തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇന്ന് 5376 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 42782 ആയതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2591 പേർ രോഗമുക്തരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 4424 പേരും സമ്പർക്കരോഗികളാണ്. ഇവരിൽ 640 പേരുടെ രോഗഉറവിടവും വ്യക്തമല്ല. രോഗബാധിതരിൽ 99 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 20 മരണങ്ങളും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതേസമയം പരിശോധനകളുടെ എണ്ണം അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 51200 സാമ്പിളുകളാണ് പരിശോധിച്ചത്.

Read More: ആറ് ജില്ലകളിൽ അഞ്ഞൂറിലധികം പുതിയ രോഗികൾ; രോഗ ഉറവിടം അറിയാത്തവർ 640

കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവ് തിരുവനന്തപുരം ജില്ലയിൽ തുടരുന്നു. രോഗം സ്ഥിരീകരിക്കുന്നവരിൽ പത്ത് വയസിന് താഴേയുള്ളവരും അറുപത് വയസിന് മുകളിലുള്ളവരും കൂടുതലാണ്. രോഗഉറവിടം അറിയാത്തവരുടെ എണ്ണവും വർധിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് 852 പേർക്കാണ് ജില്ലയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഹോം ക്വാറന്റൈൻ അനുവദിച്ചിട്ടുണ്ട്. വീടുകളിൽ സൗകര്യമുള്ള ചിലർ ഇതിന് തയ്യാറാകുന്നില്ല എന്ന പ്രശ്നം നിലനിൽക്കുന്നു. അനാവശ്യമായ ഭീതിയാണ് ഇതിന് കാരണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് ഹോം ഐസൊലേഷനിൽ തുടരാം. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ വീട്ടുകരും നാട്ടുകാരും നിർബന്ധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

ഹോം ഐസൊലേഷനിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാമെന്നും ചികിത്സ സൗകര്യങ്ങൾ രോഗലക്ഷണങ്ങളുള്ളവർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും പ്രയോജനപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് വിവിധ ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം- 822 എറണാകുളം 587, കൊല്ലം, കോഴിക്കോട് 495 വീതം, മലപ്പുറം 485, തൃശൂര്‍ 465, ആലപ്പുഴ 450, കണ്ണൂര്‍ 323, പാലക്കാട് 271, കോട്ടയം 256, പത്തനംതിട്ട 174, കാസര്‍ഗോഡ് 125, ഇടുക്കി 61, വയനാട് 55 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,04,682 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം 321, കൊല്ലം 152, പത്തനംതിട്ട 127, ആലപ്പുഴ 167, കോട്ടയം 275, ഇടുക്കി 55, എറണാകുളം 254, തൃശൂര്‍ 180, പാലക്കാട് 150, മലപ്പുറം 372, കോഴിക്കോട് 427, വയനാട് 27, കണ്ണൂര്‍ 142, കാസര്‍ഗോഡ് 302 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.