തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 4538 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 3997 പേരും സമ്പർക്ക രോഗികളാണ്. ഉറവിടം അറിയാത്ത 249 കേസുകളും റിപ്പോർട്ട് ചെയ്തു. 57789 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. 3347 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പരിശോധനകളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇന്ന് കേസുകളുടെ എണ്ണവും കുറയാൻ കാരണം. 360027 സാമ്പിളുകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ച. കഴിഞ്ഞ ദിവസങ്ങളിൽ ഇത് അമ്പതിനായിരത്തിനും മുകളിലായിരുന്നു.
സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ ദിവസം മുതൽ ഇന്നുവരെ ആകെ 179922 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നലവിൽ 57879 പേർ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ കോവിഡ് ചികിത്സയിലുണ്ട്. ഇത്രയും നാൾ രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നതിൽ നാം ബഹുദൂരം മുന്നിലായിരുന്നു. ഇപ്പോൾ അതിന് ഇളക്കം സംഭവിച്ചു. ശരാശരി 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി.
ഇന്ന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകന യോഗത്തിൽ ചർച്ച ചെയ്തു. കേസ് പെർ മില്ല്യൺ 5143 ആയി കേരളത്തിൽ. ഇന്ത്യൻ ശരാശരി 5882 ആണ്. ഫെർറ്റാലിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാൾ മെച്ചപ്പെട്ട രീതിയിൽ പടിച്ചുനിർത്താൻ സംസ്ഥാനത്തിന് ആകുന്നുണ്ട്. ദേശീയ ശരാശരി 1.6 ശതമാനമാണെങ്കിൽ കേരളത്തിൽ 0.4 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. രോഗവ്യാപനം തടഞ്ഞാൽ മാത്രമേ മരണവും നിയന്ത്രിക്കാനുകുവെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ ദിവസത്തിനിടയിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.