scorecardresearch
Latest News

കോഴിക്കോട്ട് കര്‍ശന നിരീക്ഷണം; നാല് പ്രധാന സ്ഥലങ്ങള്‍ നിയന്ത്രിത മേഖലകള്‍

നഗരം സമൂഹവ്യാപനത്തിലേക്കു നീങ്ങാതിരിക്കാനുളള നടപടികളുടെ ഭാഗമായി ജനങ്ങള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോഴിക്കോട്ട് കര്‍ശന നിരീക്ഷണം; നാല് പ്രധാന സ്ഥലങ്ങള്‍ നിയന്ത്രിത മേഖലകള്‍

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ക്കു പിന്നാലെ കോഴിക്കോട്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. നഗരം സമൂഹവ്യാപനത്തിലേക്കു നീങ്ങാതിരിക്കാനുളള നടപടികളുടെ ഭാഗമായി ജനങ്ങള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കോഴിക്കോട്ട് നഗരത്തിലെ വെള്ളയലിൽ ഒരു ഫ്ലാറ്റിലെ 11 താമസക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒപ്പം നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. ഉറവിടമറിയാത്ത ഒരാളിൽ നിന്നാണ് വെള്ളയിലുള്ള ഒരു ഫ്ലാറ്റിലെ താമസക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കഴിഞ്ഞ മാസം 27ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു മുൻപ് നടത്തിയ സ്രവ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് ഫ്ലാറ്റിലെ 31 താമസക്കാരുടെ സ്രവ പരിശോധ നടത്തുകയും ചെയ്തു. ഇതിൽ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച അഞ്ച് പേർക്കും ഇന്ന് ആറ് പേർക്കുമാണ് ഫ്ലാറ്റിൽ കോവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി കലക്ടര്‍ എസ് സാംബശിവറാവു പ്രഖ്യാപിച്ചു. ഇവടങ്ങളില്‍ വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തി.

വലിയങ്ങാടിയിലേക്കു പ്രവേശിക്കാനും പുറത്തേക്കു പോവാനും ഒരോ വഴികള്‍ മാത്രമേ അനുവദിക്കൂ. വലിയങ്ങാടിയില്‍ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്കും ഇവിടെനിന്നു ചരക്കുമായി പുറത്തേക്കു പോകുന്ന വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും.

Also Read: ജനം വലഞ്ഞു; ട്രിപ്പിൾ ലോക്ക്‌ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

അന്യസംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ വലിയങ്ങാടിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വാഹനത്തിലെ ജീവനക്കാരെ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയമാക്കും. രജിസ്‌ട്രേഷനു ശേഷം ടോക്കണ്‍ ലഭിക്കുന്ന വാഹനങ്ങള്‍ക്കുമാത്രമേ വലിയങ്ങാടിയില്‍ പ്രവേശനം അനുവദിക്കൂ. ടോക്കണില്‍ വാഹനം എത്തിയ ദിവസം, സമയം എന്നിവ രേഖപ്പെടുത്തും.

വാഹനങ്ങള്‍ നിര്‍ബന്ധമായും അതേദിവസം തന്നെ ജില്ല വിട്ടുപോകണം. ജീവനക്കാര്‍ ഒരു കാരണവശാലും വാഹനത്തിനു പുറത്തിറങ്ങാനോ മറ്റു കടകളില്‍ കയറിയിറങ്ങാനോ പാടില്ല. ഭക്ഷണം വലിയങ്ങാടിയിലെ കച്ചവടക്കാരുടെ സംഘടനാപ്രതിനിധികള്‍ വാഹനത്തില്‍ എത്തിച്ചുനല്‍കും.

വലിയങ്ങാടിക്കകത്തുള്ള എല്ലാ ക്രോസ് റോഡുകളും അടച്ചിടും. ഇവിടങ്ങളിലെ താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. വലിയങ്ങാടിക്കകത്തെ താമസക്കാര്‍ക്കു റസിഡന്‍സ് അസോസിയേഷനുകളുടെയും കച്ചവടക്കാര്‍ക്ക് അവരുടെ സംഘടനകളുടെയും നേതൃത്വത്തില്‍ ബാഡ്ജുകള്‍ നല്‍കണം.

Also Read:പത്തനംതിട്ടയിൽ ക്വാറന്റൈൻ ലംഘിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു– വീഡിയോ

സാമൂഹിക അകലം പാലിച്ചു മാത്രമേ കടകളില്‍ ഉപഭോക്താക്കളെ അനുവദിക്കാവൂ. എല്ലാവരും നിര്‍ബന്ധമായുംം മാസ്‌ക് ഉപയോഗിക്കണം. എല്ലാവര്‍ക്കും സാനിറ്റൈസര്‍ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തണം. ഈ പ്രദേശങ്ങളില്‍ അഞ്ചില്‍ കൂടുതലാളുകള്‍ ഒത്തുചേരാന്‍ അനുവദിക്കില്ല. തൊഴിലാളികള്‍ വസ്ത്രം മാറാനും വിശ്രമിക്കാനും ഉപയോഗിക്കുന്ന മുറികളില്‍ അണുനശീകരണം നടത്തുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kozhikode city restrictions strict observation to prevent community spread