തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇന്ന് പുതിയതായി 1038 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന കണക്ക് ആയിരത്തിന് മുകളിൽ പോകുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 75 വയസുള്ള ഇടുക്കി സ്വദേശിയാണ് മരിച്ചത്. 272 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 785 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  87 പേർ വിദേശത്ത് നിന്ന് എത്തിയവരും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 226
കൊല്ലം – 133
ആലപ്പുഴ – 120
കാസർഗോഡ് – 101
എറണാകുളം – 92
മലപ്പുറം – 61
തൃശൂർ – 56
കോട്ടയം – 51
പത്തനംതിട്ട – 49
ഇടുക്കി – 43
കണ്ണൂർ – 43
പാലക്കാട് -34
കോഴിക്കോട്- 25
വയനാട് – 4

ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം – 9
കൊല്ലം – 13
പത്തനംതിട്ട – 38
ആലപ്പുഴ – 19
കോട്ടയം – 12
ഇടുക്കി – 1
എറണാകുളം – 18
തൃശൂർ – 31
പാലക്കാട് – 15
മലപ്പുറം – 52
കോഴിക്കോട് – 14
വയനാട് – 4
കാസർഗോഡ് – 43

ചികിത്സയിൽ 8818 പേർ

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആയി. 8818 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,59,777 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9031 പേർ ആശുപത്രികളിലാണ്. ഇന്ന് 1164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർധനവാണിത്. ഇന്ന് പരിശോധനയ്ക്ക് അയച്ച 20847 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 3,18,644 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8320 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 103951 സാമ്പിളുകൾ പരിശോധിച്ചതിൽ 99491 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 397 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

53 പേർ ഐസിയുവിൽ

നിലവിൽ ചികിത്സയിലുള്ള 8056 പേരിൽ 53 പേർ ഐസിയുവിലാണ്. 9 പേർ വെന്റിലേറ്ററിലും. കേരളത്തിൽ മരണനിരക്ക് 0.31 ശതമാനമാണ്. പ്രൈമറി കോൺടാക്ട് വഴി 86959 പേരെയും 37937 പേരെ സെക്കൻഡറി കോൺടാക്ട് വഴിയും കണ്ടെത്തി. നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ 65.16 ശതമാനം ആളുകൾക്കും അതാത് പ്രദേശങ്ങളിൽ നിന്ന് തന്നെ വൈറസ് ബാധയുണ്ടായതാണ്. തിരുവനന്തപുരത്ത് മാത്രം ഇത് 94.41 ശതമാനമാണ്.

കോവിഡ് ചികിത്സയ്ക്കായുള്ള കിടക്കകൾക്ക് പുറമെ 15975 കിടക്കകൾ കൂടി ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്. 4365 പേരാണ് നിലവിൽ ഇത്തരത്തിൽ ചികിത്സയിലുള്ളത്.

ആരോഗ്യപ്രവർത്തകർക്കായി…

ആരോഗ്യപ്രവർത്തകർക്കായി സംസ്ഥാനത്ത് 342000 എൻ95 മാസ്ക്കുകളും 386000 പിപിഇ കിറ്റുകളും 1610000 ത്രീ ലെയർ മാസ്ക്കുകളും 4030000 ഗ്ലൗസുകളും ലഭ്യമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. പുതിയതായി 80 വെന്റിലേറ്ററുകളാണ് വാങ്ങിയത്. കേന്ദ്ര സർക്കാരിൽ നിന്നും 270 വെന്റിലേറ്ററുകൾ ലഭിച്ചുവെന്നും 50 എണ്ണം പുതിയതായി ഇനിയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 6007 യൂണിറ്റ് ഓക്സിജനും ഏഴ് മെഡിക്കൽ കോളെജുകളിൽ ലിക്വിഡ് ഓക്സിജൻ സൗകര്യവുമുണ്ട്. 947 ആംബുലൻസുകളാണ് കോവിഡ് ആവശ്യത്തിനായി മാത്രം സംസ്ഥാനത്ത് ഓടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സാഹചര്യം നേരിടാൻ സജ്ജം

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടെലി മെഡിസിൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമാണ്. 50 മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണുള്ളത്. 19 യൂണിറ്റുകൾ കൂടി വരും ദിവസങ്ങളിൽ സജ്ജമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.