തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കൊല്ലം ജില്ലയില്‍ 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍  16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍  9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍  3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍  2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ- 28, കുവൈത്ത്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലന്‍ഡ്‌-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

Read Also: ഇന്ത്യയിൽ ഒറ്റ ദിവസം 9,887 കോവിഡ് കേസുകൾ; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക്

രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരിച്ചു.

അതേസമയം, ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍  5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. 1029 പേരാണ് ഇനി ചികിത്സയിലുള്ളത്. 762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 1615 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 284 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also: കേരളത്തിൽ കോവിഡ് മരണം 15 ആയി; മരിച്ചത് മുൻ സന്തോഷ് ട്രോഫി താരം

കഴിഞ്ഞ 24 മണിക്കൂറിനിടെ 3903 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 81,517 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 77,517 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 20,769 സാംപിളുകള്‍ ശേഖരിച്ചതില്‍ 19,597 സാംപിളുകള്‍ നെഗറ്റീവ് ആയി. 5,510 റിപ്പീറ്റ് സാംപിള്‍ ഉള്‍പ്പെടെ ആകെ 1,07,796 സാംപിളുകളാണ് പരിശോധിച്ചത്.

ഇന്ന് 10 സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 138 ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.