scorecardresearch

5610 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാഴ്ചക്കിടെ അഞ്ച് ശതമാനത്തോളം കേസുകൾ കുറഞ്ഞെന്ന് മുഖ്യമന്ത്രി

350 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

5610 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാഴ്ചക്കിടെ അഞ്ച് ശതമാനത്തോളം കേസുകൾ കുറഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5131 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 350 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 22 പേർ ആരോഗ്യപ്രവർത്തകരാണ്. 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

6653 പേർ രോഗമുക്തി നേടി. ഇന്ന് 19 പേരുടെ മരണം കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു. 67795 പേരാണ് നിലവിൽ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിച്ചിട്ടുണ്ട്. 91931 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

കേസുകൾ കുറഞ്ഞു; ടെസ്റ്റുകളിൽ വർധന

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഏകദേശം അഞ്ച് ശതമാനം കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ടെന്നും പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഫെബ്രുവരി നാലാം തീയതി 68857 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഒരാഴ്ച മുൻപ് ജനുവരി 28ന് 72392 കേസുകളായിരുന്നു. ഏകദേശം അഞ്ച് ശതമാനം കേസുകൾ ഒരാഴ്ചകൊണ്ട് കുറഞ്ഞിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റിന്റെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി കോവിഡ് ടെസ്റ്റിനയച്ച സാമ്പിളുകളുടെ എണ്ണം 33579 ആയിരുന്നു. രണ്ടാം തീയതി 52940, മൂന്നിന് 59635, ഇന്നലെ 84,009, ഇന്ന് 91931 എന്നിങ്ങനെയാണ് പരിശോധന വർധിപ്പിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read More: കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനത്തിലും കുറവ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 687, കോഴിക്കോട് 688, മലപ്പുറം 577, പത്തനംതിട്ട 478, തൃശൂര്‍ 485, കോട്ടയം 421, തിരുവനന്തപുരം 332, കൊല്ലം 383, ആലപ്പുഴ 301, കണ്ണൂര്‍ 209, ഇടുക്കി 218, പാലക്കാട് 108, വയനാട് 154, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 416, കൊല്ലം 781, പത്തനംതിട്ട 467, ആലപ്പുഴ 594, കോട്ടയം 466, ഇടുക്കി 330, എറണാകുളം 802, തൃശൂര്‍ 494, പാലക്കാട് 203, മലപ്പുറം 538, കോഴിക്കോട് 809, വയനാട് 354, കണ്ണൂര്‍ 354, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

19 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3832 ആയി.

2,15,653 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,653 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,04,693 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,960 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1540 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

34 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 425 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പ്രതിരോധ പ്രവര്‍ത്തനം ശക്തമായതിനാലാണ് ഇനിയും ബാധിക്കാത്ത ആളുകള്‍ കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്ത ആളുകള്‍ കേരളത്തില്‍ ഇപ്പോഴുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച ജാഗ്രത കാണിച്ചതു കൊണ്ടാണ് രോഗം കേരളത്തില്‍ രോഗം മന്ദഗതിയില്‍ വ്യാപിച്ചത്. അതുകൊണ്ടുതന്നെ രോഗികളെ പരിപാലിക്കാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും മറ്റെവിടത്തെക്കാളും മരണനിരക്ക് കുറച്ച് നിര്‍ത്താനും നമുക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നില്ല എന്നത് നാം ഈ രംഗത്ത് കൂടുതല്‍ ഗൗരവത്തോടെ ഇടപെടണം എന്ന സന്ദേശമാണ് നല്‍കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി നിയന്ത്രണങ്ങളില്‍ അയവുകള്‍ വന്നത് കോവിഡ് ഭീഷണി അകന്നു എന്നതിന്‍റെ സൂചനയല്ലെന്നും പറഞ്ഞു.

“വാഹനങ്ങള്‍, ഓഫീസുകള്‍, വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങി അടച്ചുമൂടിയ, വേണ്ടത്ര വായു സഞ്ചാരമില്ലാത്ത ഇടങ്ങളിലാണ് കോവിഡ് വേഗത്തില്‍ ഒരാളില്‍നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത്. അതുകൊണ്ടുതന്നെ നിരത്തുകളില്‍ ഉള്ളതിനേക്കാള്‍ അത്തരം സ്ഥലങ്ങളിലാണ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്. പലരും തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്കുകള്‍ ധരിക്കുകയും, ഓഫീസുകളിലും മറ്റും ചെന്നാല്‍ മാസ്കുകള്‍ ഒഴിവാക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ആ അശ്രദ്ധ രോഗവ്യാപനം ക്ഷണിച്ചു വരുത്തും. സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ നടപടികള്‍ ശക്തമാക്കും” മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്കുള്ള വാക്സിനേഷൻ ഏതാനും ആഴ്ചകൾക്കുള്ളിൽ

ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അടുത്ത ആഴ്ചയോടു കൂടി മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നത് ആരംഭിക്കാന്‍ കഴിയും. മറ്റ് മുന്‍നിര പ്രവര്‍ത്തകരുടെ വാക്സിനേഷന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തികരിക്കാനും, അതുകഴിഞ്ഞു, പൊതുജനങ്ങളുടെ ഇടയില്‍ വാക്സിനേഷന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala numbers latest update stats

Best of Express