള്ള വീടുകളില്‍ രോഗമുണ്ടെങ്കിലും ഇവിടെ ആര്‍ക്കുമില്ലെന്ന് വീട്ടുകാരുടെ ഉറപ്പ്.

ഇനി കോവിഡ് ഉണ്ടെങ്കിലും പ്രശ്നമില്ലെന്നും ആവശ്യമായ സുരക്ഷ സ്വീകരിക്കാനാണ് രോഗബാധിതരുണ്ടോയെന്ന് ചോദിക്കുന്നതുമെന്നുമാണ് കെഎസ്ഇബി ജീവനക്കാർ പറയുന്നത്. അതുകൊണ്ട് തങ്ങള്‍ വരില്ലെന്നു വിചാരിച്ച് കോവിഡ് ഉണ്ടെങ്കിൽ പറയാന്‍ മടിക്കരുതെന്നാണ് ജീവനക്കാരുടെ അഭ്യര്‍ഥന. ഇതുസംബന്ധിച്ച കെഎസ്ഇബി ജീവനക്കാരുടെ അറിയിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Advertisment
publive-image

''കറന്റ് പോയാല്‍ ശരിയാക്കുന്നതിന് ഓഫീസില്‍ വിളിക്കുമ്പോള്‍ നിങ്ങളുടെ വീട്ടില്‍ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കില്‍ അക്കാര്യം കൂടി അറിയിക്കുക. പിപിഇ കിറ്റും മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി കറന്റ് ശരിയാക്കിത്തരും. ദുഃഖകരമായ ഒരു കാര്യം, ജീവനക്കാര്‍ വരില്ലെന്ന് കരുതി ചില വീടുകളിലുള്ളവര്‍ കോവിഡ് പോസിറ്റീവ് വിവരം മറച്ചുവയ്ക്കുകയുണ്ടായി. ദയവായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്കും കുടുംബമുണ്ട്. കെഎസ്ഇബി ജീവനക്കാരുടെ പ്രത്യേക അപേക്ഷ...'' എന്നായിരുന്നു ആ അറിയിപ്പിന്റെ ഉള്ളടക്കം.

കോവിഡ് പോസിറ്റീവായ ആളുകളുള്ള വീടുകളില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഒരു മടിയുമില്ലെന്നും ഇത്തരം സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ പിപിഇ കിറ്റ്, ഫെയ്‌സ് ഷീല്‍ഡ്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങി എല്ലാ പ്രതിരോധ സജ്ജീകരണങ്ങളും കെഎസ്ഇബി നല്‍കുന്നുണ്ടെന്നും കലൂര്‍ സെക്ഷനിലെ ഓവര്‍സിയര്‍ ഫിദര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കലൂരിലെ ഹൗസിങ് കോളനിയിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടത്തിയത്.

Also Read: ഡിആർഡിഒയുടെ പുതിയ കോവിഡ് മരുന്ന്, 2-ഡിജി ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ?

കോവിഡിനൊപ്പം ശക്തമായ മഴയും കാറ്റും വന്നതോടെ കടുത്ത ജോലിഭാരത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍. കോവിഡ് ബാധിച്ച് ജീവനക്കാർ അവധിയിലാകുന്നതിനാൽ മറ്റുള്ളവരുടെ ജോലിഭാരം കൂടുകയാണ്. കലൂര്‍ സെക്ഷന്‍ ഓഫീസില്‍ മാത്രം അഞ്ച് ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചിരുന്നു. ഇതുമൂലം രാപകല്‍ വ്യത്യാസമില്ലാതെ വലിയ അധ്വാനമാണ് നടത്തേണ്ടിവരുന്നത്. പ്രതികൂല സാഹചര്യങ്ങളിലും കറന്റ് സംബന്ധമായ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി, പരാതി പറയാന്‍ വിളിക്കുന്നവര്‍ പരമാവധി സഹകരിക്കുന്നുണ്ടെന്നു ഫിദര്‍ പറഞ്ഞു.

കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസരഹിതമാക്കാന്‍ പവര്‍ ബ്രിഗേഡും റിസര്‍വ് ടീമുമായി വെലിയ സജ്ജീകരണങ്ങളാണ് കെഎസ്ഇബി ഒരുക്കയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനുള്ള പവര്‍ ബ്രിഗേഡില്‍ ജീവനക്കാര്‍ക്കൊപ്പം കരാര്‍ തൊഴിലാളികളും 65 വയസ് കഴിയാത്ത വിരമിച്ച ജീവനക്കാരുമാണുള്ളത്.

covid 19, kseb, KSEB during Covid,kseb covid precautions, covid cases among kseb employees, cyclonic storm tauktae kseb, KSEB Complaint number, KSEB Fault repair no, KSEB Complaint Cell, kseb employees, kerala state electcricity board, ie malayalam

സേവനം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് വാട്സാപ് വഴി ജില്ലാതല ഇന്‍സിഡന്റ് കമാന്‍ഡറെ അറിയിക്കുക്കുകയും ബ്രിഗേഡ് അംഗങ്ങളെ അനുയോജ്യമായ ഓഫീസുകളില്‍ കമാന്‍ഡര്‍ നിയോഗിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. വൈദ്യുതി തടസമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിലവിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് റിസര്‍വ് ടീം രൂപീകരിക്കുന്നത്. ഇതോടൊപ്പം തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലും സര്‍ക്കിള്‍ തലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നു.

ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ കനത്ത കാറ്റിലും മഴയിലും കെ.എസ്.ഇ.ബിയ്ക്കു സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മരങ്ങള്‍ വീണ് നൂറുകണക്കിന് പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തു. സംസ്ഥാനത്താകെ 23,417 വിതരണ ട്രാൻസ്ഫോർമറുകളിലാണ് കാറ്റും മഴയും കാരണം സമീപ ദിവസങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായത്. 68 വിതരണ ട്രാൻസ്ഫോർമറുകൾക്കും കേടുപാടുണ്ടായി.

710 ഹൈ ടെൻഷൻ പോസ്റ്റുകളും 4763 ലോ ടെൻഷൻ പോസ്റ്റുകളുമാണ് മഴക്കെടുതികളിൽ തകർന്നത്. ആകെ 38,93,863 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസപ്പെട്ടു. ഏകദേശം 46.65 കോടി രൂപയുടെ നാശനഷ്ടമാണ് കെഎസ്ഇബിക്ക് ഇതിനെത്തുടർന്ന് ഉണ്ടായത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളെയാണ് പ്രകൃതി ദുരന്തം ഏറ്റവുമധികം ബാധിച്ചത്.

Cyclone Covid19 Kerala State Electricity Board

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: