കരിപ്പൂർ: മുതിർന്ന ഉദ്യോഗസ്ഥനു കോവിഡ്-19 സ്ഥിരീകരിച്ചതോടെ കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആശങ്ക. കസ്റ്റംസ്, സിഐഎസ്‌എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണു വിലയിരുത്തൽ. എയർപോർട്ട് ഡയറക്‌ടർ അടക്കം 35 പേർ ക്വാറന്റെെനിൽ പ്രവേശിച്ചു. ജീവനക്കാർ ക്വാറന്റെെനിലായതോടെ വിമാനത്താവളം അടച്ചിടേണ്ടിവരുമെന്നാണ് ആശങ്ക.
Read Also: ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ: വിശ്വാസികൾക്കും വിദ്യാർഥികൾക്കും ഇളവ്
രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥനു രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ സ്രവ സാംപിൾ ജൂൺ ഏഴിനു പരിശോധനയ്‌ക്കായി ശേഖരിച്ചു. ഇന്ന് ഉച്ചയോടെയാണ് ഫലം ലഭിച്ചത്. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ ഇന്നുവരെ അദ്ദേഹം വിമാനത്താവളത്തിൽ ജോലിയ്‌ക്കെത്തിയിരുന്നു. കൂടുതൽ പേരെ ക്വാറന്റെെനിൽ ആക്കേണ്ടിവരുമെന്നാണ് സൂചന.
Read Also: മുൻ പാക് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റർ
രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്റെ സമ്പർക്കപ്പട്ടിക തയാറാക്കേണ്ടതുണ്ട്. ഇതിനായി ആറ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സിസിടിവി പരിശോധിച്ച് സമ്പർക്കപ്പട്ടിക തയാറാക്കുന്ന നടപടിയിലേക്ക് വിമാനത്താവള അധികൃതർ കടന്നു.
എയർപോർട്ടിലെ വിവിധ വകുപ്പുകളുടെ ഏകോപനചുമതലയുള്ളയാളാണ് രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ. വിമാനത്താവളത്തിലെ ഒട്ടുമിക്ക വിഭാഗങ്ങളുമായും ഇദ്ദേഹം ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.