തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 വ്യാപനം വർധിക്കുന്നു. ഇന്ന് പുതിയതായി 623 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. 196 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 432 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 37 പേരുടെ രോഗ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.  96 പേർ വിദേശത്ത് നിന്ന് എത്തിയവരും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. ഒമ്പത് ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 157
കാസർഗോഡ് – 74
എറണാകുളം – 72
കോഴിക്കോട്-64
പത്തനംതിട്ട – 64
ഇടുക്കി – 55
കണ്ണൂർ – 35
കോട്ടയം – 25
ആലപ്പുഴ – 20
പാലക്കാട് -19
മലപ്പുറം – 18
കൊല്ലം – 11
തൃശൂർ – 5
വയനാട് – 4

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 11
കൊല്ലം – 8
പത്തനംതിട്ട – 19
കോട്ടയം – 13
ഇടുക്കി – 3
എറണാകുളം – 1
തൃശൂർ – 1
പാലക്കാട് – 53
മലപ്പുറം – 44
കോഴിക്കോട് – 15
വയനാട് – 1
കണ്ണൂർ – 10
കാസർഗോഡ് – 17

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9553 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9553 ആയി. 4880 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,84,601 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,989 പേർ ആശുപത്രികളിലാണ്. ഇന്ന് 602 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പരിശോധനയ്ക്ക് അയച്ച 16,444 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 2,60,356 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,485 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 82,568 സാമ്പിളുകൾ പരിശോധിച്ചതിൽ 78415 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 234 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വ പരമായ പ്രവർത്തനമാണ് നടത്തുന്നത്. ഇതിനായുള്ള ചെലവുകൾക്ക് ഒരു തടസവുമുണ്ടാകരുതെന്നാണ് സർക്കാർ നിലപാട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ട് ഘടു പ്ലാൻ ഫണ്ടുകൾ നൽകി കഴിഞ്ഞു. അടുത്ത ഘഡു അടുത്തയാഴ്ച നൽകും. ക്വാറന്റൈൻ, റിവേഴ്സ് ക്വാറന്റൈൻ, കമ്മ്യൂണിറ്റി കിച്ചൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് ഡിപിസിയുടെ മുൻകൂർ അനുമതി ഇല്ലാതെ തന്നെ പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരത്തിൽ പ്രോജക്ടുകൾക്ക് വേണ്ടി ചെലവഴിക്കുന്ന പണത്തിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദനീയമായ തുക ജില്ല കലക്ടർമാർ വഴി ലഭിക്കും. ബാക്കിയുള്ള തുക പ്ലാൻ ഫണ്ടിൽ നിന്നും അധികമായി അനുവധിക്കും. ദുരിതാശ്വാസ നിധിയിൽ നിന്ന് അധികപണം ലഭിക്കുന്നതിനുള്ള നിർദേശവും ജില്ല ഭരണകൂടത്തിന് നൽകിയതായും മുഖ്യമന്ത്രി.

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക്

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി. ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യമാണ് മൂന്നാം ഘട്ടത്തിൽ ഉയർത്തുന്നത്.

കൊറോണ വൈറസ് രോഗികളിൽ 60 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതുകൊണ്ട് തന്നെ കോവിഡ് 19 വ്യാപനത്തിന്റെ ഈ ഘട്ടം ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ഒരു പ്രധാന മുന്നറിയിപ്പ് കൂടി നൽകുന്നു. ആരിൽ നിന്നും രോഗം പകരാം. ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മേഖലകളിൽ നിന്നെല്ലാം രോഗം പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരാളിൽ നിന്ന് രണ്ട് മീറ്റർ അകലം പാലിച്ച് സ്വയം സുരക്ഷ ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തിനുള്ളിൽ നിന്ന് മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും കോവിഡ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കണം.

ആൾക്കൂട്ടം ഒരു കാരണത്താലും അനുവദിക്കരുത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യയിലും മരണനിരക്ക് വർധിക്കുമ്പോൾ കേരളത്തിൽ അത് ഉയരാത്തത് നാം പുലർത്തുന്ന ജാഗ്രതകൊണ്ടാണെന്നും മുഖ്യമന്ത്രി. വിവിധ ജില്ലകളിൽ രോഗബാധ കൂടുതലുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.