തിരുവനന്തപുരം: കൊറോണ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രതിപക്ഷം ഇരയുടെ ഒപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ആണെന്ന് മന്ത്രി പറഞ്ഞു. ഒരുമിച്ച് നിന്ന് വിപത്തിനെ നേരിടുകയാണ് വേണ്ടത്. ചെറിയ തെറ്റുകൾ ചൂണ്ടിക്കാട്ടാനുളള അവസരമല്ലിത്. പരസ്പരം ആക്ഷേപങ്ങൾ ഉന്നയിക്കാൻ ഇനിയും സമയമുണ്ട്. ഇപ്പോൾ അതിനുളള സമയമല്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

ആരോഗ്യമന്ത്രിയോ വകുപ്പോ ഒറ്റയ്ക്കു വിചാരിച്ചാൽ ഈ മഹാവിപത്തിനെ നേരിടാനാവില്ല. സാഹചര്യം മനസിലാക്കി പ്രതിപക്ഷം പെരുമാറണം. ചെറിയ പിശക് പോലും ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ആക്രമിക്കുകയാണ്. അങ്ങനെ ചെയ്താൽ രോഗം തടയാനാവില്ല. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തെ കുറ്റപ്പെടുത്തിയിട്ടില്ല. രോഗമുളള കാര്യം അവർ മറച്ചുവച്ചുവെന്നാണ് പറഞ്ഞത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അവർ പാലിച്ചില്ലെന്ന് വ്യക്തമാണ്. വിമാനത്താവളങ്ങൾക്കുളളിലെ പരിശോധനയ്ക്ക് പരിമിതിയുണ്ട്. കേന്ദ്ര മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Covid-19 Live Updates: കോവിഡ് 19: പത്തനംതിട്ടയിലെ 10 സാമ്പിളുകളും നെഗറ്റീവ്

ആരോഗ്യമന്ത്രിക്ക് ‘മീഡിയാ മാനിയ’യാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനും കെ.കെ.ശൈലജ മറുപടി നൽകി. മാധ്യമങ്ങളെ കാണുന്നത് താൻ അതിന് നിയോഗിക്കപ്പെട്ട ആളായതുകൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മന്ത്രിയുടെ മീഡിയ മാനിയ കൂടിപോകുന്നുവെന്നും മന്ത്രി എല്ലാ ദിവസവും മൂന്നും നാലും പത്രസമ്മേളനങ്ങൾ നടത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.