5980 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; കേരളത്തിൽ മാത്രം രോഗവ്യാപനമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി

കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്ത് രോഗനിർണയ സംവിധാനങ്ങളിലുള്ള മികവാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  5745 പേർ രോഗമുക്തരായി. 18 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5457 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  386 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരിൽ 41 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്.  നിലവിൽ 64346 പേരാണ് സംസ്ഥാനത്ത് ചികിസ്തയിലുള്ളത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Read More: ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്; കുറവ് കാസർഗോട്ട്

ജനുവരി അവസാനം കോവിഡ് കേസുകളുടെ എണ്ണം കൂടുതലായിരുന്ന അവസ്ഥയിൽ മാറ്റം വന്നതായി മുഖ്യമന്ത്രി പറഞ്ഞു. “ഒക്ടോബറിലുണ്ടായ പീക്ക് കഴിഞ്ഞാൽ ഈ അടുത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം ചികിത്സയിലുണ്ടായിരുന്നത് ജനുവരി 24നായിരുന്നു. അന്ന് 72891 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. അതിൽ നിന്നും രോഗികളുടെ എണ്ണം ഫെബ്രുവരി 7 ആയപ്പോഴേക്കും 67650 ആയി കുറഞ്ഞു.കേസുകൾ കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. എന്നാലും സ്ഥിതി ഗൗരവമുള്ളതാണ്,”  അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മാത്രം രോഗവ്യാപനമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി

രാജ്യത്ത് നിലവിൽ കേരളത്തിൽ മാത്രമാണ് കോവിഡ് രോഗവ്യാപനമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗവ്യാപനമുണ്ടായാൽ അത് കാരണമുള്ള മരണങ്ങളും ആശുപത്രി ചികിസ്തയും വർധിക്കുന്ന സാഹചര്യമുണ്ടാവും. അതിനാൽ രോഗവ്യാപനം കഴിവിന്റെ പരമാവധി കുറയ്ക്കുക എന്ന നിലപാടാണ് ആരോഗ്യ കാര്യത്തിൽ മുൻപന്തിയിലുള്ള മിക്ക പ്രദേശങ്ങളും സ്വീകരിച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും രോഗം പെട്ടെന്ന് കടന്നുപോവുന്നതുകൊണ്ട് ഗുണമുണ്ടാകുമെന്ന് കരുതി രോഗം തടയാൻ ശ്രമിക്കാതിരുന്നതിനാൽ അതിന്റെ തിക്ത ഫലങ്ങൾ നേരിടേണ്ടി വന്ന അനുഭവം മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

“രോഗാണുവിന് ജനിതക വ്യതിയാനം സംഭവിക്കുമ്പോൾ ഒരു സമയം രോഗം വന്നിടത്ത് വീണ്ടും വിനാശകരമായി രോഗം വരാൻ സാധ്യതയുണ്ട്. അതിനാൽ രോഗം വരാതെ തടഞ്ഞു നിർത്തുക എന്നതാണ് ഏറ്റവും പലപ്രദമായ മാർഗം. ആ മാർഗമാണ് കേരളം ആദ്യം മുതൽ സ്വീകരിച്ചത്.”

“മറ്റൊരു പ്രധാനകാര്യം, ഐസിഎംആർ പഠന ഫലങ്ങളാണ്. ഒരു സമൂഹത്തിൽ അസുഖം വന്നു മാറിിയവരുടെ എണ്ണം കണക്കാക്കുന്നതാണ് പഠനം. ഈ പഠനം ഡിസംബറിൽ നടത്തിയിരുന്നു. 2020 ഡിസംബറിലെ സർവേ ഫലം പറയുന്നത് രാജ്യമൊട്ടാകെ ആയിരത്തിൽ 220 പേർക്ക് രോഗം വന്നു പോയി എന്നാണ്. എന്നാൽ കേരളത്തിൽ 116 പേർക്കാണ് കോവിഡ് വന്നു പോയത്. ദേശീയ ശരാശരിയുടെ ഏകദേശം പകുതി ആളുകൾക്ക് മാത്രമാണ് കേരളത്തിൽ രോഗം വന്നതെന്നാണ് ആ സർവേ ഫലം കാണിക്കുന്നത്. ഈ സർവേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനമുണ്ടായത് ഐസിഎംആർ കേരളത്തിൽ പഠനം നടത്തിയ ജില്ലകളാണ്. രാജ്യത്തെ മറ്റിടങ്ങളോട് താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് കുറഞ്ഞ രോഗവ്യാപനമെന്ന് കാണാം. ” മുഖ്യമന്ത്രി പറഞ്ഞു.

കുറഞ്ഞ രോഗവ്യാപനമുള്ളിടത്തുനിന്ന് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്ത് രോഗനിർണയ സംവിധാനങ്ങളിലുള്ള മികവാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റുകൾ വർധിപ്പിച്ചു; പോസിറ്റീവ് കേസുകളിൽ ആനുപാതിക വർധനവില്ലെന്ന് മുഖ്യമന്ത്രി

ടെസ്റ്റുകൾ സംസ്ഥാനത്ത് വർധിപ്പിച്ചതായും എന്നാൽ ആനുപാതികമായി കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ” ഒരു ദിവസം 90,000 ടെസ്റ്റുകൾ വരെ ചെയ്യുന്ന ചില ദിവസങ്ങളുണ്ടായിരുന്നു.  ആർടിപിസിആർ ടെസ്റ്റുകൾ നേരത്തെ ഏതാണ്ട് 24 ശതമാനമായിരുന്നു. ഇപ്പോൾ പല ജില്ലകളിലും ഇതിനോടകം 45 ശതമാനം വരെ ഉയർന്നിട്ടുണ്ട്. എങ്കിലും ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി ഉയർത്താനും അതിൽ ആർടിപിസിആർ ടെസ്റ്റ് 75 ശതമാനത്തിലേക്കുയർത്താനും ആവശ്യമായ പ്രവർത്തനങ്ങൾ ഓരോ ജില്ലയിലും പുരോഗമിക്കുന്നുണ്ട്. കലക്ടർമാരുടെ നേതൃത്വത്തി കോവിഡ് വാര്യേഴ്സിനെ നിയോഗിച്ചിട്ടുണ്ട്.”

“ടെസ്റ്റുകളുടെ എണ്ണം ഉയർന്നെങ്കിലും അതിന് ആനുപാതികമായി കൂടുതൽ പോസിറ്റീവ് കേസുകൾ കാണുന്നില്ല. വിട്ടുപോയേക്കാവുന്ന ചില കേസുകൾ കൂടി കണ്ടെത്താൻ പുതിയ ടെസ്റ്റിങ് സ്ട്രാറ്റജി സഹയാക്കുമെന്നാണ് കരുതുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,94,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • എറണാകുളം 811,
 • കൊല്ലം 689,
 • കോഴിക്കോട് 652,
 • കോട്ടയം 575,
 • പത്തനംതിട്ട 571,
 • തൃശൂര്‍ 540,
 • തിരുവനന്തപുരം 455
 • മലപ്പുറം 421
 • ആലപ്പുഴ 411,
 • കണ്ണൂര്‍ 213,
 • വയനാട് 201,
 • പാലക്കാട് 191,
 • ഇടുക്കി 179,
 • കാസര്‍ഗോഡ് 71

5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 748, കൊല്ലം 677, കോഴിക്കോട് 622, കോട്ടയം 535, പത്തനംതിട്ട 514, തൃശൂര്‍ 524, തിരുവനന്തപുരം 320, മലപ്പുറം 395, ആലപ്പുഴ 405, കണ്ണൂര്‍ 188, വയനാട് 195, പാലക്കാട് 109, ഇടുക്കി 163, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, കൊല്ലം 4, തൃശൂര്‍, പാലക്കാട് 3 വീതം, എറണാകുളം, വയനാട് 2 വീതം, ഇടുക്കി, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

5745 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 738, പത്തനംതിട്ട 417, ആലപ്പുഴ 394, കോട്ടയം 234, ഇടുക്കി 385, എറണാകുളം 766, തൃശൂര്‍ 440, പാലക്കാട് 196, മലപ്പുറം 318, കോഴിക്കോട് 829, വയനാട് 315, കണ്ണൂര്‍ 277, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,14,847 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

2,34,767 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,34,767 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,24,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,389 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1178 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

11 ഹോട്ട്സ്പോട്ടുകൾ

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update with stats

Next Story
എം.സി.കമറുദ്ദീൻ ജയിൽ മോചിതനാകും; എല്ലാ കേസിലും ജാമ്യംKhamarudheen
The moderation of comments is automated and not cleared manually by malayalam.indianexpress.com