തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 വ്യാപനം വർധിക്കുന്നു. ഇന്ന് പുതിയതായി 608 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. 181 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 396 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 26 പേരുടെ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 130 പേർ വിദേശത്ത് നിന്ന് എത്തിയവരും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ (ഐടിബിപി) 2 പേർക്കും രണ്ട് സിഎസ്എഫുകാർക്കും ഒരു ബിഎസ്എഫുകാർക്കും എട്ട് ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 201
എറണാകുളം – 70
മലപ്പുറം – 58
കോഴിക്കോട്-58
കാസർഗോഡ് – 44
തൃശൂർ – 42
ആലപ്പുഴ – 34
പാലക്കാട് -26
കോട്ടയം – 25
കൊല്ലം – 23
വയനാട് – 12
കണ്ണൂർ – 12
പത്തനംതിട്ട – 3

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 15
കൊല്ലം – 2
ആലപ്പുഴ – 17
കോട്ടയം – 5
തൃശൂർ – 9
പാലക്കാട് – 49
മലപ്പുറം – 9
കോഴിക്കോട് – 21
കണ്ണൂർ – 49
കാസർഗോഡ് – 5

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8,930 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8930 ആയി. 4454 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,80,594 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,376 പേർ ആശുപത്രികളിലാണ്. ഇന്ന് 720 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് പരിശോധനയ്ക്ക് അയച്ച 14,227 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 2,52,302 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,345 ഫലം ഇനിയും വരേണ്ടതുണ്ട്.

Read Also: ഇന്ത്യയുടേയും നേപ്പാളിന്റേയും സൈന്യങ്ങള്‍ ഭായി ഭായി ആയതെങ്ങനെ?

സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 79,729 സാമ്പിളുകൾ പരിശോധിച്ചതിൽ 7,75,338 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 227 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. യുദ്ധകാല അടിസ്ഥാനത്തിൽ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും റിവേഴ്സ് ക്വാറാന്റൈൻ സൗകര്യങ്ങളും ഒരുക്കുന്നതിന് ഈ ഓഫീസർമാർ സഹായം നൽകും.

തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ഇക്കൂട്ടത്തിൽ 19 ഉറവിടം അറിയാത്ത കേസുകളും ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ പല പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി.

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കോവിഡ്-19 സമൂഹവ്യാപന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “കേരളത്തിൽ മൂന്നാംഘട്ട രോഗവ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. വർഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. മാസങ്ങളായി അത്യധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം സഹകരിക്കണം. പലരും ഈ മഹാമാരിയെ ഗൗരവമായി കാണുന്നില്ല. പലയിടത്തും രോഗവ്യാപനം രൂക്ഷമാകാൻ കാരണം ആളുകളുടെ ജാഗ്രത കുറവാണ്” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് രോഗബാധയുണ്ടായതില്‍ 15ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത രണ്ടുപേരുമുണ്ട്. കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പാലമേല്‍, താമരക്കുളം, പുളിങ്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണുകളാണ്. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും വ്യാപകമായ കോവിഡ് പരിശോധനകളും നടത്തുന്നുണ്ട്.

Read Also: ശിവശങ്കറിനെതിരെ അന്വേഷണം; കടുത്ത നടപടികളെ തള്ളാതെ മുഖ്യമന്ത്രി

ആകെ 130 ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 209 സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞു. പോസിറ്റീവ് ആയവരെ ആശുപത്രിയിലേക്ക് മാറ്റുകയും നെഗറ്റീവ് ആയവരെ സുരക്ഷിതമായ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അലഞ്ഞ് തിരിയുന്നവര്‍, അഗതികള്‍, മാനസിക ദൗര്‍ബല്യമുള്ളവര്‍ എന്നിവരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൂണേരി ഗ്രാമപഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജാഗ്രതാപൂര്‍ണ്ണമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. രണ്ടു പേരില്‍നിന്ന്  53 പേര്‍ക്ക് രോഗബാധയുണ്ടായെന്നാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കി.

ഉപയോഗശൂന്യമായ മാസ്കുകളും കയ്യുറകളും അശ്രദ്ധമായി വലിച്ചെറിയുന്നതും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതും വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത ഇതുമൂലം വര്‍ധിക്കുകയാണ്. അതുകൊണ്ട്, ഉപയോഗശൂന്യമായ മാസ്കുകളും കയ്യുറകളും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്.  രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് (സ്പൊറാഡിക്) രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്റേഴ്സ്) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം എന്നിവയാണവ. കേരളം മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മലപ്പുറത്തും തിരുവനന്തപരത്തും മറ്റു പല ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, അടുത്ത ഘട്ടമായ സാമൂഹ്യവ്യാപനം തടയുന്നതിനായി നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Read Also: സ്വപ്‌നയുടെ കോൾ ലിസ്റ്റിൽ കെ.ടി.ജലീലും; സ്‌ക്രീൻഷോട്ട് പുറത്തുവിട്ട് മന്ത്രി

ഇതിനു മുന്‍പ് നമുക്ക് നേരിടേണ്ടി വന്ന നിപ രോഗബാധ ഏകദേശം ഒരു മാസമാണ് നീണ്ടുനിന്നത്. അത് നമുക്ക് വിജയകരമായി തരണം ചെയ്യാന്‍ കഴിഞ്ഞു. കോവിഡ് നിയന്ത്രണ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ആറുമാസത്തിലേറെയായി. ഇവിടെ മാത്രമല്ല,ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുതല്‍ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നാണ് ഒരു വിലയിരുത്തല്‍.

ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ടിവരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സ്വാഭാവികമായും ഒരു തളര്‍ച്ച ഉണ്ടാവുന്നുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളില്‍ ഉദാസീനമായ സമീപനം നാട്ടുകാരില്‍ ചിലരെങ്കിലും സ്വീകരിച്ചു വരുന്നുമുണ്ട്.  സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിച്ചുവരുന്നതിന്‍റെ പ്രധാന കാരണം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന അശ്രദ്ധകളാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോവുക എന്ന മാര്‍ഗമാണ് നമുക്കു മുന്നിലുള്ളത്.

കഴിഞ്ഞദിവസം പറഞ്ഞ കൂട്ടത്തില്‍ പ്രതിരോധരംഗത്ത് ഉണ്ടാകുന്ന മടുപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നത് പ്രദേശിക സര്‍ക്കാരുകളാണ്. അതത് പ്രദേശങ്ങളിലുള്ള ജനങ്ങള്‍ അതത് പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള നേതാക്കന്‍മാര്‍ അവിടെയുണ്ട്.

കോവിഡിന്‍റെ പകര്‍ച്ച വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. പഞ്ചായത്ത് കമ്മിറ്റികളും നഗരസഭകളും  ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തണം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം, ഐസിഡിഎസ്,  കുടുംബശ്രീ തുടങ്ങി പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരേയും പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കണം.

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യ പ്രകിയയുടെ ഏറ്റവും അടിസ്ഥാന യൂണിറ്റ് വാര്‍ഡുകളാണ് എന്നതിനാല്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമുള്ള പങ്ക് ഏറ്റവും നിര്‍ണ്ണായകമാണ്. നമ്മുടെ മെമ്പര്‍മാരും കൗണ്‍സിലര്‍മാരും അവരവരുടെ പ്രദേശത്ത് നിരന്തരമായി ഇടപെടേണ്ടതുണ്ട്. കോവിഡ് ബാധയുണ്ടാകാതിരിക്കുന്നതിനും അഥവാ ഉണ്ടായാല്‍ അത് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനും അവരുടെ ഇടപെടല്‍ നിര്‍ണായകമാണ്.

Read Also: കാലു കൊണ്ട് തുറക്കാവുന്ന ടാപ്പും ചെമ്പ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍

രോഗികള്‍ക്ക് വൈദ്യസഹായം എത്തിക്കുക, രോഗികളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള സൗകര്യമൊരുക്കുക,  സമൂഹത്തിലുള്ള ഭീതി അകറ്റുക, പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി അവബോധമുണ്ടാക്കുക, പ്രായാധിക്യമുള്ളവരെയും  ഇതര രോഗങ്ങളുള്ളവരെയും സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുക എന്നിവയ്ക്ക് തുടര്‍ന്നും മുന്‍ഗണന നല്‍കണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കല്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഇത്തരത്തിലുള്ള പ്രാദേശിക മാതൃകകള്‍ പങ്കുവെയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും വേണം. കേരളത്തിലെ  ജനകീയാസൂത്രണത്തിന്‍റെ ശക്തി നാം ഈ കാര്യത്തില്‍ ഉപയോഗിക്കണം.

ഐടിബിപി ജവാന്‍മാര്‍ക്ക് കോവിഡ് ബാധയുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഐടിബിപി ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. കേരളത്തിലെ ഐടിബിപി ക്യാമ്പുകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഐടിബിപി ഡയറക്ടര്‍ ജനറല്‍ ഉറപ്പുനല്‍കി.

Read Also: സമ്പത്തില്‍ എലോണ്‍ മസ്‌കിനെയും ഗൂഗിള്‍ ഉടമകളെയും മറികടന്ന് മുകേഷ് അംബാനി കുതിപ്പ് തുടരുന്നു

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുളള തീരദേശ മേഖലകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകള്‍ ജനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍ വിന്യസിച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സന്നദ്ധസേന പ്രവര്‍ത്തകര്‍ പൊലീസിനൊപ്പവും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പവും ജോലിചെയ്യുന്നുണ്ട്. ഇത്തരം പൊലീസ് വളണ്ടിയര്‍മാരുടെ സേവനം ഏകോപിപ്പിക്കുന്നതിന് ജില്ലകളില്‍ അഡീഷണല്‍ എസ്പിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. പോലീസ് വളണ്ടിയര്‍മാരുടെ സേവനം സംബന്ധിച്ച ദൈനംദിന റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍മാര്‍ എല്ലാദിവസവും പൊലീസ് ആസ്ഥാനത്ത് ലഭ്യമാക്കും.

മാസ്ക് ധരിക്കാത്ത 5338 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 13 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.