തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 880 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 1068 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 45 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  51 പേർ വിദേശത്ത് നിന്ന് എത്തിയവരും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 22 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 266
മലപ്പുറം – 261
എറണാകുളം – 121
ആലപ്പുഴ – 118
കോഴിക്കോട്- 93
പാലക്കാട് -81
കോട്ടയം – 76
കാസർഗോഡ് – 68
ഇടുക്കി – 42
കണ്ണൂർ – 31
പത്തനംതിട്ട – 19
തൃശൂർ – 19
വയനാട് – 12
കൊല്ലം – 5

കൂടുതൽ ഇളവുകൾ

തീരദേശ സോണുകളിൽ രോഗസാധ്യത കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെ പ്രവർത്തിക്കാം. എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്ററായിരുന്ന ആലുവയിൽ രോഗവ്യാപനം കുറയുന്നു. എന്നാൽ പശ്ചിമ കൊച്ചിയിലും ചെല്ലാനം മേഖലയിലും രോഗവ്യാപനം തുടരുന്നു.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും കോവിഡ്

വയനാട് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും കോവിഡ്. ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്ന എല്ലാ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു.

പ്രതിപക്ഷ നേതാവിന് മറുപടി

തുടക്കത്തിൽ മൂന്ന് ടെസ്റ്റുകൾ നെഗറ്റീവായതിന് ശേഷം മാത്രമാണ് ആളുകളെ വീട്ടിലേക്ക് അയച്ചിരുന്നു. ഇപ്പോൾ ഒരു ടെസ്റ്റ് നെഗറ്റീവായാൽ തന്നെ ആളുകളെ വീട്ടിലേക്ക് പറഞ്ഞു വിടുന്നു എന്നാണ് പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തൽ. അദ്ദേഹം ഒന്നും കാണുകയും കേൾക്കുകയും ചെയ്യുന്നില്ലെന്ന് തോന്നുന്നു. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം പുതിയ ഡിസ്ച്ചാർഡ് പോളിസി കൊണ്ടുവന്ന കാര്യം പത്രസമ്മേളനത്തിൽ തന്നെ വിശദമായി വ്യക്തമാക്കിയിരുന്നു.

ആ തീരുമാനത്തിന്റെ രേഖകൾ എല്ലാവർക്കും ലഭ്യമാണ്. എന്നിട്ടും എന്തോ പുതിയ കാര്യം കണ്ടുപിടിച്ച മട്ടിൽ സർക്കാരിനെതിരെ എത്തുന്നത്. സംസ്ഥാനത്ത് തുടക്കത്തിൽ രണ്ടും മൂന്നും ചിലപ്പോൾ അതിലധികം തവണയും ടെസ്റ്റ് നടത്തിയ ശേഷമാണ് ഡിസ്ച്ചാർജ് ചെയ്തത്. ഇംഗ്ലണ്ടിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ 22 തവണയാണ് ടെസ്റ്റ് നടത്തിയത്. മറ്റൊരു വീട്ടമ്മ 48 ദിവസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

കേരളത്തിന്റെ റിക്കവറി റേറ്റ് കുറയുന്നത് ഇക്കാരണത്താലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് പല സംസ്ഥാനങ്ങളിലും പത്ത് ദിവസങ്ങൾക്ക് ശേഷം രോഖലക്ഷണങ്ങൾ കുറഞ്ഞാൽ വീട്ടിലേക്ക് വിടുകയാണ്. എന്നാൽ കേരളത്തിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായാൽ മാത്രമാണ് ഡിസ്ച്ചാർജ് ചെയ്യുന്നത്. അത് ഇന്നലത്തെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതാണെന്നും അത് കേക്കാത്ത മട്ടിലാണ് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി.

ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കിൽ ഫലിക്കുമായിരുന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇക്കാര്യങ്ങളോക്കെ ആരാണ് അറിയാത്തതെന്നും സാധിക്കാത്തതെന്നും ആർക്കാണ് അറിയാൻ സാധിക്കാത്തതെന്നും ജനങ്ങൾക്ക് മനസിലാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.