ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴയിൽ ഇന്ന് ഉച്ചക്ക് മരിച്ച യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അബൂദബിയിൽ നിന്ന് നാട്ടിലെത്തിയ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയാണ് ഇന്ന് ഉച്ചക്ക് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ഇന്ന് രാത്രിയാണ് മരണകാരണം കോവിഡ് ആണെന്ന് കണ്ടെത്തിയത്.  മരിച്ചയാൾക്ക് ഗുരുതര കരൾ രോഗവും രക്താതിസമ്മർദ്ദവുമുള്ളതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.  സംസ്ഥാനത്തെ ഒൻപതാമത് കോവിഡ് മരണമാണിത്.

കോവിഡ് ബാധിച്ച് ഇന്ന് മാത്രം രണ്ടുപേരാണ് സംസ്ഥാനത്ത് മരിച്ചത്. 65കാരനായ പത്തനംതിട്ട തിരുവല്ലാ സ്വദേശി ആണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് മരണമാണ് ഇത്.

അബുദാബിയില്‍ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയവേ നടത്തിയ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു. പ്രമേഹ രോഗിയായ ഇദ്ദേഹത്തെ ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം 27നാണ് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.

Read More: കോവിഡ്-19: സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം വർധിച്ചു

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസ്സുള്ള തെലുങ്കാന സ്വദേശിയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്ന ഇയാളെ പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എമ്മില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 62 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ 33 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തിയ 23 പേർക്കുമാണ് (തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കർണാടക, ഡൽ‌ഹി, പഞ്ചാബ് 1 വീതം) ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് ഒരാൾക്ക്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിലെ രണ്ട് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ചികിത്സയിൽ കഴിയുന്നവരിൽ പത്ത് പേർക്ക് ഇന്ന് കോവിഡ് നെഗറ്റീവ് ആയി. വയനാട്-അഞ്ച്, കോഴിക്കോട്-രണ്ട്, കണ്ണൂർ-ഒന്ന്, മലപ്പുറം-ഒന്ന്, കാസർഗോഡ്-ഒന്ന് എന്നിങ്ങനെയാണ് രോഗമുക്‌തരുടെ കണക്ക്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,24,167 ആയി. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 1,080. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചവർ 231. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,150 ആയി. ഇതുവരെ രോഗമുക്തി നേടിയത് 565 പേർ.

Read More: ലോകരാജ്യങ്ങൾ ശ്രമിക്കുന്നത് കേരളം നേടി; രോഗനിയന്ത്രണത്തിന്റെ കണക്കുകൾ വിശദീകരിച്ച് മുഖ്യമന്ത്രി

ഇതുവരെ സെന്റിനൽ സര്‍വൈലൻസിന്റെ ഭാഗമായി 11,468 സാംപിളുകൾ ശേഖരിച്ചു. അതിൽ 10,635 നെഗറ്റീവാണ്. ആകെ 101 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇന്ന് പുതുതായി 22 ഹോട്‌സ്‌പോട്ടുകൾ കൂടി.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ സബ് ജയിലിലും റിമാൻഡ് പ്രതിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ഇടങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്.

കേരളത്തിൽ ഇതുവരെ സാമൂഹ്യവ്യാപനമില്ലെന്ന് മുഖ്യമന്ത്രി. രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ട. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നത് വളരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമ്പോൾ രോഗികളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് കണ്ണൂർ ജില്ലയിലാണെന്ന് മുഖ്യമന്ത്രി. കണ്ണൂരിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും. കണ്ണൂരിൽ സമ്പർക്ക സാധ്യത സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടിയാണ്. അതുകൊണ്ട് അതീവ ശ്രദ്ധ വേണമെന്നും ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് അടക്കം പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കൽ, വാമനപുരം, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മേൽ, കുറ്റ‌്യാടി, വളയം, വടകര മുൻസിപ്പാലിറ്റി, കണ്ണൂർ കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട്, കാസർഗോഡ് ജില്ലയിലെ കുമ്പള, പാലക്കാട് ജില്ലയിലെ കൊപ്പം, ഒറ്റപ്പാലം, വാണിയംകുളം, ആനക്കര, അലനല്ലൂർ, കോട്ടോപ്പാടം എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.