വയനാട് ജില്ലയിൽ സ്ഥിതി ആശങ്കാജനകം, തിരുവനന്തപുരത്ത് സമ്പർക്ക ബാധിതർ മുന്നൂറിലധികം

1,162 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്

Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്  കൂടുതൽ ജില്ലകളിൽ സ്ഥിതി ആശങ്കാജനകമായിക്കൊണ്ടിരിക്കുകയാണ്. പുതുതായി 1310 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇത് വ്യാഴാഴ്ച ഉച്ച മുതലുള്ള കണക്കാണ്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം 425 പേർക്കും ഇന്ന് 885 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വയനാട് ജില്ലയിൽ ആശങ്ക വർധിക്കുന്നുണ്ട്. ജില്ലയിൽ പുതുതായി 124 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 101 പേർ വാളാട് പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ നിന്നുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

തിരുവനന്തപുരത്ത് പുതുതായി 320 പേർക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചമുതലുള്ള കണക്കാണിത്. തലസ്ഥാന ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 311 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. എറണാകുളം പത്തനംതിട്ട ജില്ലകളിലും പുതുതായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം നൂറിലധികമാണ്.

Kerala Covid-19 Wrap:  സംസ്ഥാനത്ത് പുതുതായി 1310 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചമുതൽ ഇന്ന് വൈകിട്ട് വരയൊണ് ഇത്രയും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് വ്യാഴാഴ്ച പൂർണമായ കണക്കുകളായിരുന്നു സർക്കാർ പുറത്തുവിട്ടത്. തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ഇന്നലെ ലഭിക്കാൻ ബാക്കിയായിരുന്നത്.

വ്യാഴാഴ്ച ഉച്ചക്ക് ശേഷം 425 പേർക്കും ഇന്ന് 885 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 10,495 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പുതുതായി കോവിഡ് സ്ഥിരീകരിച്ചവർ

തിരുവനന്തപുരം-320
എറണാകുളം-132
പത്തനംതിട്ട-130
വയനാട്-124
കോട്ടയം-89
കോഴിക്കോട്-84
പാലക്കാട്-83
മലപ്പുറം-75
തൃശൂര്‍-60
ഇടുക്കി-59
കൊല്ലം-53
കാസര്‍ഗോഡ്-52
ആലപ്പുഴ-35
കണ്ണൂര്‍-14

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം-311
പത്തനംതിട്ട-127
വയനാട്-124
എറണാകുളം-109
കോട്ടയം-85
കോഴിക്കോട്-75
പാലക്കാട്-65
മലപ്പുറം-63
തൃശൂര്‍-48
കാസര്‍ഗോഡ്-48
കൊല്ലം-44
ഇടുക്കി-30
ആലപ്പുഴ-29
കണ്ണൂര്‍- 4

രോഗമുക്തി നേടിയവർ

കാസര്‍ഗോഡ്-129
തിരുവനന്തപുരം-114
പാലക്കാട്-111
കൊല്ലം-94
കോഴിക്കോട്-75
എറണാകുളം- 66
കോട്ടയം-65
ഇടുക്കി-45
പത്തനംതിട്ട-44
കണ്ണൂര്‍- 41
തൃശൂര്‍- 27
ആലപ്പുഴ- 25
വയനാട്- 19
മലപ്പുറം-9

1,43,323 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 22,279 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,23,227 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2645 പേരുടെ ഫലം വരാനുണ്ട്.

14 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂര്‍ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് (7), കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് (14), പേരാമ്പ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (5), ഐക്കരനാട് (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (12, 14), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 498 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

വയനാട് ജില്ലയിൽ സമ്പർക്ക ബാധിതർ നൂറിലധികം

വയനാട് ജില്ലയില്‍ പുതുതായി 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. I24 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. വാളാട് സ്വദേശികളാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 101 പേർ. നേരത്തേ പ്രദേശത്ത് രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ് ഇവർ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതില്‍ 313 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 300 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് മരണനിരക്കില്‍ ഇറ്റലിയെ പിന്തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് മരണ സംഖ്യയിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 പേരാണ് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയി. ഇറ്റലിയില്‍ ഇതുവരെ 35,132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാന് കോവിഡ്

നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാന് കോവിഡ്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ഗണ്‍മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചവരെ ഇയാൾ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. പനിയോ മറ്റേതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ഗണ്‍മാന് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിലെ ജീവനക്കാരുടെയും സ്രവപരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് വീണ്ടും ആത്മഹത്യ; കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ തൂങ്ങിമരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ സ്വദേശി ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പത്തിയെട്ടുവയസായിരുന്നു. വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. സംഭവത്തെക്കുറിച്ച് ജനറല്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. വൈകുന്നേരം പരിശോധനകള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ മുറിയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ സ്രവം കോവിഡ് പരിശോധനകള്‍ക്കായി ശേഖരിച്ചിരുന്നു.

കോവിഡ് രോഗിയുടെ നില അതീവ ഗുരുതരം

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈറസ് ബാധിതനായി ചികിത്സയിലുള്ള പെരുവള്ളൂർ സ്വദേശി (82) യുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അൽഷിമേഴ്‌സ് രോഗത്തിനും തുടർച്ചയായി മരുന്ന് കഴിക്കുന്ന ഇയാൾ ശക്തമായ ശ്വാസംമുട്ട് മൂലം ജൂലൈ 29നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ഐസിയുവിൽ അഡ്മിറ്റായത്. അന്ന് തന്നെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് 19 ഐസിയുവിലേക്ക് മാറ്റി.

ക്രിട്ടിക്കൽ കെയർ ടീം നടത്തിയ പരിശോധനയിൽ രോഗിക്ക് കോവിഡ് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം, സെപ്റ്റിസീമിയ, അക്യൂട്ട് റീനൽ ഫെയ്ലിയർ എന്നിവ കണ്ടെത്തി പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിച്ചു. രോഗിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം പ്ലാസ്മ തെറാപ്പിയും നൽകി. രാത്രി 11 മണിക്ക് ആരോഗ്യനില വീണ്ടും വഷളായതിനാൽ ഇൻടുബേറ്റ് ചെയ്യുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. രോഗിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നും ഇപ്പോള്‍ വിദഗ്ധ ചികിത്സ നല്‍കിവരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും പേരമക്കളുമടക്കം പത്ത് പേർ കോവിഡ് പോസിറ്റീവായി മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്.

ആരോഗ്യ പ്രവർത്തകർക്ക് യഥാസമയം ശമ്പളം നൽകണം; കേന്ദ്രത്തോട് സുപ്രീം കോടതി

കോവിഡ് -19 പോരാട്ടത്തിന്റെ മുൻനിരയിലുള്ള ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ശമ്പളം കൃത്യസമയത്ത് നൽകുന്നത് ഉറപ്പാക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച കേന്ദ്രത്തിന് നിർദേശം നൽകി. നിർദ്ദേശത്തിന് മറുപടിയായി, അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണെന്ന് കേന്ദ്രം ഉന്നയിച്ചപ്പോൾ, 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

“നിങ്ങൾ നിസ്സഹായരല്ല. നിങ്ങളുടെ ഉത്തരവുകൾ‌ നടപ്പിലാക്കുന്നുണ്ടോ നിങ്ങൾ‌ നിരീക്ഷിക്കേണ്ടതുണ്ട്. ഡിഎം നിയമപ്രകാരം നിങ്ങൾക്ക് അധികാരമുണ്ട്. നിങ്ങൾക്ക് നടപടികളും സ്വീകരിക്കാം,” കേന്ദ്രത്തിന്റെ നിലപാടിൽ അസംതൃപ്തി അറിയിച്ചുകൊണ്ട് ജസ്റ്റിസ് എം ആർ ഷാ പറഞ്ഞു

സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കേന്ദ്രം വാദിച്ചിരുന്നുവെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര, ത്രിപുര, കർണാടക എന്നീ നാല് സംസ്ഥാനങ്ങൾ ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ആലുവ എടയപ്പുറം മല്ലിശേരി സ്വദേശി എം.പി അഷറഫ്(53) ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരിച്ചത്.

തൃശൂർ ശക്തൻ മാർക്കറ്റിൽ എട്ട് പേർക്ക് കോവിഡ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുകയാണ്. ഇന്നലെ 506 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് പറയുമ്പോഴും അത് ഉച്ചവരെയുള്ള കണക്ക് മാത്രമാണെന്നതും ശ്രദ്ധേയമാണ്. തലസ്ഥാന ജില്ലയ്ക്ക് പുറമെ കൂടുതൽ ജില്ലകളും കോവിഡ് സമൂഹ വ്യാപനത്തിന്റെ ഭീഷണിയിലാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തൃശൂരിൽ രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇന്നലെ ശക്തൻ മാർക്കറ്റിൽ നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ എട്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 349 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് എട്ട് പേർക്ക് രോഗം കണ്ടെത്താനായത്.

ചുമട്ടുതൊഴിലാളി, കൂൾബാർ നടത്തിപ്പുകാരൻ എന്നിവർക്കൊപ്പം വിവിധ കടകളിലെ ജോലിക്കാരിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരോട് ക്വാറന്റൈനിൽ പോകാൻ ജില്ല ഭരണകൂടവും ആരോഗ്യ പ്രവർത്തകരും നിർദേശിച്ചിട്ടുണ്ട്. അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശക്തൻ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.

ജില്ലയിലെ ക്ലസ്റ്ററുകളില്‍ രോഗ വ്യാപനം തുടരുകയാണ്. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് രണ്ട് വയസ്സുള്ള പോര്‍ക്കുളം സ്വദേശിയായ കുഞ്ഞുള്‍പ്പടെ 15 പേര്‍ക്കും കെഎസ്ഇ ക്ലസ്റ്ററില്‍ 12 പേര്‍ക്കും കെഎല്‍എഫ് ക്ലസ്റ്ററിലെ ഏഴ് പേര്‍ക്കും ചാലക്കുടി ക്ലസ്റ്ററില്‍ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 83 പേരില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Also Read: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

തിരുവനന്തപുരത്ത് തീരദേശ ക്ലസ്റ്ററിന് പുറത്തേക്ക് രോഗവ്യാപനം; കൊല്ലം കലക്ടർ സ്വയംനിരീക്ഷണത്തിൽ

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തും സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുന്നത് പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുന്നത്. അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂർ, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ്രദേശങ്ങളിലാണ് ആശങ്ക.

അതേസമയം കൊല്ലം കലക്ടര്‍ ബി.അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് 19 രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുളള വ്യക്തി ഓഫീസ് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ സ്വയം വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചത്.

എറണാകുളത്ത് 132 പേർക്ക് കോവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി പേർക്ക് രോഗം സ്ഥിരീകരിച്ചവർ 109 പേരാണ്. ഇന്ന് 66 പേർ രോഗ മുക്തി നേടി. ഇന്ന് 494 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 666 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു

കോഴിക്കോട്ട് 72 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 84 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 72 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. നാല് പേരുടെ രോഗ ഉറവിടം അറിയില്ല.

വിദേശത്ത് നിന്ന് എത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 06 പേർക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിൽ 33 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ.

വടകര, ചെക്യാട്, നാദാപുരം, പയ്യോളി, മുക്കം, പുറമ്മേരി, കുറ്റ്യാടി, തിരുവള്ളൂര്‍, ചങ്ങരോത്ത്, അത്തോളി, ഉണ്ണിക്കുളം, ചേളന്നൂര്‍, നരിക്കുനി, കൂടരഞ്ഞി, പുതുപ്പാടി എന്നിവടങ്ങളിലും സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷനിൽ കല്ലായിയിലും 61,34 ഡിവിഷനുകളിലും സമ്പർക്കമറിയാത്ത രോഗബാധ റിപ്പോർട്ട് ചെയ്തു. കൂടരഞ്ഞിയിലും ഒരാൾക്ക് സമ്പർക്കമറിയാത്ത രോഗബാധയുണ്ട്.

മലപ്പുറത്ത് 75 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ 75 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 63 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്നലെ ഒമ്പത് പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,333 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കാസർഗോട്ട് 52 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത എട്ട് പേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന രണ്ട്‌പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന മൂന്നു പേര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി.

പ്രത്യേക ബസ് സർവീസുകൾ

കാസർഗോട് ജില്ലയിൽ നിന്ന് കർണാടക മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാൻ പോകുന്ന കുട്ടികൾക്കായി ആഗസ്റ്റ് ഒന്നിന് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും. രാവിലെ 5 30 ന് കാഞ്ഞങ്ങാട് നിന്ന് ഒരു ബസ് കെ എസ് ടി പി റോഡ് വഴി ചന്ദ്രഗിരി പാലത്തിലൂടെ യും ഒരു ബസ്സ് ദേശീയപാത മാവുങ്കാൽ വഴിയും സർവീസ് നടത്തും കാസർഗോഡ് നിന്ന് അഞ്ചു ബസ് സർവീസ് നടത്തും.

കണ്ണൂരിൽ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ ജില്ലയിൽ സമ്പര്‍ക്കം മൂലം പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ശ്രീകണ്ഠാപുരം 21, ചെറുതാഴം 9, കടന്നപ്പള്ളി പാണപ്പുഴ 1, നാറാത്ത് 13, ചിറക്കല്‍ 11, 20, കുഞ്ഞിമംഗലം 9, എരമം കുറ്റൂര്‍ 10, പയ്യന്നൂര്‍ 8, പെരിങ്ങോം വയക്കര 12, വളപട്ടണം 5, 8 എന്നീ വാര്‍ഡുകളാണ് പൂര്‍ണമായി അടച്ചിടുക. പുറത്തുനിന്നെത്തിയയാള്‍ക്ക് കൊവിഡ് ബാധയുണ്ടായ ഏഴോം പഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണിള്‍ ഉള്‍പ്പെടുക.

ഇന്ത്യയിലെ കണക്കുകൾ

ഇന്ത്യയിൽ ഇന്നലെ മാത്രം അരലക്ഷത്തിലധികം (52123) പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 16 ലക്ഷം പിന്നിട്ടു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 9,88,029 ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്നലെ 775 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്, ഇതോടെ മരണസംഖ്യ 34,968 ആയി. ഇന്ത്യയിൽ മരണനിരക്ക് 2.23 ശതമാനമാണെങ്കിൽ ആഗോളതലത്തിൽ ഇത് 4 ശതമാനമാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update thiruvananthapuram thrissur ernakulam affected and death toll

Next Story
ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala weather, കാലാവസ്ഥ, Kerala weather report, 2019 May 18, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
The moderation of comments is automated and not cleared manually by malayalam.indianexpress.com