scorecardresearch
Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേർക്കുകൂടി കോവിഡ്; 40382 പേർ ചികിത്സയിൽ

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 3463 പേർ സമ്പർക്കരോഗികളാണ്. ഇവരിൽ തന്നെ 412 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 4125 പേർക്കുകൂടി കോവിഡ്; 40382 പേർ ചികിത്സയിൽ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് 4125 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 3007 പേർ രോഗമുക്തിയും നേടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40382 ആയി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 3463 പേർ സമ്പർക്കരോഗികളാണ്. ഇവരിൽ തന്നെ 412 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല. 87 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 38578 സാമ്പിളുകളാണ് പരിശോധിച്ചത്. കോവിഡ് ബാധിച്ച് 19 പേരുടെ മരണം ഇന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷം

കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതി വിശേഷത്തിലാണ് എത്തി നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് ഇന്നലെ വരെ ചികിത്സയിലുണ്ടായിരുന്നത് 39258 പേരായിരുന്നു. ഇതിൽ 7047 പേരും തിരുവനന്തപുരം ജില്ലയിലാണ്. ഏകദേശം 18 ശതമാനം. ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത 553 കോവിഡ് മരണങ്ങളിൽ 175ഉം തിരുവനന്തപുരത്താണ്, 32 ശതമാനത്തോളം.ഇന്ന് ജില്ലയിൽ 681 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 130ഉം ഉറവിടം അറിയാത്ത കേസുകളാണ്.

തിരുവനന്തപുരത്ത് സമരക്കാർ വൈറസിന് എളുപ്പം പകരാനുള്ള അവസരമൊരുക്കി കൊടുക്കുന്നു

ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടം ഉണ്ടാക്കികൊണ്ടുള്ള സമരങ്ങൾ. നിരന്തരം ഈ പ്രശ്നം ചൂണ്ടികാണിച്ചിട്ടും സമരം നടത്തുന്നവർ ഗൗരവകരമായ പരിഗണിക്കുന്നില്ല. കോവിഡിനൊപ്പം ജിവിക്കേണ്ട ഈ ഘട്ടത്തിൽ മുമ്പുണ്ടായിരുന്ന ജീവിതത്തെ നാം അടിമുടി മാറ്റിയിട്ടുണ്ട്. യോഗങ്ങൾ, വിദ്യാഭ്യാസം, വിവാഹം, കടകളുടെ പ്രവർത്തനം ഇങ്ങനെ എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ സഹായകമായ രീതിയിലാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നിയന്ത്രണങ്ങളെല്ലാം മറികടന്നാണ് പ്രതിപക്ഷ സംഘടനകൾ സമരങ്ങളെന്ന പേരിൽ ആൾക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ തകിടം മറിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇതിന്റെ ഫലമായി സമരങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥരും പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് നിർഭാഗ്യകരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമരങ്ങൾ തടയാൻ നിയുക്തരായ 101 പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരു ഡിവൈഎസ്‌പി, ഒരു ഇൻസ്‌പെക്ടർ, 12 സബ് ഇൻസ്‌പെക്ടർമാർ, 71 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, 8 സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164 പ്രൈമറി കോൺഡാക്ടാണുള്ളത്. 171 പേരാണ് നിരീക്ഷണത്തിൽ.

സഹപ്രവർത്തകർക്ക് അസുഃഖം ബാധിക്കുന്നതിനാൽ നിരവധി പൊലീസുകാർ ക്വാറന്റൈനിലാകുന്നു. കോവിഡ് പ്രതിരോധത്തിൽ ഇത് വെല്ലുവിളിയാണ്. കോവിഡ് പ്രൊട്ടോകോൾ പാലിക്കാതെയാണ് സമരങ്ങൾ. എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദിത്വത്തതോടെ പെരുമാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന് അക്ഷീണം പരിശ്രമിക്കുന്ന സേനയാണ് പൊലീസ്. അതിന് പ്രത്യുപകാരമായി അവർക്കിടയിൽ രോഗം പടർത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലായെന്ന് എല്ലാവരും തിരിച്ചറിയണം. ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനുകില്ല. എന്നാൽ പ്രതിഷേധിക്കുന്നവർ അത് സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തികൊണ്ട് ചെയ്യുന്നതിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്രമസമരം നടത്തിയാലെ മാധ്യമശ്രദ്ധ ലഭിക്കുവെന്നുള്ള ചിന്ത മാറിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുവെന്നും അദ്ദേഹം പറഞ്ഞു. ആത്മപരിശോധനയ്ക്ക് തയ്യാറാകണം. നമ്മുടെ സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കുകയും അതിന് ആവശ്യമായ ജാഗ്രത സ്വീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി.

മറ്റ് ജില്ലകളിലൂടെ

കൊല്ലം ജില്ലയിൽ 347 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിൽ നിലവിലുള്ള 11 ആക്ടിവ് ക്ലസ്റ്ററുകളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പന്തളം കടക്കാവ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററിലാണ്. ശവസംസ്കാരം ചടങ്ങുകളിൽ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തതിനാൽ സമ്പർക്ക രോഗവ്യാപനം വർധിക്കുന്നു. ആലപ്പുഴയിലും കോട്ടയത്തും വിവിധ ക്ലസ്റ്ററുകളിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നത് വെല്ലുവിളിയാണ്.

എറണാകുളം ജില്ലയിൽ പ്രതിദിന കണക്കിൽ 10-20 ശതമാനം വരെ വർധനയുണ്ടാകുമെന്ന് വിലയിരുത്തൽ. ഓണം ആഘോഷങ്ങളോട് അനുബന്ധിച്ച സമ്പർക്ക വ്യാപനതോത് വർധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച നല്ലൊരു പങ്കും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും മുഖ്യമന്ത്രി. കോഴിക്കോട് ജില്ലയിൽ തീരപ്രദേശങ്ങളിൽ രോഗവ്യാപനം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കപ്പക്കൽ വാർഡിൽ മാത്രം 107 പേർ കോവിഡ് പൊസീറ്റിവായി.

കണ്ണൂരിലെ 11 ക്ലസ്റ്ററുകളിൽ രോഗബാധ പൂർണമായും നിയന്ത്രിക്കാൻ സാധിച്ചു. എട്ട് ആക്ടീവ് ക്ലസ്റ്ററുകളാണുള്ളത്. ജില്ലാ ആശുപത്രിയിലെ 11 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവിടുത്തെ ഓഫീസുകൾ താൽക്കാലികമായി അടച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala numbers latest update affected death toll