scorecardresearch

കോവിഡ്-19 പ്രതിരോധം; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അമിത ജോലി ഭാരം, കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം: കെജിഎംഒഎ

സാമൂഹികവ്യാപനം തടയുന്നതിന് രോഗം സംശയിക്കുന്നവരെ സംബന്ധിച്ചുള്ള വിവര ശേഖരണവും വിശകലനവും ഗൃഹ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നത് പ്രാഥമിക പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണെന്ന് സംഘടന

കോവിഡ്-19 പ്രതിരോധം; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അമിത ജോലി ഭാരം, കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം: കെജിഎംഒഎ

തിരുവനന്തപുരം: കോവിഡ്-19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ച തിരിഞ്ഞ് രണ്ട് മണിവരെയാക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അസോസിയേഷന്‍ അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

കോവിഡ് രോഗത്തിനുള്ള സ്രവ പരിശോധനയും ചികിത്സയും നടക്കുന്നത് താലൂക്ക്‌, ജില്ലാ തല ആശുപത്രികളിലാണെങ്കിലും സാമൂഹികവ്യാപനം തടയുന്നതിന് രോഗമുണ്ടോയെന്ന് സംശയിക്കുന്നവരെ സംബന്ധിച്ചുള്ള വിവര ശേഖരണവും വിശകലനവും ഗൃഹ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നത് പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. “ഈ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കൂടുതല്‍ ജോലികള്‍ ചെയ്യുന്നു. അതിനാല്‍ പ്രാഥമിക തല ആശുപത്രികളിലെ ഒപി സമയം ഒന്‍പതു മുതല്‍ രണ്ടു വരെയാക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ലഭ്യമാക്കുകയും ദുര്‍ലഭമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യും,”
സംഘടന പറയുന്നു.

Read Also: ലോക്ക്ഡൗണിനു ശേഷം കേരളത്തിലെ 7 ജില്ലകളിൽ കർശന നിയന്ത്രണം

ഇന്നത്തെ സാഹചര്യത്തില്‍ പ്രാഥമിക തലത്തിലുള്ള ഒരു ആശുപത്രിയിലെ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ മുഴുവന്‍ സമയവും പൂര്‍ണമായും വിനിയോഗിച്ചാല്‍ പോലും ഈ ജോലികള്‍ സമയത്തിനു ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കത്തില്‍ സംഘടന പറയുന്നു. “അതിനു പുറമെയാണ് പതിവ് രോഗീപരിചരണം. അതിനാല്‍ പ്രാഥമിക തലത്തിലുള്ള സ്ഥാപനങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം. പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ചാര്‍ജ്ജുള്ള മെഡിക്കല്‍ ഓഫീസര്‍മാരെ പതിവ് ഒപിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയാല്‍ ആ ഡോക്ടര്‍ക്ക് കൊറോണ പ്രതിരോധം കാര്യക്ഷമമായി നടപ്പാക്കാനാവും.” കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കൂവെന്നും കത്തില്‍ പറയുന്നു.

“കോറോണാ വൈറസിന്റെ സാമൂഹികവ്യാപന സാദ്ധ്യത പൂര്‍ണമായും തള്ളിക്കളയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. മാസ്‌കുകളുടേയും ഇത്തരം ഉപകരണങ്ങളുടേയും ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. തന്മൂലം അടിയന്തര ഘട്ടങ്ങളില്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ രോഗികളെ പരിചരിക്കുവാന്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ നിര്‍ബന്ധിതരായി തീരുവാനുള്ള സാദ്ധ്യത വിദൂരമല്ല. ജനം ഗൃഹ നിര്‍മിത തുണി മാസ്‌കുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണെന്ന് സംഘടന പറയുന്നു. കേരളത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ക്ക് ലഭ്യത കുറയുന്ന സാഹചര്യത്തില്‍ ഇവ കഴിയുന്നത്ര ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതാണ്.”

സാമൂഹിക വ്യാപനം തടയുന്നതിന് ലോ റിസ്‌ക് സമ്പര്‍ക്കമുള്ള രോഗികളുടെയും രോഗികളോ രോഗലക്ഷണമില്ലാത്തവരോ എന്ന വ്യത്യാസമില്ലാതെ ഹൈ റിസ്‌ക് സമ്പര്‍ക്കമുള്ള എല്ലാവരുടെയും സ്രവ പരിശോധന നടത്തണമെന്നും കെജിഎംഒഎ കത്തില്‍ ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kgmoa asks more doctores in primary health centres

Best of Express