കൊല്ലം: കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിലെ അഴീക്കൽ ഫിഷിങ്ങ് ഹാർബർ അടച്ചിടാൻ തീരുമാനം. മത്സ്യത്തൊഴിലാളിയുടെ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഹാർബർ അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്. ആറാട്ടുപുഴ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയുടെ അടുത്ത ബന്ധുവിനാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഈ മത്സ്യത്തൊഴിലാളിയുമായി വലിയഴീക്കല്‍ സ്വദേശികളുമായ ഏതാനും പേര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരുമായി കൂടുതൽ പേർ സമ്പർക്കത്തിൽ വന്നതായി കൊല്ലം സിറ്റിപൊലീസിന്റെ റിപ്പോർട്ട് ലഭിച്ചതായും ഈ സാഹചര്യത്തിൽ സമൂഹ വ്യാപനം സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് തുറമുഖം അടച്ചിടാൻ തീരുമാനിച്ചതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Read More: നിയന്ത്രണങ്ങൾ വർപ്പിക്കുന്നു, ട്രിപ്പിൾ ലോക്ക്ഡൗണിന് സാധ്യത: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ
കോവിഡ് രോഗിയുടെ ബന്ധുവായ മത്സ്യത്തൊഴിലാളി അദ്ദേഹം ജോലിക്ക് പോകുന്ന വള്ളത്തിലെയും കാരിയര്‍ വള്ളങ്ങളിലെയും തൊഴിലാളികളായ വലിയഴീക്കൽ സ്വദേശികളുമായി സമ്പര്‍ക്കത്തില്‍ വന്നതായി സിറ്റി പൊലീസിന്റെ റിപോർട്ടിൽ പറയുന്നു. വലിയഴീക്കല്‍ സ്വദേശികള്‍ അഴീക്കല്‍ ഹാര്‍ബറില്‍ വന്നിട്ടുള്ള മറ്റ് നിരവധി ആള്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഹാര്‍ബറിലെ കാന്റീനില്‍ എത്തിയിരുന്നതായും അറിവ് ലഭിച്ചു. തൊഴിലാളികളുമായി കൂടുതൽ പേർക്ക് സമ്പര്‍ക്കമുണ്ടായി രോഗ സാധ്യത വന്നാൽ അത് ഗുരുതരമായ സാമൂഹ്യ വ്യാപന അവസ്ഥയിലേക്ക് പോവുമെന്നും സിറ്റി പൊലീസിന്റെ റിപോർട്ടിൽ പറയുന്നതായി കലക്ടർ അറിയിച്ചു.
കൊല്ലം ജില്ലയിൽ ഉറവിടം കണ്ടെത്താനാകാത്ത രണ്ട് കോവിഡ് കേസുകള്‍ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷന്‍ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ 2, 4, 6, 7, 8 വാർഡുകൾ, മേലില ഗ്രാമ പഞ്ചായത്തിലെ വാർഡ് 15 എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.
16 പേർക്കാണ് ശനിയാഴ്ച കൊല്ലം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കൊട്ടാരക്കര പുലമണ്‍ സ്വദേശി (81 വയസ്), ചിതറ സ്വദേശി(61), അഞ്ചല്‍ സ്വദേശി(35), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(44), നീണ്ടകര സ്വദേശി(33), വെട്ടിക്കവല തലച്ചിറ സ്വദേശി(35), കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശി(33), അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി(33), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(25), കരിക്കോട് സ്വദേശി(18), ബന്ധുക്കളായ തേവലക്കര അരിനല്ലൂര്‍ സ്വദേശികള്‍(28 വയസ് 43 വയസ്), ചന്ദനത്തോപ്പ് സ്വദേശിനി(22), കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി(56), കവനാട് സ്വദേശി(25), പനയം പെരിനാട് സ്വദേശി(49), എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.